ആലപ്പുഴ/തുറവൂർ: ജില്ലയിൽ തിങ്കളാഴ്ച രാത്രി നടന്ന വ്യത്യസ്ത സംഭവങ്ങളിൽ മൂന്ന് പൊലീസുകാർക്ക് വെട്ടും കുത്തുമേറ്റു. ആലപ്പുഴ സൗത്ത് സ്റ്റേഷിനിലെ സി.പി.ഒ ചേർത്തല സ്വദേശി സജീഷ് സദാനന്ദൻ (32), കുത്തിയതോട് ജനമൈത്രി പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർമാരായ പട്ടണക്കാട് സ്വദേശി വിജേഷ്, വിനോയ് (37) എന്നിവർക്കാണ് പരിക്കേറ്റത്. നെഞ്ചിൽ കുത്തേറ്റ വിജേഷിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിജേഷിനെ കുത്തുന്നതു തടയാൻ ശ്രമിച്ചപ്പോഴാണ് വിനോയിയുടെ വലതു കൈപ്പത്തിക്കു കുത്തേറ്റത്. ഇദ്ദേഹത്തെ തുറവൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ആലപ്പുഴ മെഡി. ആശുപത്രിയിലേക്കു മാറ്റി. കൈപ്പത്തിക്ക് വെട്ടേറ്റ സജീഷ് ആലപ്പുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുകൈകളിലുമായി 24 തുന്നലുകളുണ്ട്. മൂന്നുപേർ പിടിയിലായി.
എഴുപുന്ന കൊടിയനാട് ക്ലീറ്റസിന്റെ മക്കളായ ഗോഡ്സണും ഗോഡ്വിനും തമ്മിലുള്ള വഴക്ക് സംഘട്ടനത്തിലെത്തിയതോടെ അയൽവാസികൾ വിളിച്ചറിയിച്ചതിനെ തുടർന്നാണ് കുത്തിയതോട് സ്റ്റേഷനിൽ നിന്നു വിജീഷും വിനോയിയും ബൈക്കിൽ സംഭവസ്ഥലത്തെത്തിയത്. എഴുപുന്ന കരുമാഞ്ചേരി എസ്.എൻ.ഡി.പി യോഗം ശാഖാ ഓഫീസിന് പടിഞ്ഞാറ് വശം കൊടിയനാട് വീട്ടിൽ തിങ്കളാഴ്ച രാത്രി പത്തിനായിരുന്നു സംഭവം. കഞ്ചാവ് ലഹരിയിലായിരുന്ന ഗോഡ്വിനും ഗോഡ്സണും വൈകിട്ട് ആരംഭിച്ച വഴക്ക് ഒടുവിൽ സംഘർഷത്തിലെത്തി. ഇരുവരെയും പൊലീസുകാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതിനിടെയാണ് ഗോഡ്വിൻ കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് വിജേഷിനെ കുത്തിയത്. തടയാൻ ശ്രമിച്ചപ്പോൾ വിനോയിയുടെ വലതു കൈപ്പത്തിക്കു കുത്തേറ്റു. ഇവർ വിവരം അറിയിച്ചതിനെത്തുടർന്ന് സ്റ്റേഷനിൽ നിന്ന് കൂടുതൽ പൊലീസുകാർ സ്ഥലത്തെത്തി. ഗോഡ്വിനെ സംഭവ സ്ഥലത്തു നിന്നും, ഓടി രക്ഷപ്പെട്ട ഗോഡ്സണെ പിന്നീട് നടത്തിയ തിരച്ചിലിലുമാണ് പൊലീസ് പിടികൂടിയത്. ഗോഡ്വിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് ആലപ്പുഴ മെഡി. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന വിജേഷ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് പ്രതികൾക്കെതിരെ കേസ് എടുത്തിട്ടുള്ളത്.
നഗരത്തിൽ വലിയ ചുടുകാടിന് സമീപം കൃഷ്ണനിവാസിൽ ജീവൻകുമാറിന്റെ വീട്ടിൽ നടന്ന അക്രമത്തിലാണ് സജീഷിന് പരിക്കേറ്റത്. ലിനോജ്, കപിൽ ഷാജി എന്നിവർ മാരകായുധങ്ങളുമായി രാത്രി അതിക്രമിച്ച് കയറിയതിനെ തുടർന്നാണ് സൗത്ത് സ്റ്റേഷനിൽ നിന്നുള്ള പൊലീസുകാർ സംഭവസ്ഥലത്തെത്തിയത്. ജീവൻകുമാറിന്റെ ഇളയമകനെ അന്വേഷിച്ചെത്തിയ അക്രമിസംഘം ആയുധം വീശിയപ്പോൾ ജീവൻകുമാറിനും മൂത്തമകനും പരിക്കേറ്റു. വിവരമറിഞ്ഞ് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽനിന്നും കൺട്രോൾ റൂമിൽനിന്നും പൊലീസുകാർ സ്ഥലത്തെത്തിയെങ്കിലും പ്രതികളെ കിട്ടിയില്ല. കനത്തമഴയും വൈദ്യുതി നിലച്ചതും തിരച്ചിലിനെ ബാധിച്ചു. മഴമാറിയ ശേഷം വീണ്ടും തിരച്ചിൽ നടത്തിയപ്പോൾ പ്രതികളിലൊരാളായ ലിനോജിനെ കണ്ടെത്തി. പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ കൈയിലിരുന്ന വാളുകൊണ്ട് സജീഷിനെ വെട്ടിയത്. ലിനോജിനെ സൗത്ത് സി.ഐയുടെ നേതൃത്വത്തിൽ കീഴടക്കി. പൊലീസിനെ വെട്ടിയ കേസിലും വീട്ടിൽ അതിക്രമിച്ച് കയറിയ കേസിലും കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കപിൽ ഷാജിക്ക് വേണ്ടി അന്വേഷണം ഊർജ്ജിതമാക്കി.