ആലപ്പുഴ: കൊവിഡ് വാക്സിന് ലഭിച്ച അനുമതി ടൂറിസം മേഖലയ്ക്കും പുതിയ ഉണർവായേക്കും. ജില്ലയിലെ പ്രധാന വരുമാന സ്രോതസുകളിലൊന്നായ ഹൗസ്ബോട്ട് വ്യവസായത്തിന് ഇത് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.
ഏഴുമാസമായി നിശ്ചലമായിരുന്ന ഹൗസ്ബോട്ടുകൾ ക്രിസ്മസ്, ന്യൂഇയർ ദിവസങ്ങളിൽ ചലിച്ചു തുടങ്ങിയത് വലിയ പ്രതീക്ഷയാണ് നൽകുന്നത്. ആലപ്പുഴയിൽ നല്ലൊരു ശതമാനം ഹൗസ് ബോട്ടുകൾക്കും സഞ്ചാരികളെ കിട്ടിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ വിദേശ ടൂറിസ്റ്റുകൾ എത്താത്തത് വരുമാനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകളുടെ എണ്ണവും അത്ര കൂടിയിട്ടില്ല. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള വിനോദ സഞ്ചാരികളാണ് ക്രിസ്മസ്-ന്യൂഇയർ ആഘോഷങ്ങൾക്ക് ആലപ്പുഴയിലേക്ക് എത്തിയത്. മുൻ വർഷങ്ങളിൽ ഈടാക്കിയിരുന്ന വാടക ഈ വർഷം ഈടാക്കാൻ പറ്റാത്തത് ഹൗസ്ബോട്ടുകളുടെ വരുമാനം ഗണ്യമായി കുറച്ചു.
രണ്ട് ബെഡ്റൂമുകളുള്ള ഹൗസ് ബോട്ടിന് ഒരു ദിവസത്തേക്ക് 8000- 9000 രൂപയാണ് നിലവിൽ. ട്രാവൽ ഏജൻസികൾ വഴിയും ടൂർ ഓപ്പറേറ്റർമാർ വഴിയുമുള്ള ടൂറിസ്റ്റുകളുടെ വരവ് ഇപ്പോഴില്ല.മിക്ക ഹൗസ്ബോട്ടുകളും പ്രവർത്തിക്കുന്നത് താത്കാലിക ജീവനക്കാരെ ഉപയോഗിച്ചാണ്.പ്രതിദിനം 900 രൂപയാണ് വേതനം. ഹൗസ് ബോട്ടുകളുടെ വലിപ്പത്തിനനുസരിച്ച് മൂന്ന് മുതൽ അഞ്ചുവരെ ജീവനക്കാരാണ് ജോലി ചെയ്യുന്നത്. ഓട്ടമില്ലാതിരുന്നതിനാൽ സ്ഥിരം ജീവനക്കാരിൽ പലരെയും ഒഴിവാക്കിയിരുന്നു. ജീവനക്കാരുടെ ശമ്പളവും ഇന്ധന ചിലവും കഴിഞ്ഞ് കാര്യമായ വരുമാനം ഉടമകൾക്ക് ഇപ്പോൾ കിട്ടുന്നില്ല.
ക്വാറന്റൈനിൽ ഇളവു വേണം
വാക്സിൻ ലഭിച്ചാൽ വിദേശത്തു നിന്നുള്ളവരുടെ വരവ് കൂടാൻ സാദ്ധ്യതയുണ്ട്. വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക് ക്വാറന്റൈൻ കാലയളവിൽ അല്പം ഇളവ് അനുവദിക്കണമെന്നാണ് ഹൗസ്ബോട്ട് ഉടമകളുടെ ആവശ്യം. കഴിഞ്ഞ ദിവസം ജില്ലയിൽ പര്യടനത്തിനെത്തിയ മുഖ്യമന്ത്രി മുമ്പാകെ അവരുടെ പ്രതിനിധി ഈ ആവശ്യം ഉന്നയിക്കുകയും ചെയ്തു. വിദേശങ്ങളിൽ നിന്നുള്ള ഫ്ളൈറ്ര് സർവീസ് സജീവമാവാത്തതും തടസമാണ്.
പ്രതീക്ഷയുണ്ട്
പുന്നമട ഫിനിഷിംഗ് പോയിന്റിലും പള്ളാത്തുരുത്തിയിലുമായി 750 ഓളം ഹൗസ് ബോട്ടുകളുണ്ട്. 200നടുത്ത് ഹൗസ് ബോട്ടുകൾ കുമരകത്തും സർവീസ് നടത്തുന്നു. കൂടുതൽ ഹൗസ് ബോട്ടുകളുള്ള കമ്പനികളും വലിയ ഹൗസ് ബോട്ടുകളും ഇപ്പോഴും ഓട്ടം തുടങ്ങിയിട്ടില്ല.കൊവിഡ് വ്യാപനത്തിൽ കാര്യമായ കുറവുണ്ടായാൽ ഈ മേഖല പഴയ പ്രതാപത്തിലേക്ക് എത്തുമെന്നാണ് പ്രതീക്ഷ.
..............................
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തു നിന്നുമെത്തുന്നവരുടെ ക്വാറന്റൈൻ കാലാവധിയിൽ ചെറിയ ഇളവ് അനുവദിക്കാൻ സർക്കാർ തയ്യാറാവണം. പുതിയ വാക്സിന്റെ വരവ് ആശങ്ക കുറയ്ക്കുമെന്നതിനാൽ ടൂറിസം മേഖലയ്ക്ക് ഗുണം കിട്ടുമെന്ന് പ്രതീക്ഷിക്കാം
ടോമിപുലിക്കാട്ടിൽ, ഹൗസ് ബോട്ട് ഉടമ