ആലപ്പുഴ : കയറിക്കിടക്കാൻ ഇടമില്ലാത്ത 156 കുടുംബങ്ങൾക്കായി പറവൂരിൽ ഫ്ലാറ്റ് സമുച്ചയം ഉയരുന്നു. പുന്നപ്ര വടക്ക് പഞ്ചായത്തിലെ വാട്ടർ വർക്സിനു സമീപത്തെ 2.15 ഏക്കറിലാണ് ലൈഫ് ഭവന പദ്ധതിയിൽ ഫ്ലാറ്റ് നിർമിക്കുന്നത്. ഏഴു നിലകളിൽ 78 വീതം ഫ്ലാറ്റ് യൂണിറ്റുകളുള്ള രണ്ട് ഭവന സമുച്ചയങ്ങളാണ് നിർമ്മിക്കുക. പ്രി- ഫാബ്രിക്കേഷൻ സാങ്കേതിക വിദ്യയിൽ നിർമിക്കുന്ന സമുച്ചയത്തിന്റെ നിർമാണച്ചെലവ് 35 കോടി രൂപയാണ്. ഓരോ കുടുംബത്തിനുമുള്ള ഫ്ലാറ്റ് യൂണിറ്റുകൾക്ക് 22 ലക്ഷം രൂപയോളം ചെലവ് വരും. 5000 ചതുരശ്ര അടി വീതം വിസ്തീർണമുള്ള രണ്ട് ബ്ലോക്കുകളിലായി ആകെ 10,000 ചതുരശ്ര അടി വിസ്തീർണ്ണമുള്ള ഫ്‌ളാറ്റാണ് ഉയരുക.
രണ്ട് ഫ്ലാറ്റുകളിൽ ആദ്യത്തേതിന്റെ പൈലിംഗ് ജോലികൾ 75 ശതമാനത്തോളം പൂർത്തിയായി. പ്രീ ഫാബ്രിക്കേഷൻ നിർമ്മാണമായതിനാൽ തുടർച്ചയായി പ്രവൃത്തി നടന്നാൽ അടുത്ത ആറു മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കാനാകുമെന്ന് ലൈഫ് മിഷൻ ജില്ലാ കോർഡിനേറ്റർ പി. പി. ഉദയസിംഹൻ പറഞ്ഞു.
ചുറ്റുമതിൽ, മഴവെള്ള സംഭരണി, സൗരോർജ്ജ പ്ലാന്റ്, ഖര ദ്രവ്യ മാലിന്യ നിർമാർജന സംവിധാനങ്ങൾ, കുടിവെള്ള സംവിധാനം, അഗ്‌നിശമന സൗകര്യങ്ങൾ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും സമുച്ചയത്തിലുണ്ടാകും. കൂടാതെ അങ്കണവാടി, വൃദ്ധജന പരിപാലന കേന്ദ്രം, ഓഫീസ് സൗകര്യം, വിനോദ വിശ്രമകേന്ദ്രങ്ങൾ, വിശാലമായ പാർക്കിംഗ് സൗകര്യം എന്നിവയും ഒരുക്കും.
തൃശ്ശൂർ ഡിസ്ട്രിക്ട് ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് പ്രോജക്ട് മാനേജ്‌മെന്റ് കൺസൾട്ടൻസി. പെന്നാർ ഇൻഡസ്ട്രീസ് ലിമിറ്റഡ് ഹൈദരാബാദ് എന്ന സ്ഥാപനമാണ് നിർമ്മാണകരാർ ഏറ്റെടുത്തിട്ടുള്ളത്. ഹിന്ദുസ്ഥാൻ പ്രീഫാബ് ലിമിറ്റഡിനാണ് ഗുണനിലവാര പരിശോധനാ മേൽനോട്ടം.
ലൈഫ് മിഷൻ നേരിട്ട് നിർമ്മിക്കുന്ന 10 പൈലറ്റ് ഭവന സമുച്ചയങ്ങളിൽ ഏറ്റവും വലുത് ആലപ്പുഴ ജില്ലയിലാണ്.
ഏഴു നിലകളിൽ 78 വീതം ഫ്ലാറ്റ് യൂണിറ്റുകളുള്ള രണ്ട് ഭവന സമുച്ചയങ്ങൾ
നിർമാണച്ചെലവ് 35 കോടി രൂപ
രണ്ട് ഫ്ലാറ്റുകളിൽ ആദ്യത്തേതിന്റെ പൈലിംഗ് ജോലികൾ 75 ശതമാനത്തോളം പൂർത്തിയായി