photo

താറാവുകൾ ചത്തൊടുങ്ങുന്നത് അപ്രതീക്ഷിത പ്രതിസന്ധി

ആലപ്പുഴ: അപ്രതീക്ഷിതമായി വ്യാപിച്ച പക്ഷിപ്പനി മൂലം താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നത് ജില്ലയിലെ താറാവ് കർഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി. ജില്ലയിൽ 250ൽ അധികം താറാവ് കർഷകരുണ്ട്. നിയന്ത്രണങ്ങൾ മുട്ട വ്യാപാരികൾക്കും ഭീഷണിയായി.

സ്വകാര്യ ധനകാര്യ സ്ഥാപനങ്ങൾ, സഹകരണ ബാങ്കുകൾ തുടങ്ങിയവയുടെ വായ്പത്തണലിലാണ് ഒട്ടുമിക്ക താറാവു കർഷകരും മുന്നോട്ടു നീങ്ങിയിരുന്നത്. പ്രതീക്ഷയോടെ വളർത്തിയ താറാവുകൾ കൂട്ടത്തോടെ ചത്തതിനാൽ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് കർഷകർ. ഇൻഷ്വറൻസ് ഉണ്ടെങ്കിലും മതിയായ നഷ്ടപരിഹാരം ലഭിക്കില്ല. ജില്ലയിൽ അഞ്ച് സ്വകാര്യ ഹാച്ചറികളാണ് പ്രവർത്തിക്കുന്നത്. ഇവിടെ ഉത്പാദിപ്പിക്കുന്ന താറാവുകളെയാണ് കുട്ടനാട്, അപ്പർകുട്ടനാട് മേഖലയിലെ താറാവ് കർഷകർ വാങ്ങുന്നത്.

ഒരു ദിവസം പ്രായമായ താറാവിന് ഹാച്ചറികളിൽ 23 രൂപയാവും. 35 ദിവസം പ്രായമായവയാണ്ചത്തത്. തീറ്റയും പ്രതിരോധ വാക്സിനും ഉൾപ്പെടെ ഒരു താറാവിന് 110 രൂപയോളം ചെലവായിട്ടുണ്ട്. മൂന്നരമാസമാവുമ്പോൾ ആൺ, പെൺ തിരിഞ്ഞ ശേഷം മുട്ടത്താറാവിനെ വളർത്താൻ നിറുത്തും. പൂവൻ താറാവുകളെ ഇറച്ചി ആവശ്യത്തിനായി ഒന്നിന് 240- 260 രൂപ നിരക്കിൽ ഇറച്ചി വ്യാപാരികൾക്ക് വിൽക്കും. ചില കർഷകർ ഒന്നരമാസം ആകുമ്പോൾ തമിഴ്നാട്ടിലെ ഫാമുകളിലേക്ക് ഏജന്റുമാർ വഴി ഒന്നിന് 200 രൂപ നിരക്കിൽ കൂട്ടത്തോടെ വിൽക്കാറുണ്ട്.

സംസ്ഥാനത്ത് കിലോയ്ക്ക് 45 രൂപയ്ക്ക് ലഭിക്കുന്ന തീറ്റയ്ക്ക് തമിഴ്നാട്ടിൽ 15 രൂപ മാത്രം. പാടശേഖരത്തിലെ വെള്ളം വറ്റിക്കുമ്പോൾ മോട്ടോർ തറയിൽ കെട്ടുന്ന വലയിൽ കുടുങ്ങുന്ന ചെറുമത്സ്യങ്ങളെ ഉണക്കി തീറ്റയായി ഉപയോഗിച്ചിരുന്നു. ഉണക്കമീൻ ലഭിക്കാത്തതിനാൽ കൂടിയ വിലയ്ക്കാണ് തീറ്റ വാങ്ങുന്നത്.

മുട്ടകളും പൊട്ടുന്നു!

തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് പ്രതിദിനം 150 ലോഡ് മുട്ട എത്തുന്നുണ്ട്. ഒരു ലോഡിൽ രണ്ട് ലക്ഷത്തോളം മുട്ടയുണ്ടാവും. അന്യ സംസ്ഥാനത്തു നിന്നെത്തുന്ന ഒരുലക്ഷം കിലോ കോഴിയിറച്ചി കേരളത്തിൽ വിൽക്കുന്നുണ്ട്. 100ൽ അധികം വൻകിട മുട്ടവ്യാപാരികളും 250ൽ അധികം അംഗീകൃത ഇറച്ചക്കോഴി വില്പന കേന്ദ്രങ്ങളും ജില്ലയിലുണ്ട്.

നഷ്ടപരിഹാരം പുതുക്കണം

2014ൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തപ്പോൾ താറാവ് കർഷക സംഘടനകളുടെയും ഉദ്യോഗസ്ഥരുടെയും യോഗത്തിൽ, 60 ദിവസം പ്രായമായ താറാവിന് 100 രൂപയും അതിന് മുകളിലുള്ളവയ്ക്ക് 200 രൂപയുമാണ് നഷ്ടപരിഹാരം തീരുമാനിച്ചത്. ഒരു ദിവസം പ്രായമായ താറാവിന്റെ വില 18ൽ നിന്ന് 23 ആയി. തീറ്റയ്ക്കും വാക്സിനും വില കൂടി. നഷ്ടപരിഹാര തുക യഥാക്രമം 125ഉം 250ഉം രൂപയാക്കണമെന്നാണ് ആവശ്യം.

.................................

പക്ഷിപ്പനിപോലെ മാരകമായ പ്ളാസ്റ്റർലാ, ഹൃദയാഘാതം എന്നിവ മൂലവും താറാവ് ചത്തോടുങ്ങാറുണ്ട്. ഇതിനും നഷ്ടപരിഹാരം നൽകണം. കൊന്നൊടുക്കുന്ന താറാവുകൾക്ക് നൽകുന്ന നഷ്ടപരിഹാരം രോഗം മൂലം ചത്ത താറാവുകൾക്കും ലഭിച്ചാൽ മാത്രമേ കർഷകർക്ക് ആശ്വാസമാകൂ

അഡ്വ. ബി.രാജശേഖരൻ, സംസ്ഥാന പ്രസിഡന്റ്, ഐക്യതാറാവ് കർഷക സംഘം