ആലപ്പുഴ: സിനിമ തിയേറ്ററുകൾ തുറക്കുമ്പോൾ കർശന പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അതിതീവ്ര രോഗവ്യാപനത്തിന് സാദ്ധ്യതയുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. സിനിമ തിയേറ്ററുകളിൽ രാവിലെ ഒമ്പതിനും രാത്രി ഒമ്പതിനും ഇടയിൽ മാത്രം പ്രദർശനം നടത്തുക, മൾട്ടിപ്ലെക്സുകളിൽ പ്രദർശന സമയങ്ങൾ വ്യത്യസ്തമായി ക്രമീകരിക്കുക, സീറ്റുകളിൽ പകുതിപ്പേരെ അകലമുറപ്പാക്കി ഇരുത്തുക, കാണികളുടെയും തിയേറ്റർ ജീവനക്കാരുടെയും ശാരീരിക ലക്ഷണങ്ങൾ പരിശോധിക്കുക തുടങ്ങിയവയാണ് പ്രധാന നിർദ്ദേശങ്ങൾ.
# മറ്ര് നിർദ്ദേശങ്ങൾ
മാസ്ക് ശരിയായി ധരിക്കണം
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്ക് താഴ്ത്തരുത്
പ്രദർശനം തുടങ്ങുന്നതിനു മുൻപും ശേഷവും വാതിലുകൾ തുറന്നിടുക
പരമാവധി പുറത്തെ വായു കൈമാറ്റം സാദ്ധ്യമാകുന്ന തരത്തിൽ എ.സി പ്രവർത്തിപ്പിക്കുക
ടിക്കറ്റ് കൗണ്ടർ, ലഘുഭക്ഷണശാല എന്നിവിടങ്ങളിൽ 6 മീറ്റർ അകലമുറപ്പാക്കുക
ഒരു സീറ്റ് അകലം പാലിക്കണം
ഭക്ഷണ പാനീയങ്ങൾ തിയേറ്ററിൽ അനുവദിക്കരുത്
ഇടവേളകളിൽ ലഘുഭക്ഷണത്തിന് അനുവദിക്കുക
# ശുചിത്വത്തിന് മുൻഗണന
സീറ്റുകൾ, കൈപ്പിടികൾ, വാതിൽപ്പിടികൾ, കൈവരികൾ തുടങ്ങിയവ അണുവിമുക്തമാക്കണം. ശൗചാലയങ്ങളിൽ വായു സഞ്ചാരമുണ്ടായിരിക്കണം. തിരക്കു പാടില്ല. സോപ്പും വെള്ളവും ഉണ്ടായിരിക്കണം. ടാപ്പ്, വാതിൽപ്പിടി, വാഷ്‌ബേസിൻ തുടങ്ങിയവ അണുവിമുക്തമാക്കണം. ഓൺലൈൻ ബുക്കിംഗ് പ്രോത്സാഹിപ്പിക്കണം. 60 വയസിൽ കൂടുതലും ഗുരുതര രോഗങ്ങളുള്ളതുമായി ജീവനക്കാരെ ബുദ്ധിമുട്ട് കുറഞ്ഞ സ്ഥലത്ത് ജോലിക്ക് നിയോഗിക്കണം.