കായംകുളം: കവിതകളിൽ പ്രണയവും വിപ്ളവവും ഒരു പോലെ സന്നിവേശിപ്പിച്ച ജനപ്രിയ കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന് മലയാളത്തിന്റെ അന്ത്യാഞ്ജലി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം ഇന്നലെ രാത്രി ഏഴു മണിയോടെ കായംകുളം പുതുപ്പള്ളിയിലെ പനച്ചൂർ വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ മായയുടെ സഹോദരി വിനയയുടെ ഭർത്താവ് അനിൽകുമാർ ചിതയിൽ തീ പകർന്നു.
മായ,മക്കളായ മൈത്രേയി, അരുൾ, മാതാവ് ദ്രൗപതി, ഭാര്യാ സഹോദരി വിനയ,ഭാര്യാ മാതാവ് വിജയകുമാരി തുടങ്ങിയവർ ചടങ്ങുകൾക്ക് സാമൂഹ്യ അകലം പാലിച്ച് സാക്ഷ്യംവഹിച്ചു. 15 മിനിട്ടു കൊണ്ട് സംസ്കാരചടങ്ങ് പൂർത്തിയാക്കി.
ഭാര്യയുടെയും ബന്ധുക്കളുടെയും ആവശ്യത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷമാണ് മൃതദേഹം കായംകുളത്തേക്ക് കൊണ്ടുവന്ന് സംസ്കരിച്ചത്. ബന്ധുക്കളിൽ ചിലർ ഇന്നലെ രാവിലെ കായംകുളം പൊലീസ് സ്റ്റേഷനിൽ എത്തി ദുരൂഹതകൾ നീക്കാൻ പോസ്റ്റ്മോർട്ടം വേണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഇവരുടെ മൊഴി രേഖപ്പെടുത്തുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു. കായംകുളം പൊലീസ് സ്റ്റേഷനിലെ എസ്.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കി.
ഞായറാഴ്ച രാവിലെ ഒരു സുഹൃത്തിനൊപ്പം മാവേലിക്കരയിൽ ക്ഷേത്ര ദർശനത്തിന് പോയ അനിൽ കുഴഞ്ഞു വീണതിനെ തുടർന്ന് തട്ടാരമ്പലത്തിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചു. പിന്നീട് തിരുവനന്തപുരം കിംസിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. അബോധാവസ്ഥയിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. മൂക്കിൽനിന്നു രക്തവും ഉണ്ടായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ചികിത്സാപ്പിഴവ് സംബന്ധിച്ചും ആന്തരിക രക്തസ്രാവം സംബന്ധിച്ചും ചില സംശയം കിംസിലെ ഡോക്ടർമാർ പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് ബന്ധുക്കൾ പോസ്റ്റുമോർട്ടം ആവശ്യപ്പെട്ടത്.
അനിലിന്റെ വിയോഗവാർത്ത അറിഞ്ഞ് സുഹൃത്തുകളും ബന്ധുക്കളും ആസ്വാദകരും ഉൾപ്പെടെ നിരവധിപേർ ഇന്നലെ കായംകുളത്തെ വസതിയിൽ എത്തിയിരുന്നു.
ശോകഗാനമായി പനച്ചൂരാൻ മടങ്ങി
കോവളം സതീഷ്കുമാർ
തിരുവനന്തപുരം: നാവിലെന്നും തത്തിക്കളിക്കുന്ന പ്രണയവും വിരഹവും വിപ്ലവാവേശവും വേദനയും നിറയ്കുന്ന ഒരുപാട് വരികൾ ബാക്കിവച്ച് ഒരു ശോകഗാനമായി അനിൽ പനച്ചൂരാൻ മടങ്ങി. ഒരുപാട് വേഷങ്ങൾ ജീവിതത്തിലണിഞ്ഞ അനിൽ പനച്ചൂരാന്റെ ജീവിതത്തിൽ വഴിത്തിരിവ് നൽകിയ തലസ്ഥാനനഗരം ഇന്നലെ വേദനയോടെ അദ്ദേഹത്തിന് വിട നൽകി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉൾപ്പെടെയുള്ളവർ ഇന്നലെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിയിരുന്നു.
ഞായറാഴ്ച രാത്രി സ്വകാര്യ ആശുപത്രിയിൽ അന്ത്യനിദ്ര പൂകിയ പനച്ചൂരാന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നു വൈകിട്ട് നാലരയോടെ ജന്മനാടായ കായംകുളത്തേക്കു കൊണ്ടുപോയി. അദ്ദേഹമെഴുതിയ 'വയലിൽ വീണ കിളി'കളെയും 'ചോരവീണ മണ്ണിൽ നിന്നുയർന്നു വന്ന പൂമര'ത്തിനെയും നെഞ്ചേറ്റിയ ആസ്വാദകരും സുഹൃത്തുക്കളുമെല്ലാം ആശുപത്രി പരിസരത്ത് എത്തിയിരുന്നു. കൊവിഡ് സ്ഥിരീകരിച്ചിരുന്നതിനാൽ പ്രോട്ടോക്കോൾ പാലിച്ചായിരുന്നു ആംബുലൻസിൽ മൃതദേഹം കൊണ്ടുപോയത്.
1991ൽ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനം ഉപേക്ഷിച്ച് സന്യാസത്തിലേക്കു പോയ അനിൽ പനച്ചൂരാൻ ലൗകിക ജീവിതത്തിലേക്ക് മടങ്ങിയെത്തിയത് തിരുവനന്തപുരത്ത് എത്തിയതിനുശേഷമായിരുന്നു. ഇവിടെ ലാ കോളേജിൽ സായാഹ്ന കോഴ്സിൽ ചേർന്നുകൊണ്ട് മറ്രൊരു ജീവിതം ആരംഭിക്കുകയായിരുന്നു. അപ്പോഴാണ് കവിതകൾ പുറത്തേക്ക് മുഴങ്ങിപ്പരന്നത്. അങ്ങനെ ഒഴുകിപ്പരന്ന പാട്ടുകളിൽ ലയിച്ച ഈ നാട്ടുകാരി മായയാണ് അനിലിന്റെ വധുവായത്. മായയ്ക്കു വേണ്ടിയാണ്
'' ഒരു കവിത കൂടി ഞാൻ എഴുതിവയ്ക്കാം
എന്റെ കനവിൽ നീ എത്തുമ്പോൾ ഓമനിക്കാൻ
ഒരു മധുരമായെന്നും ഓർമ്മ വയ്ക്കാൻ
ചാരുഹൃദയാഭിലാഷമായ് കരുതി വയ്ക്കാൻ'' എന്ന കവിത എഴുതിയത്.