ആലപ്പുഴ: സർക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല തീരുമാനമുണ്ടായെങ്കിലും സിനിമ തിയേറ്ററുകൾ ഉടനടി തുറക്കാനാവാത്ത അവസ്ഥ. ഭൂരിഭാഗം തിയേറ്ററുകളുടെയും ലൈസൻസ് പുതുക്കിയിട്ടില്ല.
മാസങ്ങളോളം അടഞ്ഞുകിടന്ന സിനിമാശാലകൾ പഴയപടിയിൽ പ്രവർത്തനം ആരംഭിക്കാൻ ലക്ഷങ്ങൾ ചെലവഴിക്കേണ്ടതുണ്ടെന്ന് ഉടമകൾ പറയുന്നു.
മെഷീനുകൾ കേടുവരാതിരിക്കാൻ ഒന്നിടവിട്ട ദിവസങ്ങളിൽ പ്രവർത്തിപ്പിച്ചിരുന്നു. യാതൊരു വരുമാനവുമില്ലാത്ത അവസരത്തിലും വലിയ തുകയാണ് വൈദ്യുതി ചാർജ് ഇനത്തിൽ അടയ്ക്കാനുള്ളത്. തിയേറ്ററിലെ എ.സി, ജനറേറ്റർ, സീറ്റുകൾ തുടങ്ങിവയുടെ പരിപാലനത്തിനും തിയേറ്ററിന്റെ പെയിന്റിംഗിനും വൻ തുക വേണ്ടിവരും. തിയേറ്ററുകൾ തുറന്നാൽ തന്നെ പുത്തൻ റിലീസുകളില്ലാത്തതാണ് മറ്റൊരു വെല്ലുവിളി. പഴയ സിനിമ പ്രദർശിപ്പിച്ചാൽ, കാണാൻ ആളുണ്ടാവില്ല. ഇന്റർനെറ്റിലും, ഒ.ടി.പി പ്ലാറ്റ് ഫോമിലും കണ്ട ചിത്രങ്ങൾക്കു വേണ്ടി പണം മുടക്കി തിയേറ്ററിലെത്താൻ ആരെങ്കിലും തയ്യാറാവുമോ എന്നും ഉറപ്പില്ല.
പകുതി സീറ്റുകളിൽ മാത്രമാണ് പ്രവേശനമെന്നതിനാൽ തിയേറ്ററുകൾക്ക് കാര്യമായ നേട്ടം പ്രതീക്ഷിക്കാനാവില്ല. തിയേറ്ററിൽ എ.സി, ഫുഡ് കോർട്ട് തുടങ്ങിയവ പ്രവർത്തിക്കാമോ എന്ന കാര്യത്തിലും തീരുമാനമാവില്ല. നാളെ സാംസ്കാരിക മന്ത്രി എ.കെ.ബാലനുമായി തിയേറ്റർ ഉടമകൾ നടത്തുന്ന ചർച്ചയ്ക്ക് ശേഷം മാത്രമേ തിയേറ്ററുകൾ തുറക്കുന്ന യഥാർത്ഥ തീയതിയിൽ തീരുമാനമാകൂ. കടുത്ത സാമ്പത്തിക ബാദ്ധ്യത നേരിടുന്ന തിയേറ്റർ ഉടമകൾക്കു വേണ്ടി സർക്കാർ സഹായ പാക്കേജ് അനുവദിക്കണമെന്നും തിയേറ്റർ ഉടമകൾ ആവശ്യപ്പെടുന്നു.
....................
ഉടമകളുടെ ആവശ്യങ്ങൾ
ലൈസൻസ് കാലാവധി 6 മാസത്തേക്ക് നീട്ടണം
വൈദ്യുതി ചാർജിൽ ഇളവ് വേണം
എന്റർടെയിൻമെന്റ് ടാക്സ് ഒഴിവാക്കി ജി.എസ്.ടി മാത്രം നിലനിറുത്തുക
ഫിക്സഡ് വൈദ്യുതി നിരക്കിൽ മാറ്റം വരുത്തുക
......................
വേണം ലക്ഷങ്ങൾ
ആളനക്കമില്ലാതെ അടഞ്ഞുകിടന്ന തിയേറ്ററുകൾ പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിക്കാൻ മൂന്ന് മുതൽ നാല് ലക്ഷം രൂപ വരെ ചെലവ് വരും. കൊവിഡ് കാലത്തും ഫിക്സഡ് ചാർജിനത്തിൽ വലിയ തുകയാണ് അടയ്ക്കേണ്ടി വരുന്നത്. ഒരു തിയേറ്ററിൽ ചുരുങ്ങിയത് 14 ജീവനക്കാരുണ്ടാകും. ഇവർക്ക് മുടക്കമില്ലാതെ ശമ്പളം നൽകി വരുന്നതും ഉടമകൾക്ക് അധിക ബാദ്ധ്യതയാണ്.
.......................
തിയേറ്ററുകൾ തുറക്കാനുള്ള സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. ഉടമകളുടെ നഷ്ടം കുറയ്ക്കുന്നതിനുള്ള പാക്കേജ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ. തിയേറ്ററുകളുടെ ലൈസൻസ് പുതുക്കുന്നതടക്കമുള്ള നടപടികൾ നീട്ടിക്കിട്ടേണ്ടതുണ്ട്. നാളെ നടക്കുന്ന ചർച്ചയിലാണ് പ്രതീക്ഷ
എം.സി.ബോബി, ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഒഫ് കേരള
'' പുതിയ പടം എത്താതെ തിയേറ്റർ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കാനാവില്ല. പഴയ പടമിട്ട് ഓടിക്കാനാവില്ല. ഒന്നിടവിട്ട ദിവസങ്ങളിൽ ഉപകരണങ്ങൾ പ്രവർത്തിപ്പിച്ചിരുന്നതിനാൽ അവയ്ക്ക് കാര്യമായ കേടുപാടുകളില്ല. എന്നിരുന്നാലും തിയേറ്റർ പൂർണമായി തുറക്കുന്നതിന് ലക്ഷങ്ങൾ ചെലവുണ്ട് - വി.എ.മാത്യു, പങ്കജ് തിയേറ്റർ, ആലപ്പുഴ