ambala

അമ്പലപ്പുഴ: വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ ജോൺസണിനും കുടുംബത്തിനും അദ്ധ്യാപക സംഘടനയുടെ സുമനസിൽ തല ചായ്ക്കാൻ സ്ഥിരമൊരു ഇടമായി. തകഴി വിരുപ്പാലയിൽ പുത്തൻ പറമ്പിൽ വാടകയ്ക്ക് താമസിക്കുന്ന ജോൺസണിനാണ് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ വീടു നിർമ്മിച്ചു നൽകിയത്.

ഇരു വൃക്കകളും തകരാറിലായ ഇദ്ദേഹത്തിന് ഭാര്യയാണ് വൃക്ക നൽകിയത്. ഏഴ് വർഷം മുമ്പാണ് രോഗബാധിതനായത്. തുടർന്ന് നിരവധി പേരുടെ സഹായം കൊണ്ടാണ് ശസ്ത്രക്രിയ നടന്നത്. വർഷങ്ങളായി വാടക വീടുകളിൽ, വിദ്യാർത്ഥിനികളായ രണ്ട് മക്കൾക്കൊപ്പം മാറിമാറിക്കഴിയുന്ന ജോൺസണ് സ്വന്തമായി വീടു നിർമ്മിച്ചു നൽകാൻ അദ്ധ്യാപക സംഘടന രംഗത്തെത്തുകയായിരുന്നു. തകഴി വിരുപ്പാല സ്വദേശി ചാണ്ടി വേണാട്ടു ശേരി സൗജന്യമായി നൽകിയ 5 സെന്റിൽ 7 ലക്ഷം രൂപ ചെലവിലാണ് വീടു യാഥാർത്ഥ്യമാക്കിയത്. സംസ്ഥാനത്ത് പതിനേഴാമത്തെ വീടാണ് നിർമിച്ചു നൽകിയതെന്ന് ഭവന നിർമാണ കമ്മിറ്റി ചെയർമാൻ സി.പ്രദീപ് പറഞ്ഞു. ഇന്നലെ നടന്ന ചടങ്ങിൽ ഡി.സി.സി പ്രസിഡന്റ് അഡ്വ. എം.ലിജു താക്കോൽ ദാനവും കൊടിക്കുന്നിൽ സുരേഷ് എം.പി ഗൃഹപ്രവേശനവും നിർവഹിച്ചു. സി.പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.