ആലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് വ്യാജ തെളിവുണ്ടാക്കി കോടതിയിൽ സമർപ്പിച്ച കായംകുളം ഡിവൈ എസ്.പി ആർ.ബിനുവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം പി.മോഹനദാസ് സംസ്ഥാന പൊലീസ് മേധാവിക്ക് ഉത്തരവ് നൽകി.
ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വ്യാജ തെളിവുണ്ടാക്കിയതായി ആരോപിച്ച് , പീഡനക്കേസിൽ പ്രതിയായ വ്യക്തിയുടെ ഭാര്യ കമ്മീഷനിൽ സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. അയൽവാസികൾ തമ്മിലുള്ള വഴക്കിനെ തുടർന്നാണ് പരാതിക്ക് ആസ്പദമായ സംഭവമുണ്ടായത്. അയൽവാസിയായ പെൺകുട്ടിയെ പരാതിക്കാരിയുടെ ഭർത്താവ് പീഡിപ്പിച്ചെന്നായിരുന്നു പരാതി . തുടർന്ന് ഭർത്താവിനെ അറസ്റ്റ് ചെയ്തു. ഉന്നത പൊലീസുദ്യോഗസ്ഥർക്ക് ലഭിച്ച പരാതിയെ തുടർന്ന് നടത്തിയഅന്വേഷണത്തിൽ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി. തുടർന്ന് പീഡനക്കേസ് റദ്ദാക്കി. കമ്മീഷനിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ പരാതിയെ കുറിച്ച് അന്വേഷണം നടത്തിയിരുന്നു. ഡിവൈ എസ്.പി വ്യാജ തെളിവുണ്ടാക്കി കോടതിയിൽ ഹാജരാക്കിയതായി അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
സാക്ഷികൾ കൂറുമാറിയതു കൊണ്ടാണ് പ്രതിയെ വെറുതെ വിട്ടതെന്നും താൻ നിരപരാധിയാണെന്നും
കായംകുളം ഡിവൈ എസ്.പി ആർ.ബിനു കമ്മീഷനെ അറിയിച്ചു. എന്നാൽ, അന്വേഷണത്തിൽ ഡിവൈ എസ്.പി ഗുരുതര ക്യത്യവിലോപമാണ് കാണിച്ചതെന്ന് വ്യക്തമായതായി കമ്മിഷൻ അറിയിച്ചു.