s

ദീർഘനാളത്തെ ഇടവേളയ്ക്ക് ശേഷം കോളേജുകൾ തുറന്നു

ആലപ്പുഴ : ദീർഘകാലത്തെ മൗനത്തിന് വിട നൽകി കാമ്പസ് ഇടനാഴികളിൽ വീണ്ടും കളിചിരി ശബ്ദങ്ങൾ മുഴങ്ങി.കോളേജ് ജീവിതത്തിലെ ശേഷിക്കുന്ന കാലയളവ് മനോഹരമാക്കാൻ കലാലയത്തിന്റെ പടികടന്നെത്താൻ സാധിച്ചതിലെ സന്തോഷം എല്ലാ വിദ്യാർത്ഥികളുടെ മുഖത്ത് പ്രകടം. മരച്ചുവട്ടിലെ തണലിൽ ഒരു കാലത്ത് കൂട്ടം കൂടിയിരുന്ന് വിശേഷങ്ങൾ പങ്കുവെച്ചിരുന്നവർ മാസ്ക്കിന്റെ മറവിൽ അകന്നിരുന്ന് കൊവിഡ് കാല വിശേഷങ്ങൾ പങ്കുവച്ചു.

ഒരു ചോറ്റുപാത്രത്തിൽ നിന്ന് ഊണ് കഴിച്ച് വിശപ്പടക്കിയിരുന്നവർ അകന്നിരിക്കാൻ പഠിച്ചു. ഒൻപത് മാസത്തെ കാത്തിരിപ്പിനൊടുവിലാണ് കോളേജുകളിൽ ഇന്നലെ അദ്ധ്യയനം ഭാഗികമായി പുനരാരംഭിച്ചത്. അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും, പി.ജി വിദ്യാർത്ഥികൾക്കും മാത്രമാണ് കോളേജിലെത്താൻ അനുമതിയുള്ളത്. ഒന്നാം വർഷ, രണ്ടാം വർഷ ക്ലാസുകൾ ഓൺലൈനിൽ തുടരും. വിദ്യാർത്ഥികൾ കൂടുതലുള്ള വകുപ്പുകളിൽ പല ക്ലാസ് മുറികളിലായി ഇരുത്തിയാണ് അദ്ധ്യയനം ആരംഭിച്ചത്.

സ്കൂളുകൾക്ക് സമാനമായി ഒരു ബെഞ്ചിൽ രണ്ടു പേർ എന്ന നിലയിൽ ഇരിപ്പിടമൊരുക്കി. ക്ലാസിൽ പ്രവേശിക്കുന്നതിന് മുമ്പും ശേഷവും വിദ്യാർത്ഥികൾക്ക് കൈകഴുകുന്നതിന് സംവിധാനങ്ങൾ ഒരുക്കിയിരുന്നു. തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് അളന്ന ശേഷമാണ് എല്ലാവരെയും പ്രവേശിപ്പിച്ചത്. യൂണിവേഴ്സിറ്റി പരീക്ഷ എഴുതുന്നവർക്കു വേണ്ട ക്രമീകരണങ്ങളും ഇന്നലെ കോളേജുകളിൽ ഒരുക്കിയിരുന്നു. പരമാവധി 20 പേരെ മാത്രമാണ് ഒരു ക്ലാസിൽ ഇരുത്തുന്നത്. കൊവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിനുള്ള നിർദേശങ്ങൾ കാമ്പസുകളിൽ വിവിധ ഭാഗത്തായി പ്രദർശിപ്പിച്ചിട്ടുണ്ട്.താപനില അളക്കുന്ന വിഭാഗം, സാനിട്ടൈസർ നൽകുന്നവർ എന്നിങ്ങനെ അദ്ധ്യാപകരെയും അനദ്ധ്യാപകരെയും പല ഗ്രൂപ്പുകളായി തിരിച്ചിരുന്നു.

എല്ലാവരും വരേണ്ട

സാമൂഹിക അകലം പാലിച്ച് വിദ്യാർത്ഥികളെ ഇരുത്തുന്നതിന് ക്ലാസ് മുറികൾ തികയാത്ത കോളേജുകളുണ്ട്. അവിടങ്ങളിൽ നിലവിൽ ലാബ് പ്രാക്ടിക്കൽ ക്ലാസുകളുള്ള ബി.എസ് സി വിദ്യാർത്ഥികളോട് മാത്രമാണ് കാമ്പസിൽ വരാൻ നിർദേശിച്ചിട്ടുള്ളത്. മറ്റുള്ളവർക്ക് ഓൺലൈൻ ക്ലാസ് തുടരും. യൂണിവേഴ്സിറ്റി പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെയും, ലാബ് ക്ലാസുള്ള ഡിഗ്രിക്കാരെയും പി.ജി വിദ്യാർത്ഥികളെയും മാത്രം ഉൾക്കൊള്ളിക്കാനുള്ള ശേഷിയാണ് ചില കോളേജുകളിൽ ഉണ്ടായിരുന്നത്. ഈ മാസം 12ന് ശേഷമേ പല കോളേജുകളിലും ആർട്സ് വിഭാഗക്കാർക്ക് ക്ലാസിലെത്തിയുള്ള അദ്ധ്യയനം ആരംഭിക്കുകയുളളൂ.

നെഗറ്റീവെങ്കിൽ ഹോസ്റ്റലിൽ താമസം

കോളേജ് ഹോസ്റ്റലുകളിൽ താമസിക്കാനെത്തുന്ന വിദ്യാ‌ർത്ഥികൾ കൊവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന റിസൾട്ട് ഹാജരാക്കണമെന്ന് കോളേജ് അധികൃതർ പറഞ്ഞു. അധികം ബാച്ചുകൾക്ക് അദ്ധ്യയനം ആരംഭിച്ചിട്ടില്ലാത്തതിനാൽ ഹോസ്റ്റലിലും കാര്യമായ തിരക്ക് അനുഭവപ്പെടാൻ സാദ്ധ്യതയില്ല.

സജ്ജീകരണങ്ങൾ

1.ക്ലാസ് മുറികളും ഹോസ്റ്റൽ മുറികളും അണുവിമുക്തമാക്കി

2.സാമൂഹിക അകലം ഉറപ്പു വരുത്താൻ ഫ്ലോർ ഡ്യൂട്ടി,

3.അദ്ധ്യാപകർക്കും മറ്റ് ജീവനക്കാർക്കും ധരിക്കാൻ ഗ്ലൗസുകൾ

4. കൊവിഡ് ലക്ഷണമുള്ള വിദ്യാർത്ഥികൾക്ക് പ്രത്യേകം ക്ലാസ് മുറികൾ

5. മിക്ക കോളേജുകളിലും രണ്ട് ഷിഫ്റ്റുകളായാണ് ക്ലാസുകൾ

6.ആദ്യത്തെ ആഴ്ച അദ്ധ്യാപകരുടെ എണ്ണത്തിലും നിയന്ത്രണം

7.അടുത്ത ആഴ്ച് മുതൽ ഓൺലൈൻ ക്ലാസുകളും അദ്ധ്യാപകർ കോളേജിൽ വച്ച് നടത്തണം

8. ഓൺലൈൻ ക്ളാസിനായി വിദ്യാർത്ഥികൾക്ക് വീട്ടിൽ തന്നെ തുടരാം.

'' കുട്ടികൾ ഏറെ സന്തോഷത്തോടെയാണ് കോളേജിലേക്ക് എത്തിയത്. അവരുടെ സുരക്ഷയ്ക്ക് വേണ്ട എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. സാമൂഹിക അകലം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. - പി.ആർ.ഉണ്ണിക്കൃഷ്ണൻ,പ്രിൻസിപ്പൽ, എസ്.ഡി കോളേജ് ,ആലപ്പുഴ

ഇനി കാമ്പസ് ജീവിതത്തിൽ രണ്ടുമൂന്ന് മാസം മാത്രമാണ് ശേഷിക്കുന്നത്. ഇപ്പോഴെങ്കിലും തിരിച്ചുവരാൻ പറ്റിയതിൽ സന്തോഷം. പഠനത്തിന് ഓൺലൈൻ ക്ലാസാണ് നല്ലതെങ്കിലും കോളേജ് ജീവിതം ആസ്വദിക്കണമെങ്കിൽ കാമ്പസിൽ എത്തിയേപറ്റൂ. മൂന്ന് വർഷമായി കാത്തിരുന്ന സ്റ്റഡി ടൂർ അടക്കം നഷ്ടമായി

- ബിരുദ വിദ്യാർത്ഥികൾ