photo
നവീകരണം പൂർത്തീകരിച്ച ആലപ്പുഴ രാജാ കേശവദാസ് നീന്തൽക്കുളം

ആലപ്പുഴ: നഗരത്തിലെ രാജാ കേശവദാസ് നീന്തൽക്കുളം 20ന് ശേഷം നാടിന് സമർപ്പിക്കും. നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് നീന്തൽക്കുളം തുറക്കുന്നത്.

രാജാകേശവദാസിന്റെ പേരിൽ നിർമ്മാണം പൂർത്തീകരിച്ച നീന്തൽക്കുളം മുൻ മുഖ്യമന്ത്രി ഇ.കെ.നായനാർ 1997ലാണ് നാടിന് സമർപ്പിച്ചത്. ഇവിടെ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നീന്തൽ പരിശീലനം ആരംഭിച്ചെങ്കിലും തുടർ നടത്തിപ്പ് സ്വകാര്യ വ്യക്തിക്ക് നൽകി. ഇയാൾ വീഴ്ച വരുത്തിയതോടെയാണ് കുളം നശിച്ചത്. പത്തു വർഷമായി പ്രവർത്തന രഹിതമായി കിടക്കുകയായിരുന്ന കുളം പുനരുദ്ധരിക്കാൻ മൂന്ന് വർഷം മുമ്പാണ് 2.6 കോടി അനുവദിച്ചത്. 50 മീറ്റർ നീളത്തിലും 25 മീറ്റർ വീതിയിലും എട്ട് ട്രാക്കുകളുടെ നിർമ്മാണമാണ് ഇപ്പോൾ പൂർത്തീകരിച്ചത്.