ആലപ്പുഴ: പഠിക്കുമ്പോഴേ ഉണ്ട് കവിതയുടെ ഒരു പൊങ്ങച്ചം, പിന്നെ ഇടത്തോട്ടുള്ള ഒരു ചായ് വും. ആലപ്പുഴ എസ്.ഡി കോളേജിൽ 1987-88 കാല ഘട്ടത്തിൽ പാർത്ഥസാരഥി അയ്യങ്കാർ സ്മാരക ഇന്റർ കൊളിജീയറ്റ് യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പോകുമ്പോൾ ഒപ്പമുണ്ടായിരുന്നു കൂട്ടുകാരായി അനിൽപനച്ചൂരാനും ബൈജു മനാശേരിയും.

മത്സരത്തിൽ ജയിച്ച ബൈജുവും ജയിക്കാത്ത പനച്ചൂരാനും പിന്നെ ഈയുള്ളവനും മടങ്ങിയത് ഒരേ മനസോടെ. കുറെ വർഷങ്ങൾ കടന്നു. അപ്രതീക്ഷിതമായി ആലപ്പുഴയിലെ കേരളകൗമുദി ഓഫീസിലേക്ക് ഒരു ഇരമ്പിക്കയറ്റം. ലാൽജോസ് സംവിധാനം ചെയ്ത 'അറബിക്കഥ' എന്ന സിനിമയിലെ ഗാനരചനയ്ക്കുള്ള അവസരം ലഭിച്ചതിന്റെ സന്തോഷം അറിയിക്കാനുള്ള വരവായിരുന്നു പനച്ചൂരാന്റേത്. പിന്നീട് മോഹനൻ സംവിധാനം ചെയ്ത 'കഥ പറയുമ്പോൾ' എന്ന ചിത്രം. അപ്പോഴും വന്നു ആലപ്പുഴയ്ക്ക്. തൊടുപുഴയ്ക്ക് പോയിട്ട് അടുത്ത ദിവസം മടങ്ങിയെത്തുമ്പോൾ കാണാമെന്നൊരു വാക്ക്. പറഞ്ഞ വാക്ക് പാലിച്ചു. ഹോട്ടൽമുറിയിലെ ശബ്ദ കോലാഹലത്തിൽ കേട്ട വരികൾ ഇപ്പോഴും കാതിൽ മുഴക്കമായുണ്ട് 'വ്യത്യസ്തനാമൊരു ബാർബറാം ബാലനെ...'

മലയാള സിനിമയിലെ ഗാനരചനാ സമ്പ്രദായത്തിൽ വേറിട്ടൊരു വഴിയിലേക്കുള്ള സഞ്ചാരമായിരുന്നു അത്. 'ചോരവീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമരം, ചേതനയിൽ നൂറുനൂറു പൂക്കളായ് പൊലിക്കവെ' എന്ന വരികൾ കേരള യുവതയുടെ വിപ്ളവ ചിന്തയ്ക്ക് മേൽ അഗ്നിയായി കത്തിക്കയറിയതും കാലം കണ്ടു. എഴുത്തിന്റെ തിരക്കിനിടയിലും സൗൃദത്തിന്റെ എത്രയോ ദിവസങ്ങൾ. കേരളകൗമുദിയുടെ ആലപ്പുഴ യൂണിറ്റിലെ വിദ്യാരംഭചടങ്ങുകളിൽ പല തവണ പങ്കെടുത്ത പനച്ചൂരാൻ കൗമുദിയുമായി എന്നും വലിയ സൗഹൃദമാണ് പുലർത്തിയിരുന്നത്.