ആലപ്പുഴ: പക്ഷിപ്പനി മൂലം ആലപ്പുഴ കോട്ടയം ജില്ലകളിൽ 69242 താറാവുകളെയും കോഴികളെയും കൊന്നതായി മന്ത്രി കെ.രാജു പറഞ്ഞു. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കളക്ടറേറ്റിൽ വിളിച്ചു ചേർത്ത അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി . കള്ളിംഗും സാനിറ്റൈസേഷനും ഇന്ന് പൂർത്തിയാക്കാൻ മന്ത്രി നിർദ്ദേശം നൽകി. ആലപ്പുഴയിൽ 6100 പക്ഷികളെ കൂടി കൊന്നൊടുക്കാനുണ്ട്. കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ആലപ്പുഴയിൽ 37,656ഉം കോട്ടയത്ത് 7729ഉം പക്ഷികളെ കൊന്നിരുന്നു. ആലപ്പുഴയിൽ രോഗം ബാധിച്ച് ചത്ത താറാവുകളുടെ കർഷകർക്ക് നഷ്ടപരിഹാരം നൽകും.
പക്ഷിപ്പനിയിൽ നഷ്ടമുണ്ടായ കർഷകർക്ക് നഷ്ടപരിഹാരം ബാങ്ക് അക്കൗണ്ടുകൾ വഴി നൽകും. ഒരു മുട്ടയ്ക്ക് അഞ്ച് രൂപയും അറുപത് ദിവസത്തിൽ താഴെ പ്രായമായ പക്ഷിക്ക് 100 രൂപയും അറുപത് ദിവസത്തിന് മുകളിൽ പ്രായമുള്ള പക്ഷിക്ക് 200 രൂപയുമാണ് നഷ്ടപരിഹാരമായി നൽകുക. ഇന്നലത്തെ മന്ത്രിസഭാ യോഗത്തിലാണ് നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച അന്തിമ തീരുമാനമെടുത്തത്. നിലവിൽ പക്ഷികളിൽ സ്ഥിരീകരിച്ച വൈറസ് മനുഷ്യരിലേക്ക് പകരില്ല. വൈറസിന് രൂപ മാറ്റ സാധ്യത ഉള്ളതിനാൽ ആരോഗ്യ പ്രവർത്തകർ പത്ത് ദിവസം സമീപ പ്രദേശങ്ങളിൽ നിരീക്ഷണം നടത്തും. പക്ഷിപ്പനി സംബന്ധിച്ച കൂടുതൽ വിവിരങ്ങൾ സ്ഥിരീകരിക്കുന്നതിനായി കേന്ദ്ര സംഘം ഇന്ന് സംസ്ഥാനത്തെത്തുമെന്നുമെന്നും മന്ത്രി കെ.രാജു പറഞ്ഞു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, കളക്ടർ എ.അലക്സാണ്ടർ, മൃഗ സംരക്ഷണ വകുപ്പ് ഡയറക്ടർ കെ.എം.ദിലീപ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.