തുറവൂർ: തിരഞ്ഞെടുപ്പ് കഴിഞ്ഞു, പുതിയ ഭരണസമിതി വന്നുവെങ്കിലും കോടംതുരുത്ത് പഞ്ചായത്തിൽ സ്ഥിതി അത്ര സുഖകരമല്ലെന്നതാണ് അവസ്ഥ. സ്വന്തമായി ഒരു വാഹനമില്ലാതായിട്ട് ഏറെ നാളായി. അതിനുപുറമെയാണ് പഞ്ചായത്ത് സെക്രട്ടറിയുടെ കസേര ഒഴിഞ്ഞുകിടക്കുന്നത്.
വാഹനമില്ലാത്തതിനാൽ പ്രസിഡന്റിനും മറ്റും ഔദ്യോഗിക ആവശ്യങ്ങൾക്കായി
ഓട്ടോയിലും മറ്റുമൊക്കെയായി പോകേണ്ട ഗതിയാണ്. സമീപ പഞ്ചായത്തുകളിലൊന്നും ഈ അവസ്ഥയില്ല. അവിെയൊക്കെ വാഹനവും ഡ്രൈവറുമുണ്ട്. കോടംതുരുത്തിൽ മാറി മാറി പഞ്ചായത്ത് ഭരിച്ച മുന്നണികൾ വാങ്ങാൻ മറന്നു പോയോ എന്നാണ് നാട്ടുകാരുടെ ചോദ്യം. വാഹനം പഞ്ചായത്ത് ഫണ്ടിൽ നിന്ന് തുക വിനിയോഗിച്ചു അടിയന്തരമായി വാങ്ങാവുന്നതേയുള്ളൂ. വണ്ടി വാടകയിനത്തിൽ ലക്ഷങ്ങളാണ് ചെലവാകുന്നത്. എ ഗ്രേഡ് വിഭാഗത്തിൽപ്പെടുന്ന പഞ്ചായത്തിന് ഏതാനും ലക്ഷങ്ങൾ ചെലവഴിച്ച് വാഹനം വാങ്ങാൻ വലി ബുദ്ധിമുട്ടൊന്നുമില്ല. കഴിഞ്ഞ യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് 2019-20 സാമ്പത്തിക വർഷത്തെ ബഡ്ജറ്റിൽ 10 ലക്ഷം രൂപ വാഹനം വാങ്ങാൻ വകയിരുത്തിയെങ്കിലും തുടർ പ്രവർത്തനങ്ങൾ നടന്നില്ല. കൊറോണയുടെ വരവിലും ചുവപ്പുനാടയിലും ഇത് കുടുങ്ങിയതായാണ് മുൻ പഞ്ചായത്ത് ഭാരവാഹികൾ പറയുന്നത്.
കോടംതുരുത്ത് പഞ്ചായത്ത്
15 വാർഡുകളിലായാണ് പഞ്ചായത്ത് വ്യാപിച്ചുകിടക്കുന്നത്. പഞ്ചായത്തിനെ വിഭജിച്ചു കടന്നു പോകുന്ന ദേശീയ പാത - 66 നോട് ചേർന്നാണ് പഞ്ചായത്ത് ഓഫീസ് സ്ഥിതി ചെയ്യുന്നത്. 20 ഓളം ജീവനക്കാരാണ് ഓഫീസിലുള്ളത്.
സെക്രട്ടറിയില്ലാതെ 18 നാൾ
പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് പുതിയ ഭാരവാഹികൾ ചുമതലയേറ്റുവെങ്കിലും കഴിഞ്ഞ ഡിസംബർ 16 മുതൽ പഞ്ചായത്ത് സെക്രട്ടറിയുടെ ഒഴിഞ്ഞുകിടക്കുന്നു. കഴിഞ്ഞ ഡിസംബർ 16ന് നിലവിലുണ്ടായിരുന്ന സെക്രട്ടറി സ്ഥലം മാറി പോയതാണ്. പകരം ആൾ എത്താത്തത് ഓഫീസ് പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന് പരാതിയുണ്ട്.
കമന്റ്
പഞ്ചായത്തിലേക്ക് സ്വന്തമായി വാഹനം വാങ്ങാൻ ആദ്യകാലത്ത് ശ്രമിച്ചുവെങ്കിലും വരുമാനക്കുറവിന്റെ പേരിൽ മറ്റംഗങ്ങൾ എതിർത്തതിനെെ തുടർന്നാണ് വാഹനം വാങ്ങാതെ പോയത്. ഭരണ സമിതിയുടെ കാലാവധി തീരുന്നതിന് മുൻപ് തനത് ഫണ്ടിലുൾപ്പെടുത്തി വാഹനം വാങ്ങാൻ തുക വകയിരുത്തിയിട്ടുണ്ട്.
സൂസൺ സെബാസ്റ്റ്യൻ , മുൻ പഞ്ചായത്ത് പ്രസിഡന്റ്, കോടംംതുരുത്ത്
ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയുടെ ആദ്യ ലക്ഷ്യം പഞ്ചായത്തിന് സ്വന്തമായി ഒരു വാഹനമെന്നതാണ്. അതിനുള്ള നടപടിക്രമങ്ങൾ ഉടൻ പൂർത്തീകരിക്കും.കഴിഞ്ഞ പഞ്ചായത്ത് കമ്മിറ്റികളിൽ വാഹനം വാങ്ങണമെന്ന കാര്യം ശക്തമായി ആവശ്യപ്പെട്ടത് ഞാനടക്കമുള്ള ബി.ജെ.പി അംഗങ്ങളാണ്.
ബിനീഷ് ഇല്ലിക്കൽ, പ്രസിഡന്റ്,
കോടംതുരുത്ത് പഞ്ചായത്ത്