ആലപ്പുഴ: ലോക്സഭാ മണ്ഡലത്തിലെ ഏക കേന്ദ്രീയ വിദ്യാലയമായ ചേപ്പാട് എൻ.ടി.പി.സി സ്കൂൾ അടച്ചു പൂട്ടുന്നതിനെതിരെ ജില്ലയിലെ സൈനിക,അർദ്ധ സൈനിക കൂട്ടായ്മയായ സോൾജിയേഴ്സ് ഒഫ് ഈസ്റ്റ് വെനീസ് നാളെ രാവിലെ 10 ന് സ്കൂളിന് മുന്നിൽ ധർണ നടത്തും. ഏറ്റവും കൂടുതൽ സൈനികരുടെ മക്കൾ പഠിക്കുന്ന സ്ഥാപനം അടച്ചു പൂട്ടിയാൽ ആയിരക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാകുമെന്ന് ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട മന്ത്രിമാർക്ക് നിവേദനം നൽകും. സ്കൂൾ പൂട്ടാനുള്ള തീരുമാനം പിൻവലിക്കുന്നതു വരെ സമരപരിപാടിയുമായി മുന്നോട്ടുപോകുമെന്ന് കൂട്ടായ്മ ഭാരവാഹികൾ പറഞ്ഞു.