രോഗം സ്ഥിരീകരിച്ചത് ഭോപ്പാലിലെ വൈറോളജി ലാബിലെ പരിശോധനയിൽ
പ്രദേശത്തെ കോഴികളെയും കൊന്നൊടുക്കും
ആലപ്പുഴ: അപ്പർ കുട്ടനാട്ടിൽ താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് പക്ഷിപ്പനി മൂലമാണെന്ന് ഭോപ്പാലിലെ വെറ്ററിനറി ഹൈ സെക്യൂരിറ്റി വൈറോളജി ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിൽ സ്ഥിരീകരിച്ചു. ശക്തി കുറഞ്ഞ വൈറസ് ആയതിനാൽ രോഗം മനുഷ്യരിലേക്ക് പകരാൻ സാദ്ധ്യതയില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. രോഗ വ്യാപനം തടയുന്നതിനുള്ള മുൻ കരുതലിന്റെ ഭാഗമായി പ്രദേശത്തെ കോഴികളെയും കൊന്നൊടുക്കാനാണ് തീരുമാനം. രോഗബാധയുള്ള താറാവുകളെയും കോഴികളെയും കൊന്നൊടുക്കുന്ന പ്രവർത്തനം ഇന്ന് തുടങ്ങും. അപ്പർ കുട്ടനാട്ടിൽ ഇരുപത്തയ്യായിരത്തോളം താറാവുകൾ അടുത്തിടെ രോഗം മൂലം ചത്തൊടുങ്ങിയിരുന്നു.
ഭോപ്പാലിലെ ലാബിൽ നിന്ന് ലഭിച്ച റിപ്പോർട്ട് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് ഇന്നലെയാണ് ചീഫ് സെക്രട്ടറിക്ക് കൈമാറിയത്. ഇതോടെ രോഗ നിയന്ത്രണത്തിന് പ്രദേശത്തുള്ള 35,000 താറവുകളെയും കോഴികളെയും കൊന്നൊടുക്കാൻ ജില്ല മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിച്ചു. കരുവാറ്റ, പള്ളിപ്പാട്, നെടുമുടി, തകഴി പഞ്ചായത്തുകളിലാണ് രോഗം റിപ്പോർട്ട് ചെയ്തത്.
ചത്ത താറാവുകൾക്ക് പക്ഷിപ്പനി ലക്ഷണങ്ങളുണ്ടായിരുന്നെങ്കിലും കൂടുതൽ വ്യക്തതയ്ക്കായാണ് ഭോപ്പാലിലെ ലാബിൽ പരിശോധന നടത്താൻ ജില്ലാ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചത്. തൃശൂർ മണ്ണുത്തി മൈക്രോ വൈറോളജി ഡിപ്പാർട്ട്മെന്റിലെ വിദഗ്ദ്ധ സംഘം ചത്ത നൂറിലധികം താറാവുകളുടെ പോസ്റ്റുമോർട്ടം നടത്തിയപ്പോൾ ബാക്ടീരിയ ബാധയെന്ന പ്രാഥമിക നിഗമനത്തിലെത്തിയിരുന്നു. എന്നാൽ, ഈ റിപ്പോർട്ടുകൾ തിരുത്തുന്നതായിരുന്നു ഭോപ്പാലിലെ പരിശോധനാഫലം.
18 ഗ്രൂപ്പുകൾ
രോഗബാധ സംശയിക്കുന്ന താറാവുകളെയും കോഴികളെയും കൊന്നൊടുക്കാൻ പത്ത് അംഗങ്ങളുള്ള 18ഗ്രൂപ്പുകൾ രൂപീകരിച്ചു. ഓരോ ഗ്രൂപ്പിലും ഒരു ഡോക്ടർ, രണ്ട് വീതം ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ, അറ്റൻഡർമാർ, രണ്ട് തൊഴിലാളികൾ, ഒന്ന് വീതം റവന്യൂ, പഞ്ചായത്ത്, പൊലീസ് ഉദ്യോഗസ്ഥർ എന്നിവരടങ്ങും. പി.പി.ഇ കിറ്റ് ധരിച്ചായിരിക്കും സംഘത്തിന്റെ പ്രവർത്തനം. കേന്ദ്രനിർദേശം അനുസരിച്ച് നിശ്ചിത താഴ്ചയിൽ കുഴിയെടുത്ത്, കൊന്നൊടുക്കുന്ന താറാവുകളെയും കോഴികളെയും കുമ്മായപ്പൊടി വിതറി കുഴിച്ചു മൂടും. വെള്ളക്കെട്ട് പ്രദേശത്ത് കുഴിയെടുക്കാൻ കഴിയാതെ വന്നാൽ കൊന്നൊടുക്കുന്ന താറാവ്, കോഴി എന്നിവയെ തീയിട്ട് കത്തിക്കും.
ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ കൊല്ലും
ജില്ലയിൽ താറാവുകൾ ചത്തത് പക്ഷിപ്പനി പരത്തുന്ന എച്ച്-5 എൻ-8 വിഭാഗത്തിൽപ്പെട്ട വൈറസ് ബാധയാണെന്ന് പരിശോധനയിൽ കണ്ടെത്തി. രോഗ നിയന്ത്രണം അടിയന്തരമായി നടപ്പാക്കുന്നതിന് കളക്ടർ എ അലക്‌സാണ്ടറുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു സ്ഥിതി വിലയിരുത്തി. രോഗ ബാധ സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിലെ പക്ഷികളെ കൊന്ന് നശിപ്പിക്കുന്നതിന് തീരുമാനമാനിച്ചു. നിശ്ചിത സ്ഥലങ്ങൾ കണ്ടെത്തി പക്ഷികളെ കൊന്ന് പ്രത്യേക മാർഗ്ഗ നിർദ്ദേശ പ്രകാരം കത്തിക്കും. ഇതിനാവശ്യമായ വിറക്, ഡീസൽ, പഞ്ചസാര തുടങ്ങിയ സാമഗ്രികൾ ബന്ധപ്പെട്ട പഞ്ചായത്ത് നൽകാനുള്ള നിർദ്ദേശം കളക്ടർ പഞ്ചായത്ത് സെക്രട്ടറിമാർക്ക് കൈമാറി. കൊല്ലുന്ന പക്ഷിയുടെ തൂക്കം അനുസരിച്ച് കിലോയ്ക്ക് 5 കിലോ വിറകാണ് വേണ്ടിവരുക. ആർ.ആർ.ടിയിലേക്കുള്ള മറ്റ് വകുപ്പുകളുടെ ജീവനക്കാരെ അതത് വകുപ്പുകൾ വിട്ടുനൽകാൻ കളക്ടർ നിർദ്ദേശിച്ചു. നെടുമുടിയിലേക്ക് 15 ടൺ, തകഴിയിൽ 115 ടൺ, കരുവാറ്റ 125 ടൺ, പള്ളിപ്പാട് 40 ടൺ വിറകാണ് ആവശ്യമായി വരുക.
സെക്രട്ടറിമാർ സ്ഥലം കണ്ടെത്തണം
പക്ഷികളെ കൊല്ലുന്നതിനുള്ള സ്ഥലം കണ്ടെത്തിവയ്ക്കാൻ പഞ്ചായത്ത് സെക്രട്ടറിമാരോട് ആവശ്യപ്പെട്ടു.നെടുമുടിയിൽ ആദ്യ ദിനം രണ്ട് ആർ.ആർ.ടിയും രണ്ടാം ദിവസം സാനിട്ടേഷനായി ഒരു ആർ.ആർ.ടി യും പോകും. പനിയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളോ ചുറ്റുവട്ടത്ത് മനുഷ്യർക്കിടയിൽ ഉണ്ടോ എന്ന് കണ്ടെത്തുന്നതിന് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ സർവേ നടന്നുവരുകയാണ്. കള്ളിങ്ങിന് പോകുന്ന ടീമംഗങ്ങൾക്ക് എച്ച്.വൺ.എൻ.വൺ പ്രതിരോധ മരുന്ന് നൽകുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ യോഗത്തിൽ അറിയിച്ചു.
ദേശാടന പക്ഷികളെ ശ്രദ്ധിക്കണം
ഇവിടെയെത്തുന്ന ദേശാടന പക്ഷികളിൽ എന്തെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങൾ ഉണ്ടോയെന്ന് നിരീക്ഷിക്കണമെന്ന് സോഷ്യൽ ഫോറസ്ട്രി ഉദ്യോഗസ്ഥർക്ക് കളക്ടർ നിർദ്ദേശം നൽകി. ആറിടങ്ങളിൽ നിന്ന് മൃഗസംരക്ഷണ വകുപ്പ് സാമ്പിൾ ശേഖരിച്ചിരുന്നെങ്കിലും നിലവിൽ നാല് പഞ്ചായത്തുകളിൽ മാത്രമാണ് ടെസ്റ്റ് പോസിറ്റീവ് ആയത്.
ഇറച്ചി, മുട്ട വിപണനം നിരോധിച്ചു
ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കുട്ടനാട്, കാർത്തികപ്പള്ളി താലൂക്ക് പരിധിയിലെ താറാവ്, കോഴി, കാട തുടങ്ങിയ പക്ഷികളുടെ ഇറച്ചി, മുട്ട, കാഷ്ടം (വളം) മുതലായവയുടെ ഉപയോഗം, വിപണനം, കടത്തൽ എന്നിവ കളക്ടർ നിരോധിച്ചു.
പഞ്ചായത്ത്, ആകെ കൊന്നൊടുക്കുന്ന താറാവിന്റെയും കോഴികളുടെയും എണ്ണം
കരുവാറ്റ - 12,750
തകഴി -11,250
നെടുമുടി - 5,975
#പള്ളിപ്പാട് - 4,627
"രോഗവ്യാപനം തടയാൻ താറാവ്, കോഴികളെ കൊന്നോടുക്കുന്ന പ്രവർത്തനം മൂന്ന് ദിവസത്തിനുള്ളിൽ പൂർത്തികരിക്കും
ഡോ. സന്തോഷ്കുമാർ, ജില്ലാ ഓഫീസർ, മൃഗസംരക്ഷണ വകുപ്പ്