ഹരിപ്പാട്: കായംകുളം എൻ.ടി.പി.സി കേന്ദ്രീയ വിദ്യാലയം നിറുത്തലാക്കാനുള്ള തീരുമാനം അടിയന്തരമായി കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഇത് നാടിനോടും പുതു തലമുറയോടു ചെയ്യുന്ന വലിയ ദ്രോഹമാണ്.എൻ.ടി.പി.സി സ്ഥാപിച്ച കാലം മുതൽ ഇവിടെ സ്കൂളുണ്ട്. എൻ.ടി.പി.സിയുമായി സംസ്ഥാന സർക്കാർ കരാർ പുതുക്കിയ സന്ദർഭത്തിലാണ് നൂറുകണക്കിന് വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കുന്ന തീരുമാനം ഉണ്ടായത്. ആലപ്പുഴ ജില്ലയിൽ മറ്റു കേന്ദ്രീയ വിദ്യാലയങ്ങളില്ല. ഇത്തവണത്തെ അഡ്മിഷൻ നിറുത്തിവയ്ക്കാൻ പാടില്ല. സംസ്ഥാന ഗവൺമെന്റും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകുമെന്നും അദ്ദേഹം പറഞ്ഞു.