ആലപ്പുഴ: കോഴി - താറാവ് ഇറച്ചി, മുട്ട എന്നിവയ്ക്ക് താത്ക്കാലിക നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത് കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിൽ മാത്രമാണെങ്കിലും, ഫലത്തിൽ ജില്ലയിലാകമാനം ഹോട്ടൽ വ്യവസായത്തെ നിരോധനം ബാധിച്ചു. കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ 25 ശതമാനം കച്ചവടം മാത്രമാണ് പല കടകളിലും നടന്നത്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ വീണ്ടും ഉണർവിന്റെ പാതയിലേക്ക് ഹോട്ടൽ വ്യവസായം എത്തവേയാണ് ഇടിത്തീ പോലെ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. കൊവിഡ് കാലത്ത് അറേബ്യൻ വിഭവങ്ങൾ മാത്രം വിളമ്പുന്ന നിരവധി കടകളാണ് ജില്ലയിൽ ആരംഭിച്ചത്.
ഇവിടങ്ങളിലെല്ലാം കോഴിയിറച്ചിയാണ് പ്രധാന ചേരുവ. പൊതുവേ വെജിറ്റേറിയൻ ഭക്ഷണത്തിന് ഹോട്ടലുകളിൽ ആവശ്യക്കാർ കുറവാണ്. ഏറ്റവും ഡിമാൻഡുള്ളത് കോഴി വിഭവങ്ങൾക്കാണ്. ഇവയിൽ തന്നെ ചൂടോടെ ലഭിക്കുന്ന അറേബ്യൻ ഇനങ്ങൾക്ക് ആവശ്യക്കാരേറെയാണ്. എന്നാൽ നിരോധനം പ്രഖ്യാപിച്ചതോടെ ആവശ്യക്കാരുടെ എണ്ണത്തിൽ പൊടുന്നനെ ഇടിവുണ്ടായി. നോൺ വെജ് വിഭവത്തിൽ ബീഫും മത്സ്യവും മാത്രം നൽകി ബിസിനസ് മുന്നോട്ട് കൊണ്ടുപോകാൻ പ്രയാസമാണെന്ന് കച്ചവടക്കാർ പറയുന്നു. ഇറച്ചി മാത്രം വിൽക്കുന്ന കോൾഡ് സ്റ്റോറുജുകാരുടെ അവസ്ഥയും പരിതാപകരമാണ്. സ്റ്റോക്ക് ചെയ്തു വെച്ചിരുന്ന മാംസം പോലും ചെലവാകാത്ത സ്ഥാപനങ്ങളുണ്ട്.
തട്ടുകടയ്ക്കും പണി
രാത്രി കാലത്ത് സജീവമാകുന്ന തട്ടുകടകളിലെ സ്പെഷ്യൽ ഐറ്റമാണ് ഓംലെറ്റ്. ആവശ്യക്കാരന്റെ താത്പര്യമനുസരിച്ച് സംഗതി ഡബിളോ, ട്രിപ്പിളോ ആയി വികസിക്കും. ഓംലെറ്റ് കഴിഞ്ഞാൽ ഒട്ടുമിക്ക തട്ടുകടകളിലും ,ഡിമാൻഡ് ചിക്കൻ ഫ്രൈക്കും പൊറോട്ടയ്ക്കുമാണ്. ബീഫും കപ്പയും, തട്ടു ദോശയുമെല്ലാം അതിന് പിന്നിലെ നിൽക്കൂ. എന്നാൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ തട്ടുകടകളിലും ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞു.
പരിശോധന ശക്തം
കോഴി, താറാവ് എന്നിവയുടെ ഇറച്ചിക്കും മുട്ടയ്ക്കും നിരോധനമുള്ള കുട്ടനാട് , കാർത്തികപ്പള്ളി താലൂക്കുകളുിൽ ആരോഗ്യവിഭാഗത്തിന്റെ പരിശോധന ശക്തമാണ്. നിരോധനമുള്ള വിഭവങ്ങൾ വിതരണം ചെയ്യരുതെന്ന് എല്ലാ ഭക്ഷണശാലകളിലും ഹെൽത്ത് ഇൻസ്പെക്ടർമാർ നേരിൽ കയറി കർശന നിർദേശം നൽകുന്നുണ്ട്.
നാടൻ പക്ഷികളിലാണ് പക്ഷിപ്പനി റിപ്പോർട്ട് ചെയ്തത്. കടകളിൽ വിൽക്കുന്നതും ഉപയോഗിക്കുന്നതും ബ്രോയിലർ ചിക്കനാണ്. ഇവയ്ക്ക് ഇതുവരെ രോഗം റിപ്പോർട്ട് ചെയ്തിട്ടില്ല. നിരോധനം ദീർഘനാളത്തേക്ക് നീണ്ടുപോയാൽ മേഖലയിലുള്ളവർക്ക് പിടിച്ചുനിൽക്കാനാവില്ല
- നാസർ താജ്, കേരളാ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്