ആലപ്പുഴ : പ്രസിദ്ധമായ എരുമേലി പേട്ട തുള്ളലിനുള്ള അമ്പലപ്പുഴ സംഘം നാളെ അമ്പലപ്പുഴ ക്ഷേത്രത്തിൽ നിന്നും പുറപ്പെടുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കൊവിഡ് മാനദന്ധ പ്രകാരം സംഘത്തിൽ 50 പേർക്കു മാത്രമാണ് ഈ വർഷം ദേവസ്വം ബോർഡ് അനുവാദം നൽകിയിരിക്കുന്നത്. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട ഭക്തരാണ് സംഘത്തിലുള്ളത്.
രഥ യാത്ര ഒഴിവാക്കിയതിനാൽ മേൽ ശാന്തി പൂജിച്ചു നൽകുന്ന, പേട്ടതുള്ളലിന് എഴുന്നള്ളിക്കുവാനുള്ള സ്വർണ്ണത്തിടമ്പുമായി ഭക്തർ കാറുകളിലാണ് യാത്ര തിരിക്കുക. ഇന്ന് രാത്രിയിൽ ഇരുമുടിക്കെട്ട് നിറച്ച് അമ്പലപ്പുഴ ക്ഷേത്രത്തിൽ വിരിവച്ച് രാവിലെ ചുറ്റുവിളക്കുകൾ തെളിയിച്ച് പ്രത്യേക വഴിപാടുകളും നടത്തും.
ക്ഷേത്രത്തിലെ പ്രഭാത ശ്രീബലിക്കു ശേഷം കിഴക്കേ ഗോപുരനടയിൽ ക്ഷേത്രം മേൽശാന്തി കണ്ണമംഗലം കേശവൻ നമ്പൂതിരി തിടമ്പ് പൂജ ചെയ്യും' എട്ട് മണിക്ക് യാത്ര ആരംഭിക്കും.
തകഴി ധർമ്മ ശാസ്താ ക്ഷേത്രം, ആനപ്രമ്പാൽ ധർമ്മ ശാസ്താ ക്ഷേത്രം, ചക്കുളത്തുകാവ് ദേവി ക്ഷേത്രം, തിരുവല്ല വല്ലഭ സ്വാമി ക്ഷേത്രം, കവിയൂർ മഹാദേവ ക്ഷേത്രം, മല്ലപ്പള്ളി മഹാദേവ ക്ഷേത്രം, കോട്ടാങ്ങൽ ദേവീ ക്ഷേത്രം എന്നിവിടങ്ങളിലെ ദർശനത്തിനു ശേഷം സംഘം മണിമലക്കാവ് ദേവീക്ഷേതത്തിൽ എത്തും. 9ന് മണിമലക്കാവിൽ ആഴി പൂജ നടത്തിയ ശേഷം 10ന് എരുമേലിയിലെത്തും. പതിനൊന്നിനാണ് മത മൈത്രിയുടെ ഉത്സവമായ പേട്ട തുള്ളൽ. പേട്ടപ്പണം വക്കൽ ചടങ്ങിനു ശേഷം സംഘം കൊച്ചമ്പലത്തിലേക്ക് നീങ്ങി പേട്ട കെട്ടിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. ഉച്ചക്ക് കൊച്ചമ്പലത്തിനു മുകളിൽ കൃഷ്ണപ്പരുന്തിനെ ദൃശ്യമാകുന്നതോടെ പേട്ട തുള്ളൽ ആരംഭിക്കും . കൊച്ചമ്പലത്തിൽ നിന്നും ഇറങ്ങുന്ന സംഘം വാവരു പള്ളിയിൽ പ്രവേശിക്കും. പള്ളിക്ക് വലംവച്ച് വാവർ പ്രതിനിധിയെയും കൂട്ടി വലിയമ്പലത്തിലേക്ക് നീങ്ങും. ഈ വർഷം പേട്ടതുള്ളലിന് സ്വീകരണങ്ങൾ ഉണ്ടാവില്ല . വലിയമ്പലത്തിൽ എത്തി വലം വച്ച് നമസ്‌കാരം ചെയ്യുന്നതോടെ പേട്ട തുള്ളലിന് സമാപനമാകും.
വൈകിട്ട് എരുമേലി ക്ഷേതത്തിൽ ആഴി പൂജ നടത്തും. പമ്പ സദ്യ അനുവദനീയമല്ലാത്തതിനാൽ 12ന് എരുമേലിയിൽ തങ്ങി 13ന് രാവിലെ പമ്പയ്ക്ക് തിരിക്കും. മലകയറി പടിക്കൽ എത്തുന്ന സംഘം ഏഴ് മണിക്ക് പതിനെട്ടാം പടി കയറി ദർശനം നടത്തി വിരിയിലേക്ക് പോകും.
14ന് അമ്പലപ്പുഴക്കാരുടെ നെയ്യഭിഷേകവും അത്താഴപ്പൂജക്ക് എള്ള് നിവേദ്യവും നടത്തും.
15ന് മാളികപ്പുറം മണി മണ്ഡപത്തിൽ നിന്നും ശീവേലി എഴുന്നള്ളത്ത് നടക്കും.
ഡോ.പത്മകുമാർ ഉൾപ്പടെ ഉള്ളവരുടെ നിർദേശത്തെ തുടർന്ന് സമൂഹപ്പെരിയോൻ കളത്തിൽ ചന്ദ്രശേഖരൻ നായർ ഈ വർഷം ശബരിമല തീർത്ഥാടനം ഒഴിവാക്കി. തീർത്ഥാടന വേളയിൽ സഹകാർമ്മികനാകുന്ന അമ്പലപ്പുഴ കരപ്പെരിയോനും സംഘത്തിലെ മുതിർന്ന കരപ്പെരിയോനുമായ എൻ.ഗോപാലകൃഷ്ണപിള്ള ചടങ്ങുകൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും.
സമൂഹപ്പെരിയോൻ യാത്രാരംഭ ചടങ്ങുകളിൽ പങ്കെടുക്കും.സംഘം പ്രസിഡന്റ് ആർ.ഗോപകുമാർ, സെക്രട്ടറി എൻ.മാധവൻ കുട്ടി നായർ, ഖജാൻജി കെ.ചന്ദ്രകുമാർ, വൈസ് പ്രസിഡന്റ് ജി.ശ്രീകുമാർ, ജോയിന്റ് സെക്രട്ടറി വിജയ് മോഹൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.