arrest

ചേർത്തല: സർക്കാർ അതിഥി മന്ദിരത്തിന് സമീപം പൊതുമരാമത്ത് ഓഫീസ് വളപ്പിൽ സൂക്ഷിച്ചിരുന്ന മണൽ കടത്തിയ സംഭവത്തിൽ ഒരാൾ പിടിയിൽ.പള്ളിപ്പുറം തിരുനെല്ലൂർ സോണി ഭവനിൽ സോണിമോനെയാണ് (46) ചേർത്തല സി.ഐ പി.ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.

ഡിസംബർ 19ന് ഉച്ചയോടെയാണ് 10 ലോഡോളം മണൽ ജെ.സി.ബിയും ടിപ്പറും ഉപയോഗിച്ച് കടത്തിയത്. ഇതു സംബന്ധിച്ച് അസിസ്​റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ എൽ.രാജശ്രീ പൊലീസിൽ പരാതി നൽകിയിരുന്നു.പ്രധാന ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് തുടർ ചുമതലകളിലായതിനാൽ ഓഫീസ് പ്രവർത്തിച്ചിരുന്നില്ല.ഇതിന്റെ മറവിലാണ് മണൽകടത്തിയത്.

നഗരത്തിലെ വിവിധ ഭാഗങ്ങളിൽ ഓടകൾ പുനർനിർമ്മിച്ചിരുന്നു.ഇവിടെ നിന്നെത്തിച്ച മണലാണ് കനാൽ തീരത്ത് സംഭരിച്ചിരുന്നത്. മണൽ കടത്താൻ ഉപയോഗിച്ച ടിപ്പർ ലോറി, മണൽ ലോറിയിലേക്ക് കയറ്റാൻ ഉപയോഗിച്ച ജെ.സി.ബി എന്നിവയും ഡ്രൈവർമാരും കേസിൽ പ്രതിയാകും. ടിപ്പർ ലോറി ഇതുവരെ കസ്റ്റഡിയിൽ എടുത്തിട്ടില്ല. പൊതുമരാമത്ത് വകുപ്പിലെ കരാറുകാരന്റെ നിർദ്ദേശ പ്രകാരമാണ് മണൽ കടത്തിയെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ഇയാൾ കരാർ ജോലി ചെയ്ത സ്ഥലത്ത് നിന്നും സംഭരിച്ച മണലാണ് ഇവിടെ സൂക്ഷിച്ചിരുന്നത്. ഒരു ലോഡ് മണലിന് ഇരുപതിനായിരത്തോളം രൂപ വരുമെന്നാണ് കണക്കാക്കുന്നത്.