അഭിപ്രായങ്ങൾ തുറന്നുപറയാനുള്ള അനിൽ പനച്ചൂരാന്റെ ധൈര്യം അസാമാന്യമായിരുന്നു. താനെങ്ങനെയാണോ അങ്ങനെ ജീവിക്കുക എന്ന സ്വാതന്ത്ര്യം പനച്ചൂരാൻ സുന്ദരമായി ഉപയോഗിച്ചു. അക്കാരണത്താൽ അദ്ദേഹത്തിന് ഒരുപാട് എതിർപ്പുകളും നേരിടേണ്ടി വന്നിട്ടുമുണ്ട്. പരിഷ്കൃത സമൂഹത്തിന്റെ ഇഷ്ടക്കാരനാവാനുള്ള വെമ്പലിൽ ഒരു കപടത നമ്മളെല്ലാം അണിയുന്നുണ്ട്. എന്നാൽ, അനിൽ അത്തരം സൗഹൃദങ്ങളൊന്നും പ്രതീക്ഷിച്ചില്ല. ചിലപ്പോൾ കവിയരങ്ങുകളിൽ നിന്ന് ക്ഷുഭിതനായി ഇറങ്ങിപ്പോകുന്ന അനിലിനെ കണ്ടിട്ടുണ്ട്. പ്രസംഗിക്കുമ്പോഴുണ്ടാകുന്ന അഭിപ്രായ വ്യത്യാസങ്ങളിൽ കലഹിച്ച് ഇറങ്ങിപ്പോകുന്ന അനിലിനെ കണ്ടിട്ടുണ്ട്. ഒരുപക്ഷേ, ഏറെ ആരാധിക്കുന്ന ചലച്ചിത്ര സംവിധായകരുടെ മുന്നിൽ വിനീതവിധേയനായി നിൽക്കാതെ കാലിന്മേൽ കാലുകയറ്റി വച്ച് താൻ താനായി തന്നെ അഭിപ്രായങ്ങൾ തുറന്നുപറയുന്ന അനിലിനെ കണ്ടിട്ടുണ്ട്. അത്രയൊന്നും ധൈര്യമില്ലാത്തതുകൊണ്ടാണ് ഞങ്ങളൊക്കെ ഇങ്ങനെയാവാത്തതെന്ന് വയലാർ ശരത്ചന്ദ്ര വർമ്മ തമാശരൂപത്തിൽ പറഞ്ഞിട്ടുള്ളത് ഓർക്കുന്നു.
കേരളം ഏറ്റുപാടിയ കവിതകളെല്ലാം ആനുകാലിക പ്രസിദ്ധീകരണങ്ങൾ തിരിച്ചയച്ചവയാണെന്ന് അദ്ദേഹം പലവട്ടം പറഞ്ഞിട്ടുണ്ട്. അതെല്ലാം പാടി ജനഹൃദയങ്ങളിലെത്തിക്കാൻ അനിലിന് കഴിഞ്ഞു. സിനിമ ഗാനരചയിതാവാകാൻ വേണ്ടി അനിൽ അങ്ങോട്ടു യാത്ര നടത്തിയതായി അറിയില്ല. ലാൽജോസ് ഒക്കെ അദ്ദേഹത്തെ തേടിവരികയായിരുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങൾ തിരിച്ചയച്ച അനിലിന്റെ കവിത കേട്ട സംവിധായകനാണ് അദ്ദേഹത്തെ ഗാനരചയിതാവാക്കിയത്. അനിൽ സന്യാസിയായി കേരളം മുഴുവൻ അലഞ്ഞുനടന്നു, അപ്രതീക്ഷിതമായി അഡ്വക്കേറ്റായി. തന്റെ കവിതകേട്ട് ഇഷ്ടപ്പെട്ട പെൺകുട്ടിയെ വിളിച്ചുകൊണ്ടുവന്ന് ഭാര്യയാക്കി. ഒരു സംവിധായകന് മുന്നിലും ചാൻസ് ചോദിക്കാതെ ഗാനരചയിതാവായി. സിനിമാ ഗാനങ്ങളിൽ മറ്റാരും പ്രയോഗിക്കാത്ത പ്രയോഗങ്ങൾ നടത്തി. സ്വതന്ത്രമായി തന്നെ ജീവിക്കാൻ ശ്രമിച്ചു. അകാലത്തിൽ കടന്നുപോയ പല കവികളെയും നമ്മൾ മനസിലാക്കാതെയിരുന്ന പോലെ അനിലിനെയും നമ്മൾക്ക് മനസിലാക്കാൻ കഴിഞ്ഞില്ല.എഴുതപ്പെട്ട കവിതകളും ഗാനങ്ങളും വച്ച് അദ്ദേഹത്തെ ചെറുതായി ഒന്നു വരച്ചിടാനേ സാധിക്കൂ. അക്ഷരാർത്ഥത്തിൽ കവിയായി ജീവിക്കുകയും ഏതു നിലപാട് സ്വീകരിക്കുമ്പോഴും സമൂഹത്തെ ഭയക്കാതിരിക്കുകയും ചെയ്ത ധൈര്യവാനാണ് എന്റെ പ്രിയപ്പെട്ട സുഹൃത്ത് അനിൽ പനച്ചൂരാൻ.