ആലപ്പുഴ: തെരുവ് നായ ശല്യത്തിന് പരിഹാരം കാണുന്നതിനായി എ.ബി.സി. ആനിമൽ ബെർത്ത് കൺട്രോൾ (നായകളെ വന്ധ്യംകരിക്കുന്ന പദ്ധതി ) കൂടുതൽ ഊർജ്ജിതമാക്കി നടപ്പാക്കാൻ ജില്ല കളക്ടർ എ. അലക്‌സാണ്ടർ നിർദ്ദേശം നൽകി.
വന്ധ്യംകരണ കേന്ദ്രങ്ങളിൽ സ്റ്റെറിലൈസേഷൻ സംവിധാനം വിപുലീകരിക്കും. ഇതിനാവശ്യമായ അധിക ഉപകരണങ്ങൾ വാങ്ങാൻ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. തെരുവ് നായ നിയന്ത്റണത്തിനായി വാർഡ് തലത്തിൽ മോണിറ്ററിംഗ് സമിതി പുനഃസംഘടിപ്പിക്കണം. പഞ്ചായത്ത് ഉപഡയറക്ടർ ഇത് ഉറപ്പാക്കണം. എ.ബി.സി പദ്ധതി നടപ്പാക്കുന്നതിനായി ആവശ്യമെങ്കിൽ മറ്റ് ഏജൻസികളേയും ചുമതലപ്പെടുത്താം. ആലപ്പുഴ ബീച്ചിന് സമീപത്ത് ജില്ല പഞ്ചായത്ത് നിർമ്മിക്കുന്ന വന്ധ്യംകരണ കേന്ദ്രത്തിന്റെ പണി വേഗത്തിലാക്കാനും കളക്ടർ നിർദ്ദേശം നൽകി.