വിൽക്കുന്നവർക്കും വാങ്ങുന്നവർക്കും ഭീഷണി
ആലപ്പുഴ: യഥാർത്ഥ ലോട്ടറി ടിക്കറ്റിനെ വെല്ലുന്ന ഫോട്ടോസ്റ്റാറ്റ് ടിക്കറ്റുകൾ വിപണിയിൽ ഭീഷണിയാകുന്നു. ലോട്ടറി വിൽപനക്കാർക്കും വാങ്ങുന്നവർക്കും തലവേദനയാകുകയാണ് ഇവ.
സമ്മാനാർഹമായ നമ്പരുള്ള ടിക്കറ്റിന്റെ ഫോട്ടോ സ്റ്റാറ്റ് കോപ്പി ഉപയോഗിച്ച് സമ്മാനത്തുക തട്ടുന്ന സംഘം സംസ്ഥാനത്ത് വിലസുകയാണ്. തട്ടിപ്പിന് ഇരയാകുന്നതിൽ ഏറെയും ചെറുകിട ലോട്ടറി ഏജന്റുമാരാണ്.
കഴിഞ്ഞ ദിവസം മുഹമ്മയിൽ ഇത്തരത്തിൽ ഫോട്ടോസ്റ്റാറ്റ് ലോട്ടറി കണ്ടെത്തിയിരുന്നു. കാസർകോട്ടുനിന്നായിരുന്നു ആ ടിക്കറ്റ് വാങ്ങിയത്. 100 രൂപ സമ്മാനമുണ്ടെന്നറിഞ്ഞു മുഹമ്മയിൽ മാറാൻ ശ്രമിച്ചപ്പോഴാണ് വ്യാജനാണെന്ന് ടിക്കറ്റ് മേടിച്ചയാൾ അറിഞ്ഞത്. വ്യാജ ലോട്ടറി നൽകി കബളിപ്പിച്ചെന്നുകാട്ടി ചേർത്തല സ്വദേശിയായ ടി.എസ്. സുമേഷ് നിയമ നടപടിയിലേക്കു നീങ്ങിയിരിക്കുകയാണ്. ക്യു.ആർ കോഡ് ഒഴിച്ചുള്ളതെല്ലാം അതേപടിയുള്ളതാണ് ഫോട്ടോസ്റ്റാറ്റ് ലോട്ടറി. സമാന സംഭവം ചേർത്തലയിൽ കഴിഞ്ഞ ദിവസം നടന്നിരുന്നു. ഇതിനുപിന്നിൽ വൻമാഫിയാ സംഘങ്ങൾ പ്രവർത്തിക്കുന്നതായാണ് സൂചന. ഇത് കൂടാതെ ടിക്കറ്റ് നമ്പർ ചുരണ്ടി സമ്മാനം ലഭിച്ച ടിക്കറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് ചെറുകിടകച്ചവടക്കാരെ കബളിപ്പിക്കുന്നവരുമുണ്ട്. സമ്മാനത്തുക മുഴുവൻ മേടിക്കാതെ പകുതി തുക പണമായും ലോട്ടറിയായും വാങ്ങും. പ്രായമായ ലോട്ടറി ഏജന്റുമാരാണ് ഇത്തണം തട്ടിപ്പിനിരയാകുന്നവരിലേറെയും. ടിക്കറ്റ് നമ്പറിലെ എട്ട് ചുരണ്ടി മൂന്ന് ആക്കി മാറ്റിയാണ് പ്രധാന തട്ടിപ്പ്. 5000 രൂപയ്ക്കു താഴെയുള്ള സമ്മാനത്തുകയാണ് തട്ടിപ്പുകാരുടെ ലക്ഷ്യം. 100 രൂപ മുതൽ 1000 രൂപ വരെയുള്ള സമ്മാനത്തുകകളിലാണ് തട്ടിപ്പ് നടത്തുന്നത്. ഈ തുക ചെറുകിടകച്ചവടക്കാർ നേരിട്ടു കൈമാറും എന്നതു തന്നെ കാരണം.
വരുന്നത് കാസർകോട് നിന്ന്
ഒറിജിനലിനെ വെല്ലുന്ന വ്യാജ ടിക്കറ്റുകൾ കാസർകോട് നിന്നാണ് വ്കൂടുതലായി എത്തുന്നത്.
യഥാർത്ഥ ലോട്ടറി അച്ചടിക്കുന്ന പേപ്പറിൽ തന്നെയാണ് വ്യാജനും തയ്യാറാക്കുന്നത്. പ്രമുഖ ഏജൻസികളുടെ സീൽ ടിക്കറ്റുകളിൽ അതേപടി പകർത്തിയിരിക്കുന്നതിനാൽ ഒറ്റ നോട്ടത്തിൽ വ്യാജനെ തിരിച്ചറിയാൻ സാധിക്കില്ല.
എഴുത്ത് ലോട്ടറികൾ സജീവം
ജില്ലയിൽ ചില സ്ഥലങ്ങളിൽ എഴുത്ത് ലോട്ടറികളും വ്യാപകമാണ്. എന്നാൽ എഴുത്ത് ലോട്ടറിയെ വ്യാജലോട്ടറിയായി കാണാനാകില്ല. അനധികൃത ബെറ്റിംഗാണ് നടക്കുന്നത്. ഇത്തരം മാഫിയകളെ പിടികൂടാൻ പൊലീസ് ഉന്നതരുടെ നേതൃത്വത്തിൽ പ്രത്യേക ടീമിനെ നിയോഗിച്ചിട്ടുണ്ട്. സർക്കാർ ലോട്ടറിയുടെ ഒന്നാംസ്ഥാനം ലഭിക്കുന്നതിന്റെ നമ്പറിൽ അവസാനത്തെ മൂന്ന് അക്കം പ്രവചിക്കുന്നതാണ് എഴുത്ത് ലോട്ടറി. ഇത് ഊഹിച്ച് ബെറ്റ് വയ്ക്കലാണ്. വർഷങ്ങളുടെ പഴക്കം ഈ തട്ടിപ്പിനുണ്ട്. നിലവിൽ ഒട്ടേറെ കേസുകൾ എടുത്തിട്ടുണ്ടെങ്കിലും ശിക്ഷിക്കപ്പെട്ടത് കുറവാണ്.
'' . വ്യാജ ലോട്ടറി വിൽപന ശക്തമായി തടഞ്ഞിട്ടുണ്ട്. ഫോട്ടോ കോപ്പി രൂപത്തിലാണ് പുതിയ തട്ടിപ്പ്. ചെറുകിട കച്ചവടക്കാരാണ് ഇതിന് ഇരയാകുന്നത്. വ്യാജലോട്ടറി തടയുന്നതിനാണ് ബാർ കോഡ് ഉൾപ്പെടെ പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
വി.എസ് മണി,ആൾ കേരള ലോട്ടറി ഏജന്റ്‌സ് ആൻഡ്
സെല്ലേഴ്‌സ് സംസ്ഥാന പ്രസിഡന്റ് (സി.ഐ.ടി.യു)
'' ലോട്ടറി തട്ടിപ്പിന് ഇരയാകുന്നത് ചെറുകിട കച്ചവടക്കാരാണ്. സർക്കാരിനും പൊലീസിനും ലോട്ടറി വകുപ്പ്അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. അന്യസംസ്ഥാന ലോട്ടറികൾ കേരളത്തിൽ എത്തിയാൽ വ്യാജ ലോട്ടറികൾ കൂടുതൽ വ്യാപകമാകും.
(കെ.ദേവദാസ്,ആൾ കേരള ലോട്ടറി ഏജന്റ്‌സ് ആന്റ് സെല്ലേഴ്‌സ് കോൺഗ്രസ് ഐ.എൻ .ടി.യു.സി ജില്ലാ പ്രസിഡന്റ്)
'' സമ്മാനാർഹമായ നമ്പരുകൾ വ്യാജമായി ഉണ്ടാക്കിയാണ് സംഘം തട്ടിപ്പ് നടത്തുന്നത്. അംഗപരിമിതിയുള്ള ചെറുകിടകച്ചവടക്കാരാണ് ഇതിന് ഇരകളാകുന്നത്.
ലോട്ടറി വ്യാപാരികൾ