കായംകുളം: എന്റമ്മേടെ ജിമിക്കി കമ്മൽ
എന്റച്ഛൻ കട്ടോണ്ട് പോയേ
എന്റച്ഛന്റെ ബ്രാണ്ടിക്കുപ്പി
എന്റമ്മ കുടിച്ചു തീർത്തേ
കവി പനച്ചൂരാന്റെ കേരളക്കരയെ ഇളക്കിമറിച്ച ഗാനം.
യുവാക്കളും കോളേജ് കാമ്പസുകളും ഒന്നാകെ ഏറ്റുപാടിയെങ്കിലും കവി പനച്ചൂരാൻ വിമർശനങ്ങൾക്കും
വിധേയനായി ഇതിന്റെ പേരിൽ. തട്ടുപൊളിപ്പൻ സിനിമാ ഗാനങ്ങളുടെ രചയിതാവെന്ന നിലയിൽ ഒരുവിഭാഗം അദ്ദേഹത്തെ വിലയിരുത്തി. എന്നാൽ മലയാളത്തിന്റെ ചൂടും ചൂരുമുള്ള കവിതകൾ രചിച്ച് ജനമനസുകളിൽ മുൻപേ ഇടം നേടിയിരുന്നു ഇദ്ദേഹം.
ലക്ഷണമൊത്ത കവിതകളിലൂടെ മലയാളിയുടെ മനസിൽ ചേക്കേറിയതിനു ശേഷമാണ് പനച്ചൂരാൻ ചലച്ചിത്ര പിന്നണി ഗാന രംഗത്ത് ശ്രദ്ധേയനാകുന്നതെന്നതാണ് യാഥാർത്ഥ്യം.
ആഗ്നേ ഇദം നമ മ: എന്നു തുടങ്ങുന്ന ആഗ്നേയം , 'വലയിൽ വീണ കിളികളാണു നാം'
, കായംകുളത്തെ നഗരത്തിലെ കടത്തിണ്ണകളിൽ അഭയം തേടിയിരുന്ന രണ്ട് ഭ്രാന്തികളെപ്പറ്റി എഴുതിയ രണ്ടു പേക്കോലങ്ങൾ എന്നിവയെല്ലാം അനിലിനെ നേരത്തെ പ്രശസ്തിയിലേയ്ക്ക് ഉയർത്തിയിരുന്നു.
ലാൽ ജോസിന്റെ അറബിക്കഥ എന്ന ചിത്രത്തിലെ ചോര വീണ മണ്ണിൽ നിന്ന് ഉയർന്നു വന്ന പൂമരം, കഥ പറയുമ്പോൾ എന്ന ചിത്രത്തിലെ വ്യത്യസ്തനാമൊരു ബാർബറാം ബാലനെ എന്നീ ഗാനങ്ങൾ ഇദ്ദേഹത്തിന് പാട്ടെഴുത്തുകാരനെന്ന അംഗീകാരം നൽകി.
അറബിക്കഥ,നസ്രാണി,സൈക്കിൾ,കഥപറയുമ്പോൾ,മകന്റെ അച്ഛൻ,ഭ്രമരം,ജവാൻ ഓഫ് വെള്ളിമല,മേരിക്കുണ്ടൊരു കുഞ്ഞാട്,മാണിക്യക്കല്ല്,ക്രേസി ഗോപാലൻ, ചൈന ടൗൺ,സീനിയയേഴ്സ്, വിക്രമാദിത്യൻ, രാജമ്മ @യാഹൂ ഡോട്ട് കോം, താപ്പാന, ലൗഡ് സ്പീക്കർ, യാത്ര ചോദിക്കാതെ അച്ചായൻസ് തുടങ്ങി ഏറ്റവും പുതിയ ചിത്രമായ "കവി ഉദ്ദേശിച്ചത്" വരെ 140 സിനിമകൾക്ക് പാട്ടെഴുതി.
പത്തൊൻപതാം വയസിലാണ് ആദ്യകവിതാ സമാഹാരമായ 'സ്പന്ദനങ്ങൾ' പ്രസിദ്ധീകരിച്ചത്. അന്ന് മൂന്നു രൂപ വിലയുള്ള ഈ പുസ്തകം വിറ്റു വിശപ്പകറ്റിയിട്ടുണ്ടെന്ന് കവി പിന്നീട് പറഞ്ഞിട്ടുണ്ട്. 'വലയിൽ വീണ കിളികൾ' ഈ സമാഹാരത്തിലെ ആദ്യകവിതയാണ്.കായംകുളം പട്ടണത്തിലെ മനോനില തെറ്റിയ രണ്ടുസ്ത്രീകൾ "അമ്മയും മകളും" കടത്തിണ്ണയിൽ അഭയം തേടി അലഞ്ഞു നടന്നിരുന്നു. ഇവരുടെ ജീവിതമാണ് " രണ്ടു പേക്കോലങ്ങൾ" എന്ന സൂപ്പർ ഹിറ്റ് കവിത.
" തിരികെ ഞാൻ വരുമെന്ന വാർത്തകേൾക്കാനായി ഗ്രാമം
കൊതിക്കാറുണ്ടിന്നും "എന്ന ഗാനം ഏവരുടെയും ചുണ്ടിലും തത്തിക്കളിച്ചു. ഗൃഹാതുരതയെ ഇത്രത്തോളം വെളിപ്പെടുത്തിയ വരികൾ മലയാള സിനിമാ ഗാനങ്ങളിൽ ഇല്ലെന്നു തന്നെ പറയാം. 'മകൾക്ക്' എന്ന സിനിമയിൽ ആദ്യമായി പനച്ചൂരാന്റെ "അനാഥൻ" എന്നകവിത ഉപയോഗിച്ചു. സംവിധായകൻ ജയരാജ് ബാലചന്ദ്രൻ ചുള്ളിക്കാടിനെക്കൊണ്ട് ഇത് പാടിച്ചു. തുടർന്ന് ലാൽജോസ് "അറബിക്കഥയിൽ" അനിലിന്റെ പാട്ടുപയോഗിച്ചു. ഇതോടെ പാട്ടെഴുത്തിലേക്ക് പൂർണമായും പനച്ചൂരാൻ തിരിഞ്ഞു. 2014 ലെ കേരള സർക്കാർ മിനിസ്ക്രീൻ അവാർഡ് ജൂറിചെയർമാൻ ആയിരുന്ന അദ്ദേഹം നിലവിൽ വൈലോപ്പിള്ളി സംസ്‌കൃതിഭവൻ വൈസ് ചെയർമാനും സാഹിത്യ അക്കാദമി മെമ്പറുമായിരുന്നു. . 'വലയിൽ വീണ കിളികൾക്ക്' ബഹ്‌റൈൻ മലയാളി അവാർഡ് ലഭിച്ചു. 12 രാജ്യങ്ങളിലെ ഫിലിംഫെയർ അവാർഡ് നേടി.
കൂടാതെ ചാനൽ അവാർഡ് നിരവധി സംഘടനകളുടെ ആദരവ് ഏഷ്യാനെറ്റ് ഫിലിംക്രിട്ടിക് വനിതാ വെള്ളിനക്ഷത്രം അവാർഡ് നേടി .