madhu

ആലപ്പുഴ: സിനിമകൾ തിയേറ്ററുകളിലെത്താൻ വൈകുമെന്നറിയാമെങ്കിലും കാത്തിരിപ്പ് തുടരുകയാണ് മധു. സ്‌ക്രീനിലെ അക്ഷരങ്ങളിൽ സിനിമ തെളിയുമ്പോൾ, ആ അക്ഷരങ്ങളുടെ വ്യത്യസ്തത കുടുംബസമേതം ആസ്വദിച്ചിരുന്ന മധു, മമ്മൂട്ടിയുടെ 'കുഞ്ഞാലി മരയ്ക്കാർ' ഉൾപ്പെടെയുള്ള വമ്പൻമാരുടെ വരവിനായി കാത്തിരിക്കുകയാണ്.

കുത്തിയതോട് പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗം ഓവർസിയറാണ് ചേർത്തല കുറുപ്പംകുളങ്ങര കൃഷ്ണകൃപയിൽ സി.ആർ.മധു (49). 1997ൽ ഹരിത പോസ്റ്റർ ഡിസൈനിംഗ് കമ്പനിയിലാണ് ടൈറ്റിൽ ഡിസൈനിംഗിൽ മധുവിന്റെ തുടക്കം. ഇതുവരെ 50 ഓളം ചിത്രങ്ങൾക്ക് ടൈറ്റിൽ അക്ഷരങ്ങൾ എഴുതി നൽകി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, രാക്ഷസ രാജാവ്,മൈഡിയർ കരടി, ദാദാസാഹിബ്, നരേന്ദ്രൻ മകൻ ജയകാന്തൻ വക, ഡാർലിംഗ് ഡാർലിംഗ്,കേരള ഹൗസ്, പൈലറ്റ്‌സ്,ആദി, ആകാശമിഠായി,ലോലപ്പന്റെ മാമോദീസ,റോസാപ്പൂ,ഒരൊന്നൊര പ്രണയം എന്നീ സിനിമകളുടെ ടൈറ്റിൽ അക്ഷരങ്ങൾ മധുവിന്റേതാണ്. സന്തോഷ് ശിവൻ സംവിധാനത്തിൽ മമ്മൂട്ടി നായകനാകുന്ന കുഞ്ഞാലിമരയ്ക്കാർ യാഥാർത്ഥ്യമായാൽ മധുവിന്റെ പുതിയ ടൈറ്റിലുകളിലൊന്ന് സ്‌ക്രീനുകളിൽ തെളിയും.
പ്രീഡിഗ്രി പഠനത്തിന് ശേഷം സ്‌കൂൾ ഒഫ് ആർട്‌സിൽ നിന്ന് ഡിപ്ലോമ പൂർത്തിയാക്കി. ഇതിനിടെ കൈക്കലാക്കിയ സിവിൽ ഡിപ്ലോമ സർക്കാർ ജോലിക്ക് വഴിതെളിച്ചു. 2002 ൽ മൂവാറ്റുപുഴയിൽ ഇറിഗേഷൻ വിഭാഗത്തിലെ ഓവർസിയറായി പി.എസ്.സി നിയമനം. തുടർന്നും സിനിമയിലെ സുഹൃദ് ബന്ധങ്ങൾ മധുവിനെ തേടിയെത്തി. ജോലികഴിഞ്ഞുള്ള സമയമാണ് ഡിസൈനിംഗിന് നീക്കിവയ്ക്കുക. വീട്ടിൽ ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. സിനിമയുടെ ഉള്ളടക്കം കേട്ടിട്ട് അനുയോജ്യമായ രീതിയിലാണ് ടൈറ്റിൽ കാർഡ് ഡിസൈൻ ചെയ്യുന്നത്.

ആലപ്പുഴ പി.എസ്.സി ഓഫീസിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറാണ് ഭാര്യ സരിത. മക്കൾ അനുഗ്രഹും വൈഷ്ണവും അച്ഛനു പിന്തുണയുമായി കൂടെയുണ്ട്.

....................................

സിനിമയുടെ ടൈറ്റിൽ കാർഡ് ഡിസൈൻ ചെയ്യുന്നത് പ്രത്യേക സന്തോഷമാണ് നൽകുന്നത്. സുഹൃദ് ബന്ധങ്ങളാണ് ഈ മേഖലയിൽ സജീവമാക്കുന്നത്. ചിലപ്പോൾ ദിവസങ്ങളോളം എടുത്താണ് ടൈറ്റിലിന്റെ ജോലികൾ പൂർത്തിയാകുന്നത്

(സി.ആർ.മധു,ടൈറ്റിൽ ഡിസൈനർ)