കായംകുളം: ജല അതോറിട്ടിയുടെ ശുദ്ധജല വിതരണ കുഴലിൽ വൃക്ഷങ്ങളുടെ വേരുകൾ ഇറങ്ങി ജല വിതരണം തടസപ്പെട്ടത് രണ്ടുമാസം. പൈപ്പ് വെള്ളം മാത്രം ആശ്രയമായ തീരപ്രദേശത്തെ പന്ത്രണ്ടോളം കുടുംബങ്ങൾ ഇതുമൂലം ദുരിതത്തിലായിരുന്നു. വിശദമായ പരിശോധനയിലാണ് പൈപ്പ് ലൈനിനകത്തേയ്ക്ക് വൃക്ഷങ്ങളുടെ വേരുകൾ കയറി ജല വിതരണം തടസപ്പെട്ടതായി കണ്ടെത്തുകയും പൈപ്പ് മുറിച്ചുമാറ്റി പ്രശ്നത്തിന് പരിഹാരം കണ്ടതും.
കായംകുളത്തിന് പടിഞ്ഞാറ് നഗരസഭ 40-ാം വാർഡിൽ ചീപ്പിൻ കര പ്രദേശത്താണ് ശുദ്ധജല വിതരണം തടസപ്പെട്ടിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയും ഇന്നലെയുമായി ആറോളം കരാർ ജീവനക്കാർ ഏറെപണിപ്പെട്ടാണ് ലൈനിലെ ബ്ളോക്ക് കണ്ടെത്തിയത്. ചിറക്കുളങ്ങര - കൊട്ടക്കാട്ട് - ചീപ്പിൻ കര റോഡിൽ പലയിടത്തും ബ്ളോക്ക് കണ്ടെത്താൻ കുഴിച്ച് പൈപ്പ് ലൈൻ മുറിച്ച് നോക്കേണ്ടി വന്നു. അവസാനം കൊട്ടക്കാട്ട് ക്ഷേത്രത്തിനു സമീപം പൈപ്പ് ലൈനിൽ വേരുകൾ ഇറങ്ങിയത് കണ്ടെത്തി.
ഇവിടെ ജലവിതരണം തടസപ്പെട്ടിരുന്നു. ബ്ലോക്ക് നീക്കിയതോടെ ഈ പ്രദേശത്ത് വെള്ളം കിട്ടാൻ തുടങ്ങിയതായി വാർഡ് കൗൺസിലർ സുമി അജീർ പറഞ്ഞു.