photo

ഡ്രിപ്പ് മരുന്നുകളിൽ സംസ്ഥാനം സ്വയംപര്യാപ്തയിലേക്ക്

ആലപ്പുഴ: പൊതുമേഖല സ്ഥാപനമായ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിൽ (കെ.എസ്.ഡി.പി) വൻതോതിൽ ഡ്രിപ്പ് ഇൻജക്ഷൻ മരുന്നുകൾ ഉത്പാദിക്കാൻ സജ്ജമാക്കിയ മെഷീൻ ഫെബ്രുവരിയിൽ കമ്മിഷൻ ചെയ്തേക്കും. പുതിയ പ്ളാന്റിൽ ഉത്പാദനം ആരംഭിക്കുന്നതോടെ ഡ്രിപ്പ് മരുന്നുകളിൽ സംസ്ഥാനം സ്വയംപര്യാപ്തമാവും.

മെഷീനും അനുബന്ധ സൗകര്യങ്ങൾക്കുമായി 50 കോടിയാണ് ചിലവായത്. എല്ലാ ആശുപത്രികൾക്കും ഫ്‌ളൂയിഡ് വേണ്ടതിനാൽ ഡിമാൻഡും കുറയില്ല. മെഷീൻ ജർമ്മനിയിലെ റൊമലാഗ് എന്ന കമ്പനിയിൽ നിന്നാണ് വാങ്ങിയത്. കപ്പൽമാർഗം കൊണ്ടുവന്ന യന്ത്രം ഗുജറാത്തിലെ മുദ്ര തുറമുഖത്ത് കപ്പലിന്റെ സാങ്കേതിക തകരാറിനാൽ ഇറക്കേണ്ടിവന്നു. 12ന് കൊച്ചിയിൽ എത്തിച്ച് റോഡ് മാർഗം കലവൂരിൽ കൊണ്ടുവരും.

22 കോടി വിലയുള്ള മെഷീൻ കെ.എസ്.ഡി.പിക്ക് 12.5 കോടിക്കാണ് ലഭിച്ചത്. കസ്റ്റംസ് ഡ്യൂട്ടി, ജി.എസ്.ടി അനുബന്ധ നികുതി ഉൾപ്പെടെ വില 16 കോടിയോളമാകും. ചെയർമാൻ സി.ബി.ചന്ദ്രബാബുവും എം.ഡി ശ്യാമളയും ജർമ്മൻ കമ്പനി എം.ഡിയുമായി നടത്തിയ വിലപേശലിനെ തുടർന്നാണ് വിലയിൽ വൻകുറവ് ലഭിച്ചത്. പുതിയ കുത്തിവയ്പ് മരുന്നുകൾക്കുള്ള പ്ലാന്റ് സ്ഥാപിക്കാൻ നിലവിലുള്ള ഫോർമുലേഷൻ പ്ലാന്റിന്റെ നവീകരണ ജോലികൾ 31ന് മുമ്പ് പൂർത്തിയാകും.

മണിക്കൂറിൽ 3000 ബോട്ടിൽ

മണിക്കൂറിൽ 3000 ബോട്ടിൽ മരുന്നുകൾ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതും മരുന്നിനൊപ്പം ബോട്ടിലുകളും (പൊളിത്തീൻ കുപ്പി) നിർമ്മിച്ച് മരുന്ന് നിറച്ച് ലേബൽ പതിച്ച് പുറത്തേക്ക് വരുന്നതുമായ മെഷീനാണിത്. ഇൻജക്ഷൻ മരുന്നിന് പുറമേ ഗ്‌ളൂക്കോസും ഉത്പാദിപ്പിക്കാം. കേരളത്തിലെ മറ്റു മരുന്നു കമ്പനികൾക്ക് ഈ സംവിധാനമില്ല. സർക്കാർ ആശുപത്രികളിലേക്കു മാത്രമായി പ്രതിവർഷം കോടിക്കണക്കിന് ഡ്രിപ്പ് ബോട്ടിലുകളാണ് അന്യസംസ്ഥാനത്ത് നിന്ന് കൂടിയ വിലയ്ക്ക് വാങ്ങുന്നത്. സംസ്ഥാനത്ത് ഡ്രിപ്പ് മരുന്ന് ഉത്പാദനമില്ല. ഗ്ലൂക്കോസ്, സോഡിയം ക്ളോറൈഡ്,റിംഗർ എന്നീ ഇനങ്ങളിലെ 100, 500 എം.എൽ കുപ്പികളാണ് കെ.എസ്.ഡി.പി ഉത്പാദിപ്പിക്കാൻ ഉദ്ദേശിക്കുന്നത്. മറ്റിടങ്ങളിൽ നിന്ന് വാങ്ങുന്ന വിലയെക്കാൾ കുറച്ച് സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് നൽകാനാകും. അന്യസംസ്ഥാനങ്ങളിലേക്കുള്ള വിപണനവും ലക്ഷ്യമിട്ട് പ്ളാന്റ് 24 മണിക്കൂറും പ്രവർത്തിപ്പിക്കാനാണ് ആലോചന.

പ്രത്യേകത

ഐ.എസ്.ഒ ക്ലാസ് 5 നിബന്ധനകൾ പാലിച്ച് പൂർണമായും അണുവിമുക്ത സാങ്കേതിക വിദ്യയാണ് മെഷീനിലുള്ളത്. സുരക്ഷയും അളവിൽ കൃത്യതയും ഉറപ്പാക്കി ഓട്ടോമാറ്റിക്ക് സംവിധാനത്തിൽ പ്രവർത്തിക്കുന്ന യന്ത്രങ്ങൾ സ്വയം വൃത്തിയാവുകയും അണുവിമുക്തമാവുകയും ചെയ്യും. ലീക്ക് ഇല്ലാത്ത കുപ്പികൾ രൂപപ്പെടുത്താനുമാവും.

സർക്കാർ ആശുപത്രികൾ വാങ്ങുന്ന ബോട്ടിലുകൾ (പ്രതിവർഷം)

 ഗ്ലൂക്കോസ് (500എം.എൽ): 4.72 ലക്ഷം

 ഗ്ലൂക്കോസ് (200എം.എൽ): 7.30 ലക്ഷം

 സോഡിയം ക്ളോറൈഡ് (100എം.എൽ): 13.25 ലക്ഷം

 സോഡിയം ക്ളോറൈഡ് (500എം.എൽ): 69.44 ലക്ഷം

 റിംഗർ (പൊട്ടാസ്യം100എം.എൽ): 2.34 ലക്ഷം

(ഇതിന്റ് മൂന്നിരട്ടി ബോട്ടിലുകളാണ് സ്വകാര്യ ആശുപത്രികൾ വാങ്ങുന്നത്)

................................................

# പുതിയ പദ്ധതികൾ

കാൻസർ രോഗികൾക്കുള്ള മരുന്ന്, പ്രതിരോധ വാക്സിനുകളുടെ ഉത്പാദനം എന്നിവയ്ക്കുള്ള പദ്ധതികൾ ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിക്കായി സമർപ്പിച്ചു.

....................................

'ഡ്രിപ്പ് മരുന്ന് ഉത്പാദിപ്പിക്കുന്ന, സംസ്ഥാനത്തെ ആദ്യ സ്ഥാപനമായി കെ.എസ്.ഡി.പി മാറും. ഇപ്പോൾ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ വാങ്ങുന്ന വിലയെക്കാൾ കുറഞ്ഞ നിരക്കിൽ ഡ്രിപ്പ് മരുന്ന് കെ.എസ്.ഡി.പി നൽകും. ഇത് രോഗികൾക്ക് ആശ്വാസമാകും

സി.ബി.ചന്ദ്രബാബു, ചെയർമാൻ, കെ.എസ്.ഡി.പി