തുറവൂർ: എസ്.എൻ.ഡി.പി.യോഗം കുത്തിയതോട് 683-ാം നമ്പർ ശാഖയുടെ കീഴിലുള്ള നാളികാട് ശ്രീരാമകുമാര ക്ഷേത്രത്തിലെ ദേവസ്വം ഓഫീസ് കുത്തി തുറന്ന് നാണയങ്ങളടക്കം 2000 രൂപയോളം കവർന്നു. ഇന്നലെ പുലർച്ചെ 5 മണിയോടെ ക്ഷേത്രത്തിലെത്തിയ അടിച്ചു തളിക്കാരിയായ സ്ത്രീയാണ് ദേവസ്വം ഓഫീസ് തുറന്ന് കിടക്കുന്നത് കണ്ടത്. ഓഫീസിൻ്റെ മുന്നിലെ ലൈറ്റ് ഊരിമാറ്റിയ നിലയിലായിരുന്നു.മുൻവാതിലിലെ പൂട്ട് തകർത്ത് അകത്ത് കയറിയ മോഷ്ടാവ് ഓഫീസിലെ അലമാര കുത്തി തുറന്നാണ് പണം അപഹരിച്ചത്. കണക്കു പുസ്തകങ്ങൾ വലിച്ചു വാരിയിട്ട നിലയിലായിരുന്നു. ക്ഷേത്രം ഭാരവാഹികൾ കുത്തിയതോട് പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് സംഭവസ്ഥലത്തെത്തി പരിശോധിച്ചു.