ആലപ്പുഴ: ചേപ്പാട് എൻ.ടി .പി. സി കേന്ദ്രീയ വിദ്യാലയം അടച്ചുപൂട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരേ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് എ.ഐ .വൈ. എഫ് ജില്ലാ കമ്മിറ്റി അറിയിച്ചു. ജില്ലയിലെ ഏക കേന്ദ്രീയ വിദ്യാലയം നിറുത്തലാക്കാനുള്ള തീരുമാനം എടുക്കുന്നതിലൂടെ നാടിനെയും വിദ്യാർത്ഥികളെയും കേന്ദ്രസർക്കാർ ദ്രോഹിക്കുകയാണ്. 700 ന് മുകളിൽ വിദ്യാർത്ഥികൾ പഠനം നടത്തുന്ന സ്ഥാപനമാണിത്. ഇത് അടച്ചുപൂട്ടുന്നതിലൂടെ വിദ്യാർത്ഥികളുടെ ഭാവി അപകടത്തിലാക്കുന്ന അവസ്ഥ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടായിരിക്കുന്ന ആശങ്കകൾ പരിഹരിച്ച് സ്ഥാപനം നിലനിറുത്തണമെന്നും അല്ലെങ്കിൽ വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികൾക്ക് എ.ഐ.വൈ എഫ് നേതൃത്വം നൽകുമെന്നും ജില്ലാ പ്രസിഡന്റ് സി. എ. അരുൺകുമാറും സെക്രട്ടറി ടി. ടി .ജിസ്മോനും അറിയിച്ചു.