ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് 14-ാം വാർഡിനെ പ്രതിനിധീകരിച്ച് 3 ജനപ്രതിനിധികൾ.കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ,വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ, ഗ്രാമപഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട ഷീല പ്രതീഷ് ബെൽ എന്നിവരാണിവർ. 14-ാം വാർഡിന്റെ ഭാഗമായ കട്ടയിൽ പ്രദേശത്ത് നിന്നാണ് ഇവർ വിജയിച്ചത്.
നൂറോളം വീടുകൾ ഉൾപ്പെടുന്ന പാർട്ടി കേന്ദ്രത്തിൽ നിന്നാണ് മൂന്നു പേർ വിജയിച്ചത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ സി.പി.എം പ്രതിനിധിയായി കണിച്ചുകുളങ്ങര ഡിവിഷനിൽ നിന്നാണ് തിരഞ്ഞെടുക്കപ്പെട്ടത്.സ്വന്തം ഡിവിഷനായ കഞ്ഞിക്കുഴിയിൽ നിന്നാണ് സി.പി.എം പാർട്ടി അംഗമായ വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ ജില്ലയിലെ തന്നെ മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചത്.കഞ്ഞിക്കുഴി പഞ്ചായത്തിൽ ഏറ്റവും കൂടുതൽ ഭൂരിപക്ഷം നേടി വിജയിച്ച സി.പി.ഐയിലെ ഷീല പ്രതീഷ് ബെല്ലാണ് വാർഡ് പ്രതിനിധി.