കായംകുളം: 'ഓരോ മഴ പെയ്തു തോരുമ്പോഴും എന്റെ ഓർമ്മയിൽ വേദനയാകുമാ ഗദ്ഗദം , ഒരു മഴ പെയ്തെങ്കിൽ.... ' തന്റെ ഒരു മഴ പെയ്തെങ്കിൽ എന്ന കവിതയിൽ ഗദ്ഗദത്തോടെ അനിൽ പനച്ചൂരാൻ ആവർത്തിച്ച വരികൾ ഇന്നലെ പ്രകൃതി യാഥാർത്ഥ്യമാക്കി. കവിയുടെ അന്ത്യയാത്രയ്ക്ക് തൊട്ടുമുമ്പ് ചുരുങ്ങിയ സമയമെങ്കിലും മഴ ആർത്തലച്ചു പെയ്തു.മിന്നലും ഇടിനാദവും മഴയ്ക്ക് രൗദ്രഭാവം പകർന്നു. പ്രിയപ്പെട്ട കവിയുടെ വിടവാങ്ങലിൽ പ്രകൃതിക്കുള്ള വിങ്ങിപ്പൊട്ടലായി ആ മഴ.

വൈകിട്ട് അഞ്ചു മണിയോടെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹവുമായി ആംബുലൻസ് പുറപ്പെട്ടപ്പോൾ തന്നെ കായംകുളം ഗോവിന്ദമുട്ടത്തുള്ള പനച്ചൂർ വീട്ടുപരിസരത്ത് ആൾക്കാർ എത്തിതുടങ്ങിയിരുന്നു. കൊവിഡ് മാനദണ്ഡം പാലിച്ചുള്ള ചടങ്ങുകളാണെന്ന് അറിഞ്ഞതോടെ ചിലരൊക്കെ ദുഃഖം തുളുമ്പുന്ന മുഖഭാവത്തോടെ പിന്തിരിഞ്ഞു. ആറര മണികഴിഞ്ഞപ്പോഴേക്കും മഴയെത്തി. കുടചൂടിയും അയൽ വീടുകളുടെ വരാന്തയുടെ മേലാപ്പിൻചുവട്ടിലുമൊക്കെയായി അയൽവാസികളും കലാസ്നേഹികളും കാത്തു നിന്നു.

ഏഴു മണിയോടെ പനച്ചൂർ വീടിന്റെ വഴിക്കു മുന്നിൽ ആംബുലൻസ് എത്തി നിന്നു. വീട്ടിലേക്കുള്ള വഴിക്ക് സമീപം പ്രിയകവിയുടെ കൂറ്റൻ ഫ്ളക്സുകൾ സ്ഥാനം പിടിച്ചിരുന്നു. അവയ്ക്ക് മുന്നിൽ ആസ്വാദകർ അർപ്പിച്ച സ്നേഹപുഷ്പങ്ങളും.വീടിന് കിഴക്ക് തെക്കായി ചിത സജ്ജമാക്കി. പ്രാർത്ഥനകളോ അന്ത്യോപചാരമോ ഉണ്ടായില്ല. ആസ്വാദകർ മനസുകൊണ്ട് അർപ്പിച്ച അന്ത്യാഞ്ജലി മാത്രം.പി.പി.ഇ കിറ്റുകൾ ധരിച്ച ആരോഗ്യവകുപ്പ് ജീവനക്കാർ മൃതദേഹം സംസ്കരിക്കാനുള്ള ക്രമീകരണങ്ങൾ നടത്തി. മാതാവ് ദ്രൗപതിയും ഭാര്യ മായ, മക്കളായ മൈത്രേയി,അരുൾ,സഹോദരി അജിത, ഭാര്യാ സഹോദരി വിനയ, ഭാര്യാ മാതാവ് വിജയകുമാരി എന്നിവരും സംസ്കാര കർമ്മങ്ങൾ അകലം പാലിച്ച് വീക്ഷിച്ചു. ഭാര്യാ സഹോദരി വിനയയുടെ ഭർത്താവ് അനിൽകുമാർ ചിതയിലേക്ക് തീ പകർന്നപ്പോൾ, വീട്ടുവരാന്തയിൽ നിന്ന് മായയും മക്കളും കണ്ണീർ വാർക്കുന്ന കാഴ്ച ഏവരുടെയും കരളലിയിക്കുന്നതായിരുന്നു.

ദേവികുളങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പവനനാഥൻ, എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. തന്റെ തൂലിക തുമ്പ് കൊണ്ടും ഇമ്പമാർന്ന ശബ്ദം കൊണ്ടും മലയാള കാവ്യപ്രേമികളെ ആവേശം കൊള്ളിച്ച പ്രിയകവി അനിൽ പനച്ചൂരാന്റെ ഭൗതികശരീരം ഏതാനും മിനിട്ടുകൾക്കുള്ളിൽ അഗ്നി ഏറ്റുവാങ്ങി.