ആലപ്പുഴ: സംസ്ഥാനത്തെ ആരോഗ്യമേഖലക്ക് മുതൽക്കൂട്ടാകുന്ന വണ്ടാനത്തെ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കെട്ടിടത്തിന്റെ നിർമ്മാണം അവസാന ഘട്ടത്തിൽ. ഏ​റ്റവും വേഗത്തിൽ വിവിധ പരിശോധനാ ഫലം ലഭ്യമാക്കാൻ പ്രാപ്തമായതും വൈറസ് രോഗങ്ങളെക്കുറിച്ചുള്ള കു​റ്റമ​റ്റതും ആഴത്തിലുള്ളതും നിരന്തരവുമായ ഗവേഷണത്തിനും പ്രാപ്തമാകുന്ന ഇൻസ്റ്റിറ്റ്യൂട്ട് വണ്ടാനം ഗവ. ടി. ഡി. മെഡിക്കൽ കോളേജ് അങ്കണത്തിലാണ്

നിർമിക്കുന്നത്.

മൂന്ന് നിലകൾ, വിശാല സൗകര്യം

മൂന്നു നിലകളിലായുള്ള കെട്ടിടത്തിൽ താഴത്തെ നിലയിൽ പാർക്കിംഗ്, തൊട്ടു മുകളിൽ ലാബ് സംവിധാനങ്ങൾ, മുകളിലത്തെ നിലയിൽ സയന്റിസ്​റ്റുകൾ, അനുബന്ധ ഡോക്ടർമാർ എന്നിവർക്കുള്ള താമസ സൗകര്യം എന്നിവയും ഒരുക്കും. ബയോ സേഫ്റ്റി ലെവൽ മൂന്ന് (ബി എസ് എൽ 3) പദവി നിലവാരത്തിലാണ് ഇൻസ്​റ്റി​റ്റ്യൂട്ട് പ്രവർത്തിക്കുക. മൃഗങ്ങളിലൂടെയുളള അണുബാധ പരിശോധനാ സൗകര്യം,രോഗനിർണയ സംവിധാനം എന്നിവയാണ് ലാബിന്റെ പൂർത്തീകരണത്തിലൂടെ ലക്ഷ്യം വയ്കുന്നത്. ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ചിനു കീഴിലാണിത്. കെട്ടിടത്തിന്റെ പ്രവർത്തനത്തിനാവശ്യമായ പ്രത്യേകം രൂപകൽപ്പന ചെയ്ത ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്ന ജോലികളും ലാബ് ഫർണിഷിംഗ് ജോലികളും മാത്രമാണ് ബാക്കിയുള്ളത്.

ആറു മാസത്തിനുള്ളിൽ തുടങ്ങും

കൊവിഡ് പ്രതിബന്ധങ്ങളില്ലെങ്കിൽ ആറു മാസത്തിനുള്ളിൽ ലാബ് പ്രവർത്തന സജ്ജമാക്കാൻ കഴിയുമെന്ന് ലാബിന്റെ ചുമതല വഹിക്കുന്ന സയന്റിസ്​റ്റ് ജി. ആൻഡ് ഓഫീസർ ഇൻ ചാർജ് ഡോ. എ.പി സുഗുണൻ പറഞ്ഞു.

താഴ്ന്നതും വെള്ളത്താൽ ചു​റ്റപ്പെട്ടതുമായ ആലപ്പുഴ ജില്ലയിലുണ്ടായ പകർച്ചവ്യാധി ഭീഷണിക്ക് ശാശ്വത പരിഹാരം കാണണമെന്ന ദൃഢനിശ്ചയം മുൻനിർത്തി 2006ലെ വി.എസ് സർക്കാരിന്റെ കാലത്ത് ജില്ലയുടെ ചുമതല നിർവഹിച്ചിരുന്ന മന്ത്റി ജി.സുധാകരന്റെ അഭ്യർത്ഥനയെ തുടർന്ന് ആരോഗ്യ വകുപ്പു മന്ത്റിയായിരുന്ന പി. കെ. ശ്രീമതിയാണ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് എന്ന ആശയം മന്നോട്ടു വച്ചത്. ഇതിനായി ടി.ഡി മെഡിക്കൽ കോളേജിന്റെ അധീനതയിലുള്ള അഞ്ച് ഏക്കർ സ്ഥലം വിട്ടു നൽകി. 2011ൽ കെട്ടിട നിർമ്മാണം ആരംഭിച്ചു. നിർമ്മാണത്തിലെ പോരായ്മകൾ പരിഹരിക്കാൻ എ .എം. ആരിഫ് എം പി യുടെ സഹായത്താൽ 10 കോടി രൂപ ഏതാനും മാസങ്ങൾക്കു മുമ്പ് ലഭ്യമായതോടെ കെട്ടിടത്തിന്റെ നിർമ്മാണം അവസാനഘട്ടത്തിലെത്തി.

വൈറസ് ഗവേഷണം വേഗത്തിലാവും

ലബോറട്ടറി പ്രവർത്തിക്കുന്നതോടെ കൊവിഡ് 19, നിപ വൈറസ് ഉൾപ്പടെയുള്ള പകർച്ചവ്യാധികളെക്കുറിച്ചും മനുഷ്യനും പക്ഷിമൃഗാദികൾക്കും ഭീഷണിയായി മാറുന്ന മ​റ്റു വൈറസുകളെക്കുറിച്ചും വേഗത്തിലും ആഴത്തിലുമുള്ള ഗവേഷണം നടത്താൻ കഴിയും. വേഗത്തിൽ പരിശോധനാ ഫലം ലഭ്യമാക്കി യഥാസമയം ചികിത്സ നൽകാൻ സഹായിക്കുന്ന സ്ഥാപനം ദക്ഷിണേന്ത്യയിലെ പ്രധാന ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലൊന്നായി മാറും.