ammathottil

 സ്വകാര്യതയില്ലാത്ത സ്ഥലത്ത് സ്ഥാപിച്ചത് വിനയായി

ആലപ്പുഴ: സ്വകാര്യതയില്ലാത്ത സ്ഥലത്ത് ശിശുക്ഷേമ സമിതി സ്ഥാപിച്ച 'അമ്മത്തൊട്ടിൽ' ബാദ്ധ്യതയാവുന്നു. 10 വർഷത്തിനിടെ ലഭിച്ചത് എട്ടു കുഞ്ഞുങ്ങളെ മാത്രം. കഴിഞ്ഞ രണ്ടു വർഷത്തിനിടെ ഒരു കുട്ടിയെപ്പോലും

ഇവിടെ ഉപേക്ഷിച്ചിട്ടില്ല. അനാഥത്വം വിധിച്ച കുഞ്ഞുങ്ങൾക്ക് സംരക്ഷണത്തിലേക്ക് വാതിൽ തുറന്നു കൊടുക്കേണ്ട സ്ഥാപനം ഉപയോഗശൂന്യമായി കിടക്കുന്നത് നൊമ്പരക്കാഴ്ചയാണ്.

സംരക്ഷണം സാദ്ധ്യമാവാത്ത സാഹചര്യത്തിൽ കുഞ്ഞുങ്ങൾക്ക് ജീവഹാനി സംഭവിക്കാത്ത വിധം ഉപേക്ഷിക്കാൻ ഒരിടമെന്ന നിലയിലാണ് സംസ്ഥാന സർക്കാരിനു കീഴിലുള്ള ശിശുക്ഷേമ സമിതി അമ്മത്തൊട്ടിലുകൾ ആരംഭിച്ചത്. ആലപ്പുഴയിലെ അമ്മത്തൊട്ടിൽ സ്ഥാപിച്ചതാവട്ടെ ബീച്ചിനു സമീപം കടപ്പുറം ആശുപത്രിയോടു ചേർന്ന്. തൊട്ടടുത്ത് ഓട്ടോ സ്റ്റാൻഡ്! നിലവിൽ വഴിപോക്കരുടെ മൂത്രപ്പുരയാണ് അമ്മത്തൊട്ടിൽ.

വിനോദ സഞ്ചാരികൾ ഏറെയെത്തുന്ന ആലപ്പുഴ ബീച്ചിലേക്കുള്ള റോഡരികിലാണിത്. നിരവധി കച്ചവട കേന്ദ്രങ്ങളും അടുത്ത് പ്രവർത്തിക്കുന്നു. രഹസ്യമായി കുഞ്ഞിനെ ഉപേക്ഷിക്കാനെത്തുന്നവർ ചോദ്യം ചെയ്യൽ നേരിടേണ്ടിവരും. ഇത്തരം സംഭവങ്ങളുണ്ടായതിനെ തുടർന്ന് ആധുനിക അമ്മത്തൊട്ടിൽ ബീച്ചിനു സമീപത്തുതന്നെ ഇ.എസ്.ഐ ആശുപത്രിയോടു ചേർന്നു ശിശുവികാസ് ഭവനിൽ സ്ഥാപിക്കാൻ മറ്റൊരു പദ്ധതി തയ്യാറാക്കി. കുഞ്ഞിനെ തൊട്ടിലിൽ ഉപേക്ഷിക്കാനായി വാതിൽ തുറക്കുന്ന സമയം മുതലുള്ള വീഡിയോ ജില്ലാ, സംസ്ഥാന ശിശുക്ഷേമ സമിതി അംഗങ്ങൾക്ക് ലഭിക്കുന്നതുൾപ്പടെയുള്ള നൂതന സംവിധാനങ്ങളാണ് വിഭാവനം ചെയ്തിരുന്നത്. തൊട്ടിൽ മാറ്റി സ്ഥാപിക്കുമെന്ന പ്രഖ്യാപനം വന്ന് രണ്ട് വർഷം പിന്നിട്ടിട്ടും പദ്ധതി ഒട്ടും മുന്നോട്ട് പോയിട്ടില്ല.

 ദത്ത് കേന്ദ്രം കടലാസിൽ

കുഞ്ഞുങ്ങളെ വളർത്താൻ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ആളുകളാണ് ഓരോ വർഷവും സംസ്ഥാന ശിശുക്ഷേമ സമിതിയിൽ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നത്. ജില്ലയിൽ സ്വന്തമായി ദത്തുവളർത്തൽ കേന്ദ്രം ആരംഭിച്ചാൽ ഇവിടെ ലഭിക്കുന്ന കുഞ്ഞുങ്ങളെ ഇവിടത്തെ അപേക്ഷകർക്ക് മുൻഗണനാ ക്രമത്തിൽ നൽകാമെന്ന തരത്തിലും ഒരു പദ്ധതി വർഷങ്ങൾക്ക് മുമ്പ് ജില്ലാ ശിശുക്ഷേമ സമിതി തയ്യാറാക്കിയിരുന്നു. ഇതും കടലാസിൽ ഉറങ്ങുകയാണ്.

............................

രണ്ട് വർഷത്തിനിടെ ഒരു കുഞ്ഞിനെ പോലും അമ്മത്തൊട്ടിലിൽ ലഭിച്ചിട്ടില്ല. അതേസമയം മറ്റിടങ്ങളിൽ ഉപേക്ഷിക്കപ്പട്ട നിലയിൽ ലഭിക്കുന്നുമുണ്ട്. ആധുനിക സംവിധാനങ്ങളുള്ള അമ്മത്തൊട്ടിൽ ശിശുവികാസ് ഭവനിൽ സ്ഥാപിക്കാനുള്ള പദ്ധതി എത്രയും വേഗം നടപ്പാക്കേണ്ടതുണ്ട്. ഇതിനായി സംസ്ഥാന ശിശുക്ഷേമസമിതിയിൽ സമ്മ‌ർദ്ദം ചെലുത്തും

എ.എൻ പുരം ശിവകുമാ‌ർ, എക്സിക്യുട്ടിവ് അംഗം, ജില്ലാ ശിശുക്ഷേമ സമിതി