പരിശോധന ഭോപ്പാലിലെ വൈറോളജി ലാബിൽ
ആലപ്പുഴ: അപ്പർ കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് പക്ഷിപ്പനി മൂലമാണോ എന്ന് സ്ഥിരീകരിക്കാൻ ഭോപ്പാലിലെ വെറ്ററിനറി ഹൈ സെക്യൂരിറ്റി വൈറോളജി ലാബിൽ സാമ്പിളുകളുടെ പരിശോധന നടത്തിയതിന്റെ ഫലം നാളെ ലഭിച്ചേക്കും. അഞ്ച് ദിവസം മുമ്പ് നൽകിയ സാമ്പിളുകളുടെ പരിശോധനാ ഫലം ലാബിൽ തയ്യാറായതായറിയുന്നു.
റിപ്പോർട്ട് ലാബിൽ നിന്ന് ആദ്യം കേന്ദ്ര മൃഗസംരക്ഷണ വകുപ്പിന് കൈമാറും. റിസൾട്ട് പരിശോധിച്ച ശേഷം വകുപ്പ് രോഗ നിയന്ത്രണത്തിന് എടുക്കേണ്ട നിർദേശങ്ങളോടെ സംസ്ഥാന ചീഫ് സെക്രട്ടറിക്ക് നൽകും. ചീഫ് സെക്രട്ടറി സംസ്ഥാന മൃഗ സംരക്ഷണ വകുപ്പിന് ഇത് കൈമാറും. രോഗ നിയന്ത്രണത്തിന് കേന്ദ്ര നിർദേശം അനുസരിച്ച് താറവുകൾക്ക് വാക്സിൻ നൽകുകയോ കൊന്നോടുക്കുകയോ ചെയ്യേണ്ടിവരും. തൃശൂർ മണ്ണുത്തി മൈക്രോ വൈറോളജി ഡിപ്പാർട്ട്‌മെന്റ്, തിരുവനന്തപുരത്തെ വെറ്ററിനറി വൈറോളജി ലാബ്, തിരുവല്ലയിലെ ലാബ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ താറാവുകൾക്ക് ബാക്ടീരിയ ബാധയെന്ന് കണ്ടെത്തിയിരുന്നു. ചത്ത താറാവുകൾക്ക് പക്ഷിപ്പനി ലക്ഷണങ്ങളുണ്ടെങ്കിലും കൂടുതൽ വ്യക്തതയ്ക്കാണ് ഭോപ്പാൽ ലാബിൽ പരിശോധന നടത്താൻ ജില്ലാ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചത്. കഴിഞ്ഞ ദിവസം തൃശൂർ മണ്ണുത്തി മൈക്രോ വൈറോളജി ഡിപ്പാർട്ട്‌മെന്റിലെ വിദഗ്ദ്ധ സംഘം സ്ഥലം സന്ദർശിച്ചു. ചത്ത നൂറിലധികം താറാവുകളുടെ പോസ്റ്റുമോർട്ടം നടത്തിയപ്പോഴാണ് ബാക്ടീരിയ ബാധയെന്ന പ്രാഥമിക നിഗമനത്തിലെത്തിയത്. എല്ലാ താറാവുകളിലും ഹൃദയം, കരൾ, ശ്വാസകോശം എന്നീ അവയവങ്ങൾക്ക് വീക്കം കാണപ്പെട്ടു.
25000 : അപ്പർ കുട്ടനാട്ടിൽ അജ്ഞാത രോഗം മൂലം ചത്തൊടുങ്ങിയത് ഇരുപത്തയ്യായിരത്തോളം താറാവുകൾ
കർഷകർ ആശങ്കയിൽ
റിസൾട്ട് വൈകുന്നത് താറാവു കർഷകരെ ആശങ്കപ്പെടുത്തുന്നുണ്ട്. തൃശൂർ മണ്ണുത്തി കോളേജിൽ നിന്നുള്ള മൈക്രോ വൈറോളജി, പത്തോളജി, പ്രിവന്റീവ് ഡിപ്പാർട്ട്‌മെന്റിലെ പ്രമുഖരുടെ നേതൃത്വത്തിൽ കർഷകനായ തലവടി വേഴപ്ര കുട്ടപ്പായിയുടെ താറാവുകളെ പരിശോധിച്ചിരുന്നു. സംഘം 100ൽ അധികം താറാവുകളെ പോസ്റ്റ്മോർട്ടം ചെയ്തു. ഇവയുടെ ആന്തരിക അവയവങ്ങളുടെ സാമ്പിൾ കൂടുതൽ പരിശോധനയ്ക്കായി ഓരോ ഡിപ്പാർട്ട്‌മെന്റും പ്രത്യേകമായി ശേഖരിച്ചു. ഇതിന്റെ പരിശോധനാ ഫലം അടുത്ത ദിവസം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്. കാൽ ലക്ഷത്തോളം താറവുകളാണ് അഞ്ജാത രോഗംമൂലം ചത്തൊടുങ്ങിയത്. ഇപ്പോഴും താറവുകൾ ചത്തൊടുങ്ങുന്നുണ്ട്.