photo

ആലപ്പുഴ: മറ്റ് ചിന്തകളെല്ലാം മാറ്റിവച്ച് ജനങ്ങൾ ഒന്നിച്ച് അണിനിരന്ന സന്ദർഭങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ഡൽഹിയിലെ കർഷക സമരമെന്ന് സി.പി.ഐ ദേശിയ എക്‌സിക്യൂട്ടീവ് അംഗം കെ.ഇ.ഇസ്മയിൽ പറഞ്ഞു. ഡൽഹിയിലെ കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ആലപ്പുഴയിൽ സംയുക്ത കർഷക സമിതി നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇസ്മയിൽ. സമരം ചെയ്യുന്ന കർഷകർക്ക് ജാതിയോ രാഷ്ട്രീയമോ പ്രാദേശിക വ്യത്യാസമോ ഇല്ലാ എന്നത് ശ്രദ്ധേയമാണ്. അസാധാരണമായ സമരമാണിത്. കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ചയും കർഷക ആത്മഹത്യയും സാമൂഹ്യ പ്രശ്‌നങ്ങളായി മാറുന്ന സാഹചര്യത്തിൽ നിലവിലുള്ള സംരക്ഷണം പോലും ഇല്ലാതാക്കുന്നതാണ് പുതിയ നിയമങ്ങൾ. കോർപ്പറേറ്റുകൾക്ക് വേണ്ടി സാമ്പത്തിക മേഖല ഒന്നാകെ അടിയറ വെക്കുന്നതിന്റെ ഭാഗമായിട്ടാണ് കാർഷിക നിയമങ്ങൾ ധൃതി പിടിച്ച് പാസാക്കിയതെന്നും ഇസ്മയിൽ പറഞ്ഞു. സമരസമിതി ചെയർമാൻ ജോയിക്കുട്ടി ജോസ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ ശ്രീകുമാരൻ ഉണ്ണിത്താൻ, സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, കിസാൻ സഭ ദേശീയ കൗൺസിൽ അംഗം എൻ.രവീന്ദ്രൻ, കേരള യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം കെ.എച്ച്.ബാബുജാൻ, കിസാൻസഭ ജില്ലാ സെക്രട്ടറി ആർ.സുഖലാൽ, ഹരിശങ്കർ, സുധീർ ബാബു, വി.ജി.മോഹനൻ എന്നിവർ സംസാരിച്ചു.