t

ആലപ്പുഴ: കേരളത്തിന്റെ വിപ്ലവഗായിക പി.കെ.മേദിനിയുടെ ഇളയ മകളുടെ ഭർത്താവായ തിരക്കഥാകൃത്ത് ഷാജി പാണ്ഡവത്തിന്റെ ആകസ്മിക വേർപാട് വേദനയായി.

പാണ്ഡവത്ത് കേശവൻനായർ- ശങ്കരിയമ്മ ദമ്പതികളുടെ മകനായിരുന്നു. ശങ്കരിയമ്മയും പി.കെ.മേദിനിയും കലാസാംസ്കാരിക രംഗത്ത് ഒരുമിച്ച് പ്രവർത്തിച്ചിരുന്നവരാണ്. ആ ബന്ധമാണ് വിവാഹാലോചനയിൽ കലാശിച്ചത്. മേദിനിയുടെ ഇളയമകൾ ഹൻസ ഒരിക്കൽ വേദിയിൽ പാട്ടുപാടവേയാണ് പാണ്ഡവത്ത് കേശവൻ നായർ മകനു വേണ്ടി വിവാഹാലോചന മുന്നോട്ട് വെച്ചത്. കുടുംബങ്ങൾ തമ്മിലുള്ള സാമ്പത്തിക അസമത്വം മൂലം ആലോചന തുടർന്നുകൊണ്ടുപോകുന്നതിൽ മേദിനിയും മകൾ ഹൻസയും താത്പര്യം പ്രകടിപ്പിച്ചില്ല. എന്നാൽ കേശവൻനായരാവട്ടെ പ്രശസ്ത തിരക്കഥാകൃത്തും മേദിനിയുടെ സഹോദരനുമായ ശാരംഗപാണി വഴി വിവാഹാലോചന ശക്തമാക്കി. വ്യത്യസ്തമായ ജീവിതശൈലികൾ പൊരുത്തപ്പെടുമോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും കല്യാണം നടന്ന നാൾ മുതൽ സന്തോഷത്തിലും ദുഃഖത്തിലും ദമ്പതികൾ ഒരുമിച്ച് നിന്നത് അഭിമാനകരമായ ഓർമ്മയാണെന്ന് പി.കെ.മേദിനി പറയുന്നു.

ജോയിന്റ് ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസർ തസ്തികയിൽ നിന്ന് വിരമിക്കുമ്പോൾ പോലും ഷാജിയുടെ താത്പര്യം സിനിമയിലായിരുന്നു. കലയോടും സിനിമയോടും അസാമാന്യമായ ഭ്രമമുള്ള വ്യക്തിയായിരുന്നു.

'സ്വപ്നസിനിമയായ കാക്കത്തുരുത്തിന്റെ ചിത്രീകരണം എട്ട് ദിവസംകൊണ്ട് പൂർത്തിയാക്കാൻ ഏറെ സാമ്പത്തിക ബാദ്ധ്യതകൾ വരുത്തി. അതറിഞ്ഞ് ഞാൻ വഴക്കുപറഞ്ഞപ്പോഴും, ഭർത്താവിന്റെ ആഗ്രഹത്തിന് പൂർണ പിന്തുണയുമായി ഹൻസ ഷാജിക്കൊപ്പം നിന്നു. ജീവൻ രക്ഷിക്കാൻ ആളും അർത്ഥവുമായി കുടുംബം മുഴുവൻ പ്രയത്നിച്ചു. പക്ഷേ മടക്കിക്കൊണ്ടുവരാനായില്ല' - പി.കെ.മേദിനി ഓർമ്മകൾ പങ്കുവെച്ചു.