മുതുകുളം: ഇടിമിന്നലിൽ വീടിന് നാശനഷ്ടം. കഴിഞ്ഞദിവസം രാത്രി ഏഴരയോടെ ആറാട്ടുപുഴ കിഴക്കേക്കര വെട്ടത്തുകടവ് വീട്ടിൽ കൊച്ചുകുട്ടന്റെ വീട്ടിലാണ് നാശമുണ്ടായത്. ഇടിയേറ്റ് ഹാളിനോട് ചേർന്നുളള പൂജാമുറിയുടെ ഭിത്തി തകർന്നു. വൈദ്യുതി മീറ്ററും മെയിൻ സ്വിച്ചുമെല്ലാം കത്തി. ഫ്യൂസുകൾ പൊട്ടിത്തെറിച്ചു. സ്വിച്ച് ബോർഡുകൾക്കും വയറിങ്ങിനുമെല്ലാം നാശമുണ്ടായി.ഫാനുകളും ഉപയോഗ ശൂന്യമായി. പൂമുഖത്ത് ഇരിക്കുകയായിരുന്ന കൊച്ചുകുട്ടന്റെ ദേഹത്തേക്ക് ഫാനിന്റെ ഭാഗങ്ങൾ ഇളകി വീണെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.