അരൂർ: ദേശീയപാതയിൽ അരൂർ ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പിന് സമീപം ബൈക്കിൽ കാറിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. അരൂർ മുക്കമ്പത്ത് മുരളീധരന്റെയും ബിസിയുടെയും ഏക മകൻ ദിൽജിത്ത് (19) ആണ് മരിച്ചത്. തലയ്ക്ക് ഗുരുതര പരിക്കേറ്റ ദിൽജിത്ത് രണ്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് മരിച്ചു.
ബൈക്കിൽ ഒപ്പമുണ്ടായിരുന്ന അരൂർ പറപ്പള്ളിൽ രാജേന്ദ്രന്റെ മകൻ അമൽ രാജ് (20), മരട് തേലപ്പറമ്പിൽ പെരുപറമ്പ് ബാബുവിന്റെ മകൻ അതുൽ (19) എന്നിവർ മുമ്പ് മരിച്ചിരുന്നു. കഴിഞ്ഞ 25 ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം.തിരുവനന്തപുരത്തു നിന്നു മൂകാംബികയിലേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാർ, വട്ടക്കേരിൽ ക്ഷേത്രം റോഡിൽ നിന്ന് ദേശീയപാതയിലേക്ക് കയറി യു ടേൺ തിരിഞ്ഞ യുവാക്കളുടെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അമൽ രാജ് തത്ക്ഷണം മരിച്ചു. ദിൽജിത്തിന്റെ സംസ്കാരം പോസ്റ്റുമോർട്ടത്തിനു ശേഷം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ നടക്കും. സഹോദരി: ദിൽമ.