ചേർത്തല : വാരനാട് മാക്ഡവൽ കമ്പിനിയുടെ പ്രവർത്തന രഹിതമായ ട്രീറ്റ്മെന്റ് പ്ലാന്റിലേയ്ക്ക് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കക്കൂസ് മാലിന്യങ്ങൾ എത്തിക്കുന്നതിനെതിരെ പ്രതിഷേധം. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 24ന് ജില്ലാ കളക്ടർ നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഇവിടുത്തെ പ്ലാന്റിലേയ്ക്ക് ഇന്നലെ മുതൽ മാലിന്യ നിക്ഷേപം ആരംഭിച്ചത്.
ആദ്യ ദിനം തന്നെ ജില്ലയുടെ തെക്കൻ മേഖലയിൽ നിന്ന് മൂന്നു ലോഡാണ് ഇവിടേയ്ക്ക് എത്തിയത്.രണ്ട് ദിവസത്തെ അവധിക്ക് ശേഷം തിങ്കളാഴ്ച മുതൽ കൂടുതൽ മാലിന്യ വണ്ടികൾ വന്നു തുടങ്ങും.
ട്രീറ്റ്മെന്റ് പ്ളാന്റ് പ്രവർത്തിക്കുന്നതോടെ പ്രദേശത്തെ കുടിവെള്ളവും കായലും വെള്ളക്കെട്ടുകളും മലിനമാകുമെന്നാണ് നാട്ടുകാരുടെ പരാതി.ഇവിടുത്തെ പ്ലാന്റ് വർഷങ്ങളായി പ്രവർത്തന രഹിതമായിരുന്നു.ഒരു പരീക്ഷണം പോലും നടത്താതെയാണ് ഭരണകൂടം ഇവിടേയ്ക്ക് മാലിന്യം നിക്ഷേപിക്കാൻ തീരുമാനിച്ചതെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഭരണകൂടത്തിന്റെ നടപടിക്കെതിരെ ബി.ജെ.പി കൊക്കോതമംഗലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വാരനാട് മാക്ഡവൽ കമ്പനിക്ക് മുന്നിൽ സമരം നടത്തി. ദേശീയ സമിതി അംഗം വെള്ളിയാകുളം പരമേശ്വരൻ ഉദ്ഘാടനം ചെയ്തു. അനി മരങ്ങാട്ട് അദ്ധ്യക്ഷനായി. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എം.എസ്. ഗോപാലകൃഷ്ണൻ, അഞ്ചാം വാർഡ് മെമ്പർ കെ.ബി.ഷാജിമോൻ, ബിജു വാരനാട്, ഷണ്മുഖദാസ് എന്നിവർ സംസാരിച്ചു.