കുട്ടനാട്: പാലം നി​ർമാണത്തി​ന്റെ പേരി​ൽ കെ. എസ്. ആർ. ടി​.സി​ സർവീസ് നി​ർത്തി​യതായി​ ആക്ഷേപം. മാമൂട് പാലത്തിന്റെ പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് മങ്കൊമ്പ് -ചമ്പക്കുളം റോഡ് വഴി​യുള്ള സർവീസുകളാണ് നി​ർത്തിയത്.

3.40 കിലോമീറ്റർ മാത്രം ദൈർഘ്യം വരുന്നതാണ് മങ്കൊമ്പ് -ചമ്പക്കുളം റോഡ്. ഇതി​ന്റെ മൂന്ന് കിലോമീറ്ററുകൾക്കപ്പുറത്തായാണ് മാമൂട് പാലം. പാലത്തിന്റെ പുനർ നിർമ്മാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി ആലപ്പുഴ- ചങ്ങനാശേരി ഡിപ്പോകളിൽ നിന്നുള്ള സർവീസുകൾ നിർത്തിവച്ചി​രി​ക്കുകയാണ് കെ. എസ്. ആർ. ടി​.സി​.

മങ്കൊമ്പ് ജംഗ്ഷനിൽ നിന്നും മൂന്ന് കിലോമീറ്ററിലേറെ ദൂരം വരുന്ന പോരൂർക്കര സ്‌കൂൾ ജംഗ്ക്ഷൻ വരെയോ ചെത്തിക്കുന്ന് ജംഗ്ഷൻവരെയോ സർവീസ് നടത്തുന്നതിന് യാതൊരു തടസവുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്. മുഴുവൻ ഷെഡ്യൂളുകളും നിർത്തിവച്ച കെ.എസ്.ആർ.ടി.സി നടപടി ഇതോടെ വൻ വിവാദമായിരിക്കുകയാണ്. നൂറുകണക്കിന് യാത്രക്കാരാണ് ഇതോടെ നിത്യവും ദുരിതത്തിലായിരിക്കുന്നത്. സ്‌കൂളുകൾ തുറന്നുപ്രവർത്തിക്കാൻ തുടങ്ങിയതോടെ നിരവധി വിദ്യാർത്ഥികളും ചമ്പക്കുളം ഗവ. ആശുപത്രി, ഇലക്ട്രിസിറ്റി ഓഫീസ് സർവീസ് സഹകരണ ബാങ്ക് തുടങ്ങിയ പൊതു സ്ഥാപനങ്ങളെ ആശ്രയിക്കേണ്ടിവരുന്നവരും ഇതുമൂലം ഏറെ ബുദ്ധിമുട്ടിലായതായും ആക്ഷേപമുണ്ട്. അതേ സമയം യാതൊരു നിയന്ത്രണവുമില്ലാതെ സ്വകാര്യ വാഹനങ്ങൾക്ക്‌ റോഡിലൂടെ ഏത് സമയവും സഞ്ചരിക്കാമെന്ന അവസ്ഥയുമുണ്ട്.