ആലപ്പുഴ: സ്കൂൾ കുട്ടി​യായി​രുന്നപ്പോൾ തന്നെ കഥകളുടെ രസതന്ത്രം വശത്താക്കി​യ പ്രതി​ഭയായി​രുന്നു തി​രക്കഥാകൃത്ത് ഷാജി പാണ്ഡവത്ത്. അതി​നാലാണ് കുട്ടികഥകൾ രചിച്ച് അദ്ധ്യാപകരുടെയും സഹപാഠികളുടെയും മനസിൽ അക്കാലത്തേ അദ്ദേഹം ഇടംപിടിക്കാൻ കഴി​ഞ്ഞത്.
ചെറുപ്പം മുതൽ പഠനത്തിൽ മികവും ചെറുകഥകൾ എഴുതുന്നതിൽ താത്പര്യവും കാട്ടിയിരുന്നു. ഇത് തിരച്ചറിഞ്ഞ പിതാവിന്റെ മൂത്ത സഹോദരനും ആലപ്പുഴ മുഹമ്മദൻസ് സ്കൂളിലെ അദ്ധ്യാപകനുമായ എസ്.കെ.പാണ്ഡവത്ത്(പാണ്ഡവത്ത് കൃഷ്ണൻ നായർ) ഷാജിയെ എഴുത്തി​ന്റെ വഴി​യി​ൽ പ്രോത്സാഹിപ്പിച്ചു.

സാഹിത്യവും രാഷ്ട്രീയവും എഴുത്തിനും പശ്ചാത്തലമുള്ള കുടുംബമായിരുന്നു പാണ്ഡവത്ത് വീട്. സ്വാതന്ത്ര്യസമര സേനാനിയും കോൺഗ്രസ് നേതാവുമായ പാണ്ഡവത്ത് ശങ്കരപ്പിള്ളയുടെ സഹോദരീപുത്രന്റെ മകനാണ് ഷാജി.

പല്ലന ഗവ. എൽ.പി സ്കൂൾ, കുമാരകോടി കുമാരനാശാൻ മെമ്മോറിയൽ യു.പി സ്കൂൾ, കരുവാറ്റ എൻ.എസ്.എസ് ഹൈസ്ക്കൂൾ, ആലപ്പുഴ എസ്.ഡി കോളേജ് എന്നി​വി​ടങ്ങളി​ൽ വി​ദ്യാഭ്യാസം. കോളേജി​ൽ പഠിക്കുന്ന അവസരത്തിലാണ് ഗ്രാമവികസന വകുപ്പിൽ വില്ലേജ് എസ്റ്റക്ഷൻ ഓഫീസർ(വി.ഇ.ഒ)ആയി ജോലി ലഭി​ക്കുന്നത്. അന്ന് പ്രായം ഇരുപത് വയസ്. സർവീസിൽ ഇരിക്കേ 1991ൽ ബാബുപോൾ സംവിധാനം ചെയ്ത ആവണിക്കുന്നിലെ കിന്നരിപ്പൂക്കൾ എന്ന സിനിമക്ക് കഥയെഴുതിയാണ് സിനിമയിലേക്കുള്ള പ്രവേശനം. 1992ൽ രഘുവരൻ, ജയറാം എന്നി​വർ അഭി​നയി​ച്ച കെ.മധു സംവധാനം ചെയ്ത കവചം എന്ന സിനിമയ്ക്ക് ആദ്യ തിരക്കഥ എഴുതി. 1995ൽ ടി.എസ്. സുരേഷ് ബാബു സംവിധാനം ചെയ്ത പ്രായിക്കര പാപ്പാൻ, 1997ൽ എസ്. അനിൽ സംവിധാനം ചെയ്ത സുരേഷ് ഗോപി​ ചി​ത്രം ഗംഗോത്രി എന്നി​വയ്ക്ക് തിരക്കഥ എഴുതിയിട്ടുണ്ട്. ആദ്യമായി സംവിധാന സംരംഭമായ കാക്കതുരുത്ത് പ്രേക്ഷകരിലേക്ക് എത്തുന്നതിനു മുൻപാണ് ഷാജി​ അകാലത്തി​ൽ വി​ടപറയുന്നത്.

ഗ്രാമ വികസന വകുപ്പിൽ നിന്ന് 2014ൽ ജോയിന്റ് ബി.ഡി.ഒ ആയി വിരമിച്ച് രാഷ്ട്രീയത്തിലും സിനിമാ രംഗത്തും സജീവമായിരുന്നു. കൊച്ചിയിൽ നടന്ന മാക്ടയുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ പോസ്റ്റൽ വോട്ടിനെ കുറിച്ച് തർക്കമുണ്ടായപ്പോൾ ഷാജി പാണ്ഡവത്ത് കോടതിയെ സമീപിച്ചത് ചർച്ചാവി​ഷയമായി​രുന്നു. ഇപ്പോൾ കെ.പി.സി.സി ജില്ലാ ചെയർമാൻ, എൻ.ജി.ഒ അസോസിയഷൻ ഭാരവാഹി​ എന്നീ നി​ലകളി​ൽ പ്രവർത്തിച്ചു വരുകയായി​രുന്നു.