'കോഴിക്ക് മുല വരും പോലെ ' എന്നൊരു ചൊല്ല് പ്രസിദ്ധമാണ്. 'ഗണപതി കല്യാണം പോലെ നീണ്ടുപോവുക'എന്ന മറ്റൊരു ചൊല്ലും പണ്ടുമുതലേയുണ്ട്. ഇതെല്ലാം ഒരുതരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ബാധകമാണ് ആലപ്പുഴ ബൈപാസിന്റെ കാര്യത്തിൽ. ആശയത്തിന് അരനൂറ്റാണ്ട് പഴക്കമുണ്ട്. നടപടിക്രമങ്ങൾ തുടങ്ങി നാലരപതിറ്രാണ്ടും വേണ്ടിവന്നു ബൈപാസ് ഒന്നു പൂർത്തിയായി ജനങ്ങൾക്ക് കാണാൻ. ഇപ്പോൾ എല്ലാം കഴിഞ്ഞ് ബൈപാസ് വഴി ഗതാഗതം തുടങ്ങുമെന്ന ഘട്ടമെത്തിയപ്പോൾ, വൈക്കം മുഹമ്മദ്ബഷീറിന്റെ 'എട്ടുകാലി മമ്മൂഞ്ഞ്' എന്ന കഥാപാത്രത്തെ അനുസ്മരിപ്പിച്ച് 'അത് ഞമ്മളാ'ണെന്ന് പറയാൻ നിരവധി പേരും.
ബൈപാസ് പൂർത്തിയാക്കിയതിന്റെ അവകാശവാദവുമായി നാനാഭാഗത്തു നിന്നും നേതാക്കളും മുന്നണികളും എത്തിയിരിക്കുകയാണ്. പണി ഇപ്പോഴെങ്കിലും തീരാൻ കാരണം തങ്ങളെന്ന് മുഖ്യമന്ത്റിയും പൊതുമരാമത്ത് മന്ത്റിയും ആലപ്പുഴ എം.പിയും അവകാശപ്പെടുമ്പോൾ, മോദിയാണ് എല്ലാം ചെയ്തതെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. വിവാദം സോഷ്യൽ മീഡിയയ്ക്ക് നല്ല കൊഴുപ്പും നൽകി. ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തുമെന്നാണ് ബി.ജെ.പി നേതാക്കളുടെ പ്രതീക്ഷ. പക്ഷേ ബി.ജെ.പി മനസിൽ കാണുമ്പോൾ മാനത്തു കാണാൻ നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയന് പ്രത്യേക കഴിവുണ്ടല്ലോ. ഉദ്ഘാടനത്തിന് പ്രധാനമന്ത്രി എത്തണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ഒരു കത്ത് തന്നെ അയയ്ക്കാൻ അദ്ദേഹം മുതിർന്നതും ഇതിനാലാണ്. ഏതായാലും ഇപ്പോൾ ആലപ്പുഴയിലെ ചൂടുള്ള ചർച്ചയാണ് ബൈപാസ് ഉദ്ഘാടനം.
ഗതാഗതക്കുരുക്കിന് വലിയ പരിഹാരം
കുപ്പിക്കഴുത്ത് പാലങ്ങളും കനാലുകളും ഊടുവഴികളും വഴിയോരങ്ങളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങളുമൊക്കെയായി നിൽക്കുന്ന ആലപ്പുഴ നഗരത്തിൽ ഗതാഗതക്കുരുക്ക് പതിവ് സംഭവമാണ്. ഏതെങ്കിലും ഒരു വാഹനം എവിടെയെങ്കിലും ഒന്നു ബ്രേക്ക്ഡൗണായാൽ ഇട്ടാവട്ടത്തിലുള്ള ആലപ്പുഴ നഗരം ആകെ സ്തംഭനത്തിലാവും. ഇതിന് വലിയൊരു പരിഹാരമാണ് ബൈപാസ്.കൊല്ലം ഭാഗത്തു നിന്നും എറണാകുളം ഭാഗത്തേക്കും തിരിച്ചും ഭാരവാഹനങ്ങളും ദീർഘദൂര വാഹനങ്ങളും സുഗമമായി കടന്നുപോകാൻ ബൈപാസ് വലിയ തുണയാവും. നഗരത്തിൽ നീങ്ങിയും നിരങ്ങിയും പോകുന്നതിന്റെ വിരസതയും ഒഴിവാകും.
തുടക്കം 1972-ൽ
1972ൽ തുടക്കം കുറിച്ച പദ്ധതിയുടെ അവസാന വട്ട മിനുക്കു പണികളും പൂർത്തിയാക്കി. ലൈറ്റുകൾ സ്ഥാപിക്കൽ, പെയിന്റിംഗ്, ജംഗ്ഷൻ വികസനത്തിന്റെ ഭാഗമായുള്ള ടാറിംഗ്, മീഡിയൻ നിർമ്മാണം എന്നിവയാണ് ഡിസംബർ അവസാനത്തിൽ പൂർത്തിയാക്കിയത്. എലിവേറ്റഡ് രീതിയിൽ നിർമ്മിച്ചിട്ടുള്ളതിനാൽ പാലത്തിന്റെയും റെയിൽവെ ഓവർബ്രിഡ്ജുകളുടെയും ഭാരശേഷി പരിശോധനയും പൂർത്തിയാക്കി. പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ നാലോഅഞ്ചോ തവണയാണ് തുറക്കാത്ത ബൈപാസ് വഴി അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിച്ച് സായൂജ്യമടഞ്ഞത്. കാര്യങ്ങൾ എല്ലാം ഒ.കെ ആണെന്ന് അദ്ദേഹവും സമ്മതിച്ചു.
ബൈപാസ് വന്ന വഴി
1980 റവന്യു വകുപ്പ് ബൈപാസിന് സ്ഥലം ഏറ്റെടുത്തു.
1990 കേന്ദ്ര ഉപരിതലഗതാഗത മന്ത്റിയായിരുന്ന കെ.പി. ഉണ്ണിക്കൃഷ്ണൻ തറക്കല്ലിട്ടു.
2008 ദേശീയപാത അതോറിട്ടിയുടെ പദ്ധതിയിൽ ബൈപാസിനെയും ഉൾപ്പെടുത്തി.
2010 ആലപ്പുഴ ബൈപാസിനെ പ്രത്യേക പദ്ധതിയായി കേന്ദ്രം പ്രഖ്യാപിച്ചു.
2015 ബൈപാസ് നിർമ്മാണം കേന്ദ്രമന്ത്റി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തു
2017 ഫണ്ട് ലഭിക്കാതെ പണി തടസപ്പെട്ടതോടെ ജനകീയ പ്രക്ഷോഭം.
2018 മേൽപ്പാലം നിർമ്മാണത്തിനുള്ള അനുമതി റെയിവേ നിഷേധിച്ചു.
2020 ഗർഡറുകൾ സ്ഥാപിക്കാൻ റെയിവെയുടെ അനുമതി.
ആകെ നീളം 6.8 കിലോമീറ്റർ
കളർകോട് ജംഗ്ഷൻ മുതൽ കൊമ്മാടി വരെ 6.8 കിലോ മീറ്റർ നീളത്തിലാണ് ബൈപാസ്. വിശാലമായ ആലപ്പുഴ ബീച്ചിന് സമാന്തരമായി നയന മനോഹരമായ ദൃശ്യഭംഗി നുകർന്ന് സഞ്ചരിക്കാമെന്നത് ബൈപാസ് യാത്രികരുടെ ഭാഗ്യം. ഇതിൽ 3.4 കിലോമീറ്റർ ഫ്ളൈ ഓവറായാണ് പോകുന്നത്. 349 കോടിയാണ് നിർമ്മാണ ചെലവ്. കേന്ദ്രം പകുതി, സംസ്ഥാനം പകുതി എന്ന വ്യവസ്ഥയിലാണ് നിർമ്മാണം. കുതിരപ്പന്തിയിലും മാളികമുക്കിലുമായി രണ്ട് റെയിൽവെ ഓവർബ്രിഡ്‌ജുകളുണ്ട്. പദ്ധതി പൂർത്തീകരണത്തിന് ഏറ്റവും വലിയ വിനയായത് രണ്ട് റെയിൽവേ ഓവർബ്രിഡ്‌ജുകളുടെ അനുമതിയാണ് .കേന്ദ്രവും സംസ്ഥാനവും ഒത്തുപിടിച്ചെങ്കിലും തടസങ്ങൾ മാറാതെ നിന്നു. എന്തെല്ലാം പറഞ്ഞാലും പിണറായി സർക്കാരിന്റെയും മന്ത്രി ജി.സുധാകരന്റെയും ആർജ്ജവം ഈ ഘട്ടത്തിലാണ് വ്യക്തമായത്. കേന്ദ്ര സർക്കാരിനെ കാര്യങ്ങൾ യഥാസമയം ബോദ്ധ്യപ്പെടുത്തി തടസങ്ങൾ മാറ്റാൻ വലിയ ശ്രമം തന്നെ വേണ്ടിവന്നു. ഏതായാലും പുതുവത്സര സമ്മാനമായി ആലപ്പുഴക്കാർക്ക് ബൈപാസ് സമ്മാനിക്കാനായതിൽ സംസ്ഥാന സർക്കാരിന് അഭിമാനിക്കാം.
ആലപ്പുഴയുടെ ആകർഷണങ്ങളായ ബീച്ച്, പഴയ കടൽപ്പാലത്തിന്റെ അവശിഷ്ടങ്ങൾ, ലൈറ്റ് ഹൗസ് തുടങ്ങിയവ ഇതുവഴി യാത്ര ചെയ്യുമ്പോൾ കാണാമെന്നത് മറ്റൊരു സൗകര്യം.
ഇതുകൂടി കേൾക്കണേ
കാര്യമൊക്കെ ശരി, സായാഹ്നങ്ങളിൽ ബൈപാസിന് മുകളിൽ നിന്ന് പടിഞ്ഞാറോട്ടു നോക്കിയാൽ അസ്തമയ സൂര്യന്റെ സർവപ്രഭയും ദൃശ്യമാവും. വാഹനമോടിക്കുന്നവരുടെ ശ്രദ്ധ ഏതു നിമിഷവും അവിടേക്ക് തിരിയാം. ഇതുകൂടി അധികൃതർ തിരിച്ചറിയണമെന്ന് മാത്രം.