കൊവിഡിൽ മങ്ങിയ ഉത്തരവാദിത്ത ടൂറിസം പതിയെ ഉണരുന്നു
ആലപ്പുഴ: ടൂറിസം വികസനത്തിനൊപ്പം പ്രാദേശിക മേഖലയ്ക്കുകൂടി നേരിട്ട് വരുമാനം ലഭിക്കുന്ന 'ഉത്തരവാദിത്ത ടൂറിസം' കൊവിഡിനു ശേഷം പുതിയ തുടക്കത്തിനൊരുങ്ങുന്നു. കഴിഞ്ഞ വർഷം വിനോദസഞ്ചാര മേഖല നേരിട്ട മാന്ദ്യം മൂലം വില്ലേജ് ടൂർ പാക്കേജ് ഉൾപ്പടെ പല പദ്ധതികളും ജില്ലയിൽ നടപ്പായിട്ടില്ല.
ഗ്രാമീണ കരകൗശല, കലാ മേഖലകൾക്കും നാടൻ ഭക്ഷണത്തിനും ഓൺലൈൻ പ്ലാറ്റ്ഫോം നൽകലാണ് വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള ജില്ലാ ഉത്തരവാദിത്ത ടൂറിസം മിഷൻ ഇപ്പോൾ പ്രധാനമായും ചെയ്യുന്നത്. വിനോദസഞ്ചാരികൾക്ക് ജില്ലയുടെ ഉൾപ്രദേശങ്ങൾ പരിചയപ്പെടുത്തുന്ന കമ്മ്യൂണിറ്റി ടൂറിസ്റ്റ് ഗൈഡുമാർക്കുള്ള സൗജന്യ പരിശീലനവും പദ്ധതിയുടെ ഭാഗമാണ്. വിനോദസഞ്ചാര മേഖലയുടെ വളർച്ചയ്ക്കൊപ്പം പ്രാദേശിക വികസനത്തിനും വഴിയൊരുക്കുന്ന ഉത്തരവാദിത്ത ടൂറിസത്തെ പ്രതീക്ഷയോടെയാണ് ടൂറിസം സംരംഭകരുൾപ്പടെ കാണുന്നത്.
പ്രാദേശിക ഉത്പാദകരെയും ടൂറിസത്തെയും ഒരേ ചരടിൽ കോർത്തെടുക്കുക എന്നതാണ് ഉത്തവാദിത്ത ടൂറിസത്തിന്റെ മുഖ്യ ലക്ഷ്യം. 'റെസ്പോൺസിബിൾ ടൂറിസം' എന്ന വെബ് പോർട്ടൽ വഴിയാണ് സഞ്ചാരികളും സംരംഭകരും കണ്ടുമുട്ടുന്നത്. ലോകത്ത് എവിടെയുള്ള സഞ്ചാരിക്കും ഓൺലൈൻ ഷോപ്പ് വഴി നാട്ടിൻ പുറത്തെ സംരംഭകനിലേക്ക് എത്താം. കരകൗശല വസ്തുക്കളും, കലാരൂപങ്ങളും, നാടൻ ഭക്ഷണ വിഭവങ്ങളുമടക്കം വിപുലമായ മാർക്കറ്റാണ് വെബ് പോർട്ടലിൽ മലർക്കെ കിടക്കുന്നത്. വിവിധ തൊഴിലുകളിൽ നൈപുണ്യം നേടിയവർ, കലാകാരന്മാർ തുടങ്ങി നിരവധിപ്പേരാണ് ഇതിനകം പോർട്ടലിൽ രജിസ്റ്റർ ചെയ്തത്. 2007ലാണ് സംസ്ഥാനത്ത് ഉത്തരവാദിത്ത ടൂറിസത്തിന് തുടക്കമായതെങ്കിലും ആലപ്പുഴയിൽ പ്രവർത്തനങ്ങൾ ചറിയ തോതിലെങ്കിലും ആരംഭിച്ചത് 2019ലാണ്. 2020 ആയപ്പോഴേക്കും കൊവിഡ് മൂലം പ്രവർത്തനങ്ങൾക്ക് വേഗം കുറഞ്ഞു.
..........................
വില്ലേജ് ടൂറിസം പാക്കേജ്
കേരളത്തിലെ പ്രധാന വില്ലേജ് ടൂറിസം കേന്ദ്രങ്ങളെ പരിചയപ്പെടാം. ടൂർ ആരംഭിക്കുന്ന സ്ഥലം സമയം, സന്ദർശിക്കുന്ന പ്രധാന സ്ഥലങ്ങൾ, ലഭ്യമാകുന്ന നാടൻ ഭക്ഷണം, സന്ദർശിക്കുന്ന സ്ഥലങ്ങളുടെ പ്രത്യേകതകൾ എന്നിവയാണ് വില്ലേജ് ടൂറിസം പാക്കേജിലുള്ളത്.
ഹ്യൂമൻ റിസോഴ്സ് ഡയറക്ടറി
വിവിധ തൊഴിലുകളിൽ നൈപുണ്യം നേടിയവരുടെ ലിസ്റ്റാണ് ഹ്യൂമൻ റിസോഴ്സ് ഡയറക്ടറിയിൽ. പാചകക്കാർ, ഇലക്ട്രീഷ്യൻ, പ്ലംബർ, അദ്ധ്യാപകർ, ഓട്ടോ - ടാക്സി ഡ്രൈവർമാർ, കർഷകർ, തയ്യൽക്കാർ, തെങ്ങുകയറ്റക്കാർ, കയർ തൊഴിലാളികൾ, യോഗ പരിശീലകർ, പേപ്പർ ബാഗ് നിർമ്മാതാക്കൾ, ഹോം സ്റ്റേ നടത്തിപ്പുകാർ, പെയിന്റർമാർ, ആഭരണ നിർമ്മാതാക്കൾ തുടങ്ങി വിവിധ മേഖലകളിലുള്ളവരുടെ ഫോട്ടോയടക്കം വിശദ വിവരങ്ങൾ ലഭ്യമാവും. റെസ്പോൺസിബിൾ ടൂറിസത്തിന്റെ വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് പ്രവേശിക്കുന്നവർക്ക് നിരക്കടക്കമുള്ള വിവരങ്ങൾ മനസിലാക്കാം.
ഓൺലൈൻ ഷോപ്പ്
പശുവിൻ പാൽ, പച്ചക്കറി, തേങ്ങ, കരിക്ക് തുടങ്ങി കരകൗശല വസ്തുക്കളും ആഭരണങ്ങളും വരെ ഉത്തരവാദിത്ത ടൂറിസത്തിന്റെ ഓൺലൈൻ ഷോപ്പിൽ നിന്ന് വാങ്ങാം.
ഇടനിലക്കാരില്ല
രജിസ്റ്റർ ചെയ്തവരുടെ വിവരങ്ങൾ വെബ്സൈറ്റിൽ ചേർക്കുന്നതോടെ ഇടനിലക്കാരെ ഒഴിവാക്കി ഹോട്ടലുകൾക്കും റിസോർട്ടുകാർക്കും ഇവരെ ബന്ധപ്പെടാം. ജില്ലയിൽ ഇതിനകം 1500ലധികം പേർ പദ്ധതിയിൽ പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
..............................
വിനോദ സഞ്ചാരത്തോടൊപ്പം അനുബന്ധ വ്യവസായങ്ങൾക്കും പരിസ്ഥിതി സൗഹൃദത്തിനും പ്രാദേശിക തൊഴിലവസരങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ടാണ് ഉത്തരവാദിത്ത ടൂറിസം പദ്ധതികൾ തയ്യാറാക്കുന്നത്. ഇതിന്റെ ഭാഗമായി, കമ്മ്യൂണിറ്റി ടൂർ ലീഡർമാരുടെ സേവനവും ലഭിക്കുന്നതോടെ ഇടനിലക്കാരുടെ ചൂഷണത്തിൽ നിന്ന് സഞ്ചാരികളെ സംരക്ഷിക്കാൻ കഴിയും
എം.കെ. മിഥുൻ, ജില്ലാ മിഷൻ കോ ഓർഡിനേറ്റർ, ഉത്തരവാദിത്ത ടൂറിസം മിഷൻ