s

മത്സ്യം, ബീഫ്, പച്ചക്കറി വില കൂടിയേക്കും

ആലപ്പുഴ: ജില്ലയിൽ 25,000 താറാവുകൾ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നതോടെ കോഴി വളർത്തൽ, ഇറച്ചിക്കോഴി മേഖലയിൽ ആശങ്ക. രോഗഭീതി മൂലം കോഴിയിറച്ചിക്കുൾപ്പെടെ ആവശ്യക്കാർ കുറയും. ഇത് കോഴി വളർത്തൽ വ്യവസായത്തെ പ്രതികൂലമായി ബാധിക്കും. കോഴിക്കും താറാവിനും വില ഇടിഞ്ഞാൽ, മറുവശത്ത് ബീഫിനും മത്സ്യത്തിനും പച്ചക്കറിക്കും വില കൂടാനും സാദ്ധ്യതയുണ്ട്.

കുട്ടനാടൻ പ്രദേശങ്ങളിൽ ഡിസംബറിൽ സ്ഥിരമായി എത്തുന്ന ദേശാടനപ്പക്ഷികൾ വഴി രോഗം പടരുന്നതായാണ് സംശയിക്കുന്നത്. ജില്ലയിൽ തലവടി, എടത്വ, പള്ളിപ്പാട്, തഴക്കര എന്നിവിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച മേഖലയ്ക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തു പക്ഷികളെ കൊന്നൊടുക്കും. സംസ്ഥാനത്ത് മനുഷ്യരിൽ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതലും ജാഗ്രതയും ആവശ്യമാണ്.

അടിക്കടി പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്ന ആലപ്പുഴ ജില്ലയിൽ ഓണാട്ടുകര കേന്ദ്രീകരിച്ച് പക്ഷി നിരീക്ഷണ കേന്ദ്രം ആരംഭിക്കണമെന്ന് കേരള പൗൾട്രി ഫെഡറേഷൻ നിരവധി തവണ ധനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇത്തവണത്തെ ബഡ്ജറ്റിൽ ആവശ്യം പരിഗണിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് മേഖലയിലുള്ളവർ. കേന്ദ്രം നിലവിൽ വന്നാൽ രോഗം വേഗം തിരിച്ചറിയാനും മുൻകരുതൽ നടപടികൾ സ്വീകരിക്കാനും കഴിയും.

.......................

പക്ഷിപ്പനി എന്ന് കേൾക്കുമ്പോൾ തന്നെ ജനങ്ങളിൽ ആശങ്ക ഉയരും. വിഷയം ജാഗ്രതയോടെ കൈകാര്യം ചെയ്യാൻ ഭക്ഷ്യ - ആരോഗ്യ വകുപ്പുകളുടെ ഇടപെടൽ വേണം

എസ്.കെ.നസീർ, കേരള പൗൾട്രി ഫെ‌‌ഡറേഷൻ

............................

ഇറച്ചി പാകം ചെയ്ത് കഴിച്ചാൽ ഭയപ്പെടേണ്ടതില്ല. എന്നാൽ പാകം ചെയ്യാത്ത ഇറച്ചി കൈകാര്യം ചെയ്യുന്ന കച്ചവടക്കാരും വീട്ടമ്മമാരടക്കം ജാഗ്രത പാലിക്കണം

ഡോ.ബി. പത്മകുമാർ, മെഡിക്കൽ കോളേജ്, ആലപ്പുഴ

............................

ജാഗ്രത വേണം

 പക്ഷിവളർത്തൽ കേന്ദ്രത്തിലെ ജീവനക്കാർ, ഇറച്ചിക്കടയിലെ ജീവനക്കാർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയർ ഏറെ ശ്രദ്ധിക്കണം

 രോഗം ബാധിച്ച പക്ഷികളുടെ ഉമിനീർ, സ്രവങ്ങൾ, കാഷ്ഠം എന്നിവയിലുള്ള വൈറസ് വായുവിലൂടെ നേരിട്ട് ശ്വാസകോശത്തിലേക്ക് പ്രവേശിച്ചേക്കാം

 വേണ്ടത്ര രീതിയിൽ പാകം ചെയ്യാത്ത മുട്ട, മാംസം എന്നിവയിൽ നിന്നും വൈറസ് പകരാം