തുറവൂർ: യുവാവിനെ മഴുവിന് വെട്ടി പരിക്കേൽപ്പിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി ഹൃദയാഘാതം മൂലം മരിച്ചു. പട്ടണക്കാട് പഞ്ചായത്ത് ഏഴാം വാർഡ് പഴുക്കാച്ചിറയിൽ പുഷ്കരൻ (65) ആണ് മരിച്ചത്. അയൽവാസിയും സി.ഐ.ടി.യു പുതിയകാവ് യൂണിറ്റ് കൺവീനറുമായ പുതിയ നികർത്തിൽ മനോജിനെയാണ് (സന്തോഷ് -35) പുഷ്കരൻ വാക്കുതർക്കത്തിനിടെ മഴു കൊണ്ടു വെട്ടിയത്. ഡിസംബർ 27ന് ആയിരുന്നു സംഭവം. സംഭവത്തെ ത്തുടർന്ന് ഒളിവിൽ പോയ പുഷ്കരൻ വയനാട്ടിൽ വച്ച് ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നുവെന്ന് പട്ടണക്കാട് പൊലീസ് പറഞ്ഞു. മൃതദേഹം ഇന്നലെ രാത്രി വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: കോമളം. മക്കൾ: പ്രശാന്ത് (സിംഗപ്പൂർ), പ്രശാന്തിനി. മരുമകൻ: ഷുക്കുമോൻ.