കെ.എസ്.ആർ.ടി.സി കൺസഷൻ കാർഡ് വിതരണം തുടങ്ങി

ആലപ്പുഴ : കെ.എസ്.ആർ.ടി.സി കൺസഷൻ കൗണ്ടറുകൾ തിങ്കളാഴ്ച തുറന്നതോടെ യാത്രാസൗകര്യത്തെപ്പറ്റിയുള്ള വിദ്യാർത്ഥികളുടെ ആശങ്കയ്ക്ക് അവസാനമായി. നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസം സ്കൂളുകളിൽ അദ്ധ്യയനം പുനരാരംഭിച്ചിരുന്നെങ്കിലും ബസുകളിൽ കൺസഷൻ ലഭ്യമല്ലായിരുന്നു.

ആഴ്ചയിൽ രണ്ട് ദിവസമാണ് വിദ്യാർത്ഥികൾക്ക് കൺസഷൻ കാർഡുകൾ വാങ്ങാനുള്ള സംവിധാനം കെ.എസ്.ആർ.ടി.സി ഡോപ്പോകളിൽ ഒരുക്കിയിരിക്കുന്നത്. ആലപ്പുഴ ഡിപ്പോയിൽ തിങ്കൾ,ബുധൻ ദിവസങ്ങളിൽ കൺസഷൻ കൗണ്ടറുകൾ പ്രവർത്തിക്കും. രാവിലെ അപേക്ഷ നൽകിയാൽ ഉച്ചകഴിഞ്ഞ് കാർഡ് ലഭ്യമാകും. കൺസഷൻ കാർഡ് വാങ്ങാൻ വിദ്യാർത്ഥികൾ അവധിയെടുക്കേണ്ട കാര്യം ഇല്ല. രക്ഷിതാക്കൾ എത്തിയാലും കാർഡ് ലഭ്യമാക്കും.

എസ്.എസ്.എൽ.സി,പ്ലസ് ടു വിദ്യാർത്ഥികൾക്ക് യാത്രാനിരക്ക് സൗജന്യമാണ്. ഇവർ ആദ്യം കാർഡ് എടുക്കുമ്പോൾ മാത്രം 100 രൂപ അടച്ചാൽ മതി. സ്കൂൾ സർട്ടിഫിക്കറ്റും രണ്ട് ഫോട്ടായും ഐഡി കാർഡിന്റെ കോപ്പിയും നൽകണം. കോളേജ് വിദ്യാർത്ഥികൾ കിലോമീറ്റർ സ്ലാബ് അനുസരിച്ച് തുക അടയ്ക്കണം. ജില്ലയിൽ കുട്ടനാട്ടിലെ വിവിധ പ്രദേശങ്ങളിലേക്കും ,തിരുവല്ല റൂട്ടിലും കെ.എസ്.ആർ.ടി.സി സർവീസ് മാത്രമാണ് ഉള്ളത്. സ്കൂളുകളിൽ ക്ലാസുകൾ ആരംഭിച്ചപ്പോൾ മുതൽ സ്വകാര്യ ബസുകളിൽ വിദ്യാർത്ഥികൾക്കു പഴയതു പോലെ കൺസഷൻ നൽകിയിരുന്നു. എന്നാൽ വിദ്യാർത്ഥികളുടെ നിരക്ക് വർദ്ധിപ്പിക്കണമെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ ആവശ്യം. കൊവിഡിനെത്തുടർന്ന് പൊതുവേ നഷ്ടത്തിലാണ് ബസ് സർവീസ് നടത്തുന്നത്. നിലവിലെ ബസ് നിരക്കിന്റെ 25 ശതമാനമാണ് വിദ്യാർത്ഥികളുടെ നിരക്ക്.

ഗ്രാമങ്ങളിൽ സർവീസ് കുറവ്

ചമ്പക്കുളം,കൈനകരി,പുളിങ്കുന്ന്,തകഴി,പച്ച,തിരുവല്ല എന്നിവിടങ്ങളിൽ ധാരാളം വിദ്യാർത്ഥികളാണ് ദിനം പ്രതി കെ.എസ്.ആർ.ടി.സി ബസ് സർവീസിനെ ആശ്രയിക്കുന്നത്. ഉൾപ്രദേശങ്ങളിലേക്കുള്ള സർവീസുകൾ കെ.എസ്.ആർ.ടി.സി പുഃനക്രമീകരിച്ചിട്ടുണ്ടെങ്കിലും ഷെഡ്യൂളുകൾ കുറവാണ്.

" കെ.എസ്.ആർ.ടി.സി എല്ലാ ഡിപ്പോകളിലും കൺസഷൻ കാർഡ് വിതരണം ഇന്നലെ മുതൽ ആരംഭിച്ചു. വിദ്യാർത്ഥികൾ കുറവായതിനാൽ രണ്ട് ദിവസം മാത്രമാണ് കൺസഷൻ വിതരണം. കോളേജ് വിദ്യാർത്ഥികൾക്ക് കഴിഞ്ഞ വർഷത്തെ നിരക്ക് തന്നെയാണ് ഇത്തവണയും.

(അശോക് കുമാർ,ഡി.ടി.ഒ)

"സ്കൂൾ ആരംഭം മുതൽ സ്കൂൾ വിദ്യാർത്ഥികൾക്ക് കൺസഷൻ നൽകുന്നുണ്ട്. കോളേജ് വിദ്യാർത്ഥികളിൽ കാർഡുള്ളവർക്ക് യാത്രാനുകൂല്യം നൽകും.

(പി.ജെ.കുര്യൻ,പ്രൈവറ്റ് ബസ് ഓണേഴ്സ് അസോ. ജില്ലാ പ്രസിഡന്റ്)