ഇന്നലെ കൊന്നത് 20,330 താറാവ്, കോഴി
ആലപ്പുഴ: പക്ഷിപ്പനിയെത്തുടർന്ന് ജില്ലയിൽ പള്ളിപ്പാട്, കരുവാറ്റ, തകഴി, നെടുമുടി പഞ്ചായത്തുകളിലായി ഇന്നലെ 20,330 താറാവ്, കോഴി എന്നിവയെ കൊന്നു ദഹിപ്പിച്ചു. 9 ദ്രുത പ്രതികരണ സംഘങ്ങളാണ് നേതൃത്വം നൽകിയത്.
താറാവുകൾ ചത്തത് എച്ച്-5 എൻ-8 വിഭാഗത്തിൽപ്പെട്ട വൈറസ് മൂലമായതിനാൽ മനുഷ്യരിലേക്ക് രോഗ വ്യാപന സാദ്ധ്യത ഉണ്ടെന്ന സാഹചര്യം മൂലം മുൻകരുതൽ ആരംഭിച്ചു. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെയാണ് കൊന്നത്. പ്രത്യേക മാർഗ്ഗ നിർദ്ദേശ പ്രകാരം വിറക്, ഡീസൽ, പഞ്ചസാര എന്നിവ ഉപയോഗിച്ചാണ് കത്തിച്ചത്. പള്ളിപ്പാട് മൂന്നാം വാർഡ്, കരുവാറ്റ ഒന്നാം വാർഡ്, തകഴി പതിനൊന്നാം വാർഡ്, നെടുമുടി പന്ത്രണ്ടാം വാർഡ് എന്നിവിടങ്ങളിലായിരുന്നു 'കൂട്ടക്കൊല'. ഒൻപത് ടീമുകളാണ് പ്രവർത്തിച്ചത്. പള്ളിപ്പാട് രണ്ട്, കരുവാറ്റ മൂന്ന്, തകഴി, നെടുമുടി രണ്ട് വീതം ടീമുകൾ ഉണ്ടായിരുന്നു. പി.പി.ഇ കിറ്റ് ധരിച്ച് ഒരു വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശ പ്രകാരമാണ് കേന്ദ്ര മാനദണ്ഡ പ്രകാരം കത്തിക്കൽ നടപടികൾ പൂർത്തീകരിച്ചത്. ഒരു ടീമിൽ പത്ത് അംഗങ്ങളുണ്ട്.
ബോധവത്കരണം
പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഭവന സന്ദർശനവും ബോധവത്കരണവും നടത്തി. നെടുമുടി, തകഴി, പള്ളിപ്പാട്, കരുവാറ്റ പഞ്ചായത്തുകളിലായി 657 വീടുകൾ സന്ദർശിച്ച് പനി നിരീക്ഷണം നടത്തി. 468 ചെറിയ ഗ്രൂപ്പുകൾക്ക് ബോധവത്കരണ സന്ദേശം നല്കി. 66 കർഷകരെ സ്‌ക്രീനിംഗിന് വിധേയമാക്കി.
കൊന്ന താറാവുകളും കോഴികളും
നെടുമുടി- 7088
തകഴി- 6236
കരുവാറ്റ- 4200
പള്ളിപ്പാട്- 2806