ആലപ്പുഴ: ഒരിടവേളയ്ക്ക് ശേഷം മത്സ്യബന്ധന മേഖല സജീവമായതോടെ ഐസ് നിർമ്മാണ ഫാക്ടറികൾ ഉണർവിൽ. കടപ്പുറത്ത് മീൻ ലഭ്യത കുറഞ്ഞതും ലോക്ക് ഡൗണും കാരണം അടച്ചു പൂട്ടലിന്റെ വക്കിലായിരുന്നു മിക്ക ഐസ് ഫാക്ടറികളും.ജില്ലയിൽ ഏറ്റവും കൂടുതൽ ഐസ് ഫാക്ടറികൾ പ്രവർത്തിക്കുന്നത് അമ്പലപ്പുഴയിലാണ്. പുറക്കാട്,പഴയങ്ങാടി,വളഞ്ഞവഴി എന്നിവിടങ്ങളിലാണ് ഇവയിൽ കൂടുതലും.
മീൻ കേടു കൂടാതാതിരിക്കുവാൻ ഐസുമായി ഇടകലർത്തി ഇൻസുലേറ്റഡ് ബോക്‌സുകളിൽ സൂക്ഷിക്കണം. എന്നാൽ ലോക്ക് ഡൗൺ,മത്സ്യലഭ്യതക്കുറവ് തുടങ്ങിയവ കാരണം തൊഴിലാളികൾ മത്സ്യബന്ധനത്തിന് ഇറങ്ങുന്നത് കുറഞ്ഞിരുന്നു. കടലിൽ പോയവർക്കാകട്ടെ കാര്യമായ കോളും ലഭിച്ചിരുന്നില്ല. മറ്റ് ജില്ലകളിൽ നിന്നും അന്യ സംസ്ഥാനത്തിൽ നിന്നുമാണ് ഈ കാലയളവിൽ ജില്ലയിലേക്ക് മീൻ എത്തിയിരുന്നത്. ഇതോടെ ഇവിടെയുള്ള ഐസ് ഫാക്ടറികളുടെ വരുമാനവും നിലച്ചു. ഇപ്പോൾ ജില്ലുടെ തീരങ്ങളിൽ മീൻ ലഭ്യത വർദ്ധിച്ചതോടെ കൂടുതൽ മത്സ്യത്തൊഴിലാളികൾ വള്ളത്തിൽപ്പോയി തുടങ്ങി. ഇതോടെ മീൻ കേടുകൂടാതെ സൂക്ഷിക്കാൻ ഐസിനും ആവശ്യക്കാർ കൂടി.ഐസ് കൂടാതെ യാതൊരുവിധ കെമിക്കലുകളോ കീടനാശിനികളോ കലർത്തി മത്സ്യം സൂക്ഷിക്കാൻപാടില്ലെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നിർദ്ദശേം. മീൻ വിൽപ്പന തുടങ്ങിയെങ്കിലും അത് സൂക്ഷിക്കാൻ ആവശ്യത്തിന് ഐസ് ലഭിക്കാത്തത് ബുദ്ധിമുട്ടാകുന്നെന്ന് മത്സ്യവ്യാപാരികൾ പറയുന്നു.
100 : ജില്ലയിലെ ഐസ് ഫാക്ടറികൾ
അമോണിയയ്ക്ക് വിലക്ക്
അമോണിയ കലർത്തിയുള്ള ഐസ് നിർമ്മാണം തടയുന്നതിനുള്ള പരിശോധന ജില്ലയിൽ കർശനമാക്കിയിട്ടുണ്ട്. അമോണിയ ചേർത്ത വെള്ളം ഐസായി ഉപയോഗിച്ചാൽ ഒരാഴ്ച വരെ മീൻ അഴുകാതെ സൂക്ഷിക്കാൻ കഴിയും. എന്നാൽ ഇത്തരം മീനുകൾ ഭക്ഷിക്കുന്നവരുടെ ആന്തരികാവയവങ്ങളുടെ പ്രവർത്തനത്തെയടക്കം ബാധിക്കും.
ലക്ഷങ്ങൾ വേണം
ഐസ് ഫാക്റികളിൽ നീണ്ട നാളുകളായി പ്രവർത്തിക്കാതിരുന്നതോടെ തുരുമ്പെടുത്ത ഉപകരണങ്ങൾ പ്രവർത്തനക്ഷമമാക്കിയെടുക്കാൻ ലക്ഷങ്ങൾ വേണം.
''പരമ്പരാഗതമായി ഈ മേഖലയിൽ തുടരുന്നതിനാലാണ് ബുദ്ധിമുട്ടിയാണെങ്കിലും പലരും ഐസ് ബിസിനസ് മുന്നോട്ട് കൊണ്ടുപോകുന്നത്.
(ഐസ് ഫാക്റി ഉടമകൾ )