ചേർത്തല:പൊതുമരാമത്ത് ഓഫീസ് വളപ്പിൽ സൂക്ഷിച്ചിരുന്ന മണൽ കടത്തിയ സംഭവത്തിന് പിന്നിൽ കരാറുകാരുമായി ബന്ധപ്പെട്ട മണൽ മാഫിയെയെന്നു സൂചന.സംഭവവുമായി ബന്ധപെട്ട് പളളിപ്പുറം തിരുനെല്ലൂർ സ്വദേശി സോണിമോനെ(46)നെ ചേർത്തല പൊലീസ് ഇൻസ്പെക്ടർ പി.ശ്രീകുമാറിന്റെയും എസ്.ഐ ലൈസാദ് മുഹദിന്റെയും നേതൃത്വത്തിൽ അറസ്റ്റ് ചെയ്തിരുന്നു.പട്ടാപ്പകൽ നടന്ന മണൽ കടത്തിന് ഉപയോഗിച്ച ടിപ്പർ ലോറി പൊലീസ് കസ്റ്റഡിയിൽ എടുത്തെങ്കിലും ജെ.സി.ബി കണ്ടെത്താനായിട്ടില്ല.ഇരുപതിനായിരത്തോളം രൂപ വിലവരുന്ന പത്തു ലോഡ് മണൽ ഇവിടെ നിന്നും കടത്തിയതായാണ് വകുപ്പധികൃതർ പൊലീസിൽ പരാതി നൽകിയത്.അസി.എക്സിക്യൂട്ടീവ് എൻജിനിയർ എൽ.രാജശ്രീയാണ് പരാതി നൽകിയത്.ഇതിനിടെ നിഷ്പക്ഷമായ അന്വേഷണം ആവശ്യപെട്ട് കാന നവീകരണത്തിന്റെ ജോലികൾ നടത്തുന്ന കരാറുകാരൻ ഡിവൈ.എസ്.പിക്കു പരാതി നൽകിയിട്ടുണ്ട്.കരാറുകാരെ അനാവശ്യവിവാദങ്ങളിലേക്കു വലിച്ചിഴക്കുന്നതൊഴിവാക്കണമെന്നും പരാതിയിൽ ആവശ്യപെട്ടു.മറ്റ് പ്രതികളെ പിടികൂടാൻ ചേർത്തല പൊലീസ് ഉൗർജ്ജിതമായ അന്വേഷണം ആരംഭിച്ചു.