കായംകുളം: കവിതകളിൽ പ്രണയവും വിപ്ളവവും ഒരു പോലെ സന്നിവേശിപ്പിച്ച ജനപ്രിയ കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാന് മലയാളത്തിന്റെ അന്ത്യാഞ്ജലി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം ഇന്നലെ രാത്രി ഏഴു മണിയോടെ കായംകുളം പുതുപ്പള്ളിയിലെ പനച്ചൂർ വീട്ടുവളപ്പിൽ സംസ്കരിച്ചു.ഭാര്യ മായയുടെ സഹോദരി വിനയയുടെ ഭർത്താവ് അനിൽകുമാർ ചിതയിൽ തീ പകർന്നു.

മായ,മക്കളായ മൈത്രേയി, അരുൾ, മാതാവ് ദ്രൗപതി, ഭാര്യാ സഹോദരി വിനയ,ഭാര്യാ മാതാവ് വിജയകുമാരി തുടങ്ങിയവർ ചടങ്ങുകൾക്ക് സാമൂഹ്യ അകലം പാലിച്ച് സാക്ഷ്യം വഹിച്ചു. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് 15 മിനിട്ടു കൊണ്ട് സംസ്കാരചടങ്ങ് പൂർത്തിയാക്കി.

ഭാര്യയുടെയും ബന്ധുക്കളുടെയും ആവശ്യത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മാർട്ടത്തിന് ശേഷമാണ് മൃതദേഹം കായംകുളത്തേയ്ക്ക് കൊണ്ടുവന്ന് സംസ്കരിച്ചത്. ബന്ധുക്കളിൽ ചിലർ ഇന്നലെ രാവിലെ കായംകുളം പൊലീസ് സ്റ്റേഷനിൽ എത്തി ദുരൂഹതകൾ നീക്കാൻ പോസ്റ്റ്മോർട്ടം വേണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് ഇവരുടെ മൊഴി രേഖപ്പെടുത്തുകയും അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും ചെയ്തു.

കായംകുളം പൊലീസ് സ്റ്റേഷനിലെ എസ്.ഐ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരുവനന്തപുരത്ത് എത്തി ഇൻക്വസ്റ്റ് തയ്യാറാക്കി.

ഞായറാഴ്ച രാവിലെ ഒരു സുഹൃത്തിനൊപ്പം മാവേലിക്കരയിൽ ക്ഷേത്ര ദർശനത്തിന് പോയ അനിൽ കുഴഞ്ഞു വീഴുകയും തുടർന്ന് തട്ടാരമ്പലത്തിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രികളിലെത്തിച്ചു. പിന്നീട് തുടർചികിത്സയ്ക്ക് തിരുവനന്തപുരം കിംസിൽ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ മരിച്ചു. അബോധാവസ്ഥയിലാണ് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചത്. മൂക്കിൽ നിന്നും രക്തവും ഉണ്ടായിരുന്നു.കൊവിഡ് സ്ഥിരീകരിച്ചെങ്കിലും ചികിത്സാ പിഴവ് സംബന്ധിച്ചും ആന്തരിക രക്തസ്രാവം സംബന്ധിച്ചും ചില സംശയം കിംസിലെ ഡോകടർമാർ പ്രകടിപ്പിച്ചതും കാരണമാണ് ബന്ധുക്കൾ പോസ്റ്റുമോർട്ടം ആവശ്യപ്പെട്ടത്.

അനിലിന്റെ വിയോഗ വാർത്ത അറിഞ്ഞ് സുഹൃത്തുകളും ബന്ധുക്കളും ആസ്വാദകരും ഉൾപ്പെടെ നിരവധിപേർ ഇന്നലെ കായംകുളത്തെ വസതിയിൽ എത്തിയിരുന്നു.